തൃശൂര്‍: ഓഡിറ്റ് പെര്‍ഫോര്‍മന്‍സ് റിപ്പോര്‍ട്ടിനെച്ചൊല്ലി കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ ഏറ്റുമുട്ടല്‍. റിപ്പോര്‍ട്ട് ഭരണസമിതിയുടെ അഴിമതിയും ധൂര്‍ത്തും വെളിപ്പെടുത്തുന്നതെന്ന് പ്രതിപക്ഷം. റെയില്‍വേസ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിനുവേണ്ടി വിവിധ ഘട്ടങ്ങളിലായി 12 ഏക്കര്‍ സ്ഥലം വാങ്ങിയതു സംബന്ധിച്ചായിരുന്നു പ്രധാന ആരോപണം. ഈ സ്ഥലം ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടതും നെല്‍വയല്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ളതുമാണ്.
കോര്പ്പറേഷന് സ്ഥിര നിക്ഷേപത്തില്‍ 8 കോടി 91 ലക്ഷം രൂപയുടെ വ്യത്യാസം കാണുന്നതായി ഓഡിറ്റില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്്. അമൃതം പദ്ധതിയുടെ സ്വീവേജ് സെപ്റ്റേജ് മാനേജ്മെന്റ് സെക്ടറിലെ പദ്ധതികളുടെ ഡി.പി.ആര് തയ്യാറാക്കുന്നതിനായി കണ്‍സള്‍ട്ടസിയായി കോഴിക്കോട് ആസ്ഥാനമായ റാം ബയോളജിക്കല്‍ കണ്‍സള്‍ട്ടന്റ് എന്ന സ്ഥാപനത്തെ നിയമിച്ചത് നിയമവിരുദ്ധവുമാണെന്ന് ഓഡിറ്റില്‍ ചൂണ്ടിക്കാട്ടി. ദിവാന്‍ജിമൂല റെയില്‍വേ മേല്‍പ്പാലം അപ്രോച്ച് റോഡിന്റെ ഡിസൈന്‍ തയാറാക്കിയതില്‍ പാകപ്പിഴ മൂലം കാലതാമസവും സാമ്പത്തിക നഷ്ടവും ഉണ്ടായി. മേയര്‍ക്കും സെക്രട്ടറിക്കുമെതിരെ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രാജന് പല്ലന് ആവശ്യപ്പെട്ടു.
ഓരോരോ ഫയലുകളില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്നതിനു പകരം എല്ലാ ക്രമക്കേടുകളും വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു ബിജെപിയിലെ കെ.മഹേഷിന്റെ വാദം. ഓഡിറ്റ് റിപ്പോര്‍ട്ട് വിശദമായി കാര്യങ്ങള്‍ വ്യക്തമാക്കുന്നു. ഒരുനിലയ്ക്കും ഇത്തരം വീഴ്ച്ചകള്‍ ന്യായീകരിക്കാനാകില്ലെന്നും മഹേഷ് പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് ഭരണത്തില്‍ ഓഡിറ്റും റിപ്പോര്‍ട്ടും വിമര്‍ശനവുമൊക്കെ ഉണ്ടായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഭരണപക്ഷം പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചത്. കുടിവെള്ളം വിതരണം ചെയ്യാന്‍ ബൈക്കുകളുടെ നമ്പറുകള്‍ എഴുതിക്കൊടുത്തതുള്പ്പെടെ പലതും നടന്നിട്ടുണ്ടെന്നു മറക്കരുതെന്നു സിപിഎം അംഗങ്ങള്‍ പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: