ന്യുഡല്‍ഹി: കോണ്‍ഗ്രസിലെ സംഘടന പ്രതിസന്ധിയില്‍ കൂടുതല്‍ ആരോപണങ്ങളുമായി മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. പ്രവര്‍ത്തന സമിതിയിലേക്കും സംസ്ഥാന അധ്യക്ഷന്മാരുടെയും അടക്കമുള്ള ഉന്നത പദവികളിലെ തിരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കില്‍ അടുത്ത 50 വര്‍ഷവും പ്രതിപക്ഷത്ത് ഇരിക്കാനാവും കോണ്‍ഗ്രസിന് വിധിയെന്ന് ദേശീയ വാര്‍ത്ത ഏജന്‍സിയോട് അദ്ദേഹം പ്രതികരിച്ചു.
പദവികള്‍ നഷ്ടപ്പെടുമെന്ന് ഭയക്കുന്നവരാണ് സംഘടനാ തിരഞ്ഞെടുപ്പിനെ എതിര്‍ക്കുന്നത്. ശുപാര്‍ശയുടെ പുറത്തുള്ള ‘അപ്പോയിന്റ്മെന്റ് കാര്‍ഡുകള്‍’ വഴി നിയമനം ലഭിച്ചവരാണ് ഇവരില്‍ ഏറെയും. തിരഞ്ഞെടുപ്പ് നടന്നാല്‍ ഒന്നുമല്ലാതാകുമെന്ന ഭയക്കുന്ന സംസ്ഥാന അധ്യക്ഷന്മാരും ജില്ലാ, ബ്ലോക്ക് അധ്യക്ഷന്മാരുമാണ് തങ്ങളുടെ നിര്‍ദേശത്തെ ആക്രമിക്കുന്നത്. പാര്‍ട്ടിയില്‍ കലര്‍പ്പില്ലാതെ പ്രവര്‍ത്തനം നടത്തുന്നവര്‍ തങ്ങളുടെ നിര്‍ദേശത്തെ സ്വാഗതം ചെയ്യും. പാര്‍ട്ടിയിലെ എല്ലാ പദവികളു ജനങ്ങളുമായി അടുത്ത് ബന്ധമുള്ള തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കണമെന്നാണ് തനിക്ക് പറയാനുള്ളത്. പാര്‍ട്ടിയിലെ 51 ശതമാനം പേരുടെ എങ്കിലും പിന്തുണ ഉണ്ടെങ്കിലെ തിരഞ്ഞെടുപ്പ് കൊണ്ട് ഒരാള്‍ക്ക് ഗുണമുണ്ടാകൂ. ഇപ്പോള്‍ അധ്യക്ഷന്മാരാകുന്നവരില്‍ ഏറെയും പേര്‍ക്ക് ഒരു ശതമാനം പോലും പിന്തുണയില്ല.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, കോണ്‍ഗ്രസില്‍ തിരഞ്ഞെടുക്കപ്പെട്ട സമിതികളില്ല. ഇങ്ങനെ 10-15 വര്‍ഷം കൂടി തള്ളിപ്പോയേക്കാം. ഒന്നിനു പിന്നാലെ ഒന്നായി തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുകയാണ്. തിരിച്ചുവരണമെന്നുണ്ടെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. എന്റെ പാര്‍ട്ടി അടുത്ത 50 വര്‍ഷത്തേക്ക് പ്രതിപക്ഷത്ത് ഇരിക്കാനാണ് താല്പര്യപ്പെടുന്നതെങ്കില് പാര്‍ട്ടിക്കുള്ളില്‍ തിരഞ്ഞെടുപ്പിന്റെ ഒരാവശ്യവുമില്ലെന്നും ഗുലാം നബി. പാര്‍ട്ടിയുടെ സംഘടന നേതൃത്വത്തിനെതിരേ ഗുലാം ബനി പരസ്യമായി രംഗത്തെത്തിയതോടെ കോണ്‍ഗ്രസിലെ പ്രതിസന്ധി അതീവ രൂക്ഷമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: