അതിരുകളില്ലാത്ത അഴിമതി സാദ്ധ്യതകളിലേക്ക് കണ്ണും നട്ട് നില്ക്കുന്ന ദേശവിരുദ്ധ രാഷ്ട്രീയത്തിന്റെയും ഹിന്ദു വിരുദ്ധ ശക്തികളുടേയും കൂട്ടുകെട്ട്, പ്രായോഗിക രാഷ്ട്രീയത്തില്‍ പയറ്റിനോക്കാന്‍ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള രണതന്ത്രം കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഒന്നിച്ച് നില്‍ക്കുകയെന്നുള്ളതാണ്. പരസ്പരം കെട്ടിപ്പിടിച്ച് ഭാരതീയ ജനാധിപത്യത്തില്‍ തങ്ങള്‍ക്കുവേണ്ടി ഒരു ആത്മഹത്യാമുനമ്പ് ഉണ്ടാക്കുന്നതിനെ ആരും എതിര്‍ക്കേണ്ട കാര്യവുമില്ല. അതിര്‍ത്തിക്കപ്പുറത്തു നിന്ന് അവരെ നിയന്ത്രിക്കുന്ന ചൈനയും പാക്കിസ്ഥാനും
അങ്ങനെ തന്നെയുള്ള നിര്‍ദ്ദേശമാകാം നല്കിയിട്ടുള്ളതും. കശ്മീരില്‍ ഒന്നായി പോരിനിറങ്ങുമെന്ന് കമ്യൂണിസ്റ്റ് മാക്സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സും നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഉള്‍പ്പടെ ആറു പാര്‍ട്ടികള്‍ നടത്തിയ പരസ്യ പ്രസ്താവനയെ ആ ഒരു പശ്ചാത്തലത്തില്‍ മനസ്സിലാക്കുമ്പോഴാണ,് കേരളത്തിലെ കോണ്‍ഗ്രസ്സ്-കമ്യൂണിസ്റ്റ് പോര് അരോചകമായി മാറുന്നത്. സോണിയയും യച്ചൂരിയും ഒവൈസിയും കുഞ്ഞാലിക്കുട്ടിയും ഇസ്ലാമിക തീവ്രവാദികളും നാടന്‍ നക്സലൈറ്റുകളും കാടന്‍ നക്സലൈറ്റുകളും മോദിവിരുദ്ധ പോരാട്ടങ്ങള്‍ നടത്തുന്നിടത്താണ് കേരളത്തിലെ ‘കുലംകുത്തികളുടെ’ കുത്തിത്തിരിപ്പുകള്‍!
അതുകൊണ്ടാണ് കമ്യൂണിസ്റ്റു മുഖ്യമന്ത്രി പിണറായി വിജയന്റെ തണലില്‍ നടന്നുവന്നിരുന്ന ‘സ്വപ്ന’ സമാനമായ സ്വര്‍ണ്ണ കള്ളക്കടത്ത് ഇന്ത്യ ചര്‍ച്ച ചെയ്യുന്ന ദേശീയ വിഷയമായി മാറിയിട്ടും രാഹുലും യെച്ചൂരിയോടൊപ്പം കരിങ്കല്ലിനു കാറ്റു പിടിച്ചതുപോലെ അനക്കമില്ലാത്ത ഇരിപ്പിരിക്കുന്നത്. സീതാറാം യെച്ചൂരി മിണ്ടില്ല. കാരണം കൈക്കൂലിയും കൊള്ളയും കൊലപാതകവും ഇപ്പോള്‍ കള്ളക്കടത്തും സ്ഥാപനവത്കരിക്കുകയും വ്യവസായവത്കരിക്കുകയും ചെയ്ത രാഷ്ട്രീയ സംഘടനാ സംവിധാനമാണ് കമ്യൂണിസ്റ്റു പാര്‍ട്ടിയുടേത്. താഴെത്തട്ടിലുള്ള സഖാക്കള്‍ക്ക് രസീതില്ലാത്ത ബക്കറ്റു പിരിവ്, തൊഴിലാളി യൂണിയന്റെ പേരില്‍ നോക്കുകൂലി, ഉദ്യോഗസ്ഥ സഖാക്കള്‍ക്ക് കൈക്കൂലി, അങ്ങനെ ‘വര്‍ഗ ബഹുജന’ സംഘടനകളുടെ പ്രാദേശിക ഘടകങ്ങളില്‍ പോലുമുള്ള എല്ലാ സഖാക്കള്‍ക്കും അഴിമതിയുടെ അവസരങ്ങള്‍ തുറന്നു നല്‍കുന്നതാണ് പാര്‍ട്ടിലൈന്‍. ഉപരി ഘടകങ്ങളിലേക്കെത്തുമ്പോള്‍ തോതും തലവും മാറിക്കൊണ്ടിരിക്കും. കൃത്യമായ ലവി പിരിവ് നടത്തി പാര്‍ട്ടിയുടെ അഴിമതിവിഹിതം വിട്ടുവീഴ്ചയില്ലാതെ ഈടാക്കുകയും ചെയ്യും. നോട്ട് നിരോധനത്തിലൂടെ കള്ളനോട്ടിനും കള്ളക്കടത്തിനും എതിരായി നരേന്ദ്ര മോദി സര്‍ക്കാര്‍ എടുത്ത നടപടികള്‍ പാര്‍ട്ടിയുടെയും സഖാക്കളുടെയും സൈ്വര വിഹാരത്തിന് വിഘാതമായപ്പോള്‍, സ്വര്‍ണ കള്ളക്കടത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലോചിച്ചുറച്ചുള്ള തീരുമാനം തന്നെയാണ്. സംസ്ഥാന സര്‍ക്കാരിന് ചക്രം തികയാതെ വന്നപ്പോള്‍ ധനകാര്യമന്ത്രി തോമസ്സ് ഐസക്ക് കിഫ്ബിയിലേക്ക് തിരിഞ്ഞതു പോലെ പാര്‍ട്ടിയുടെ പെട്ടി കാലിയാകാന്‍ തുടങ്ങും മുമ്പേ കള്ളക്കടത്തിലേക്ക് തിരിഞ്ഞെന്നു മാത്രം. ആവഴി കിട്ടുന്നതില്‍ നല്ലൊരു പങ്ക് ഇസ്ലാമിക തീവ്രവാദികളുടെ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഒഴുകുന്നതിലും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സന്തോഷമേയുള്ളു.
ഭാരതത്തില്‍ പാര്‍ട്ടി സംഘടന ശക്തിപ്പെടുവാനും പാര്‍ലമെന്റെറി ജനാധിപത്യത്തിലൂടെ അധികാരത്തിന്റെ ഭാഗമാകുവാനും തുടങ്ങിയതോടെ ധനസമ്പാദനത്തില്‍ ‘സ്വയം പര്യാപ്തത’ തേടാനും തുടങ്ങി. 1957ല്‍ കേരളത്തിലധികാരത്തില്‍ എത്തിയപ്പോള്‍ സെല്‍ഭരണം വഴി കൈക്കൂലിക്കും സ്വജനപക്ഷപാതത്തിനും വഴി തുറന്നു. സര്‍ക്കാര്‍ നിയമനങ്ങളും സ്ഥലം മാറ്റങ്ങളും എല്ലാം കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് പണം വാരാനുള്ള വഴികളായി. കാലം മാറി. കമ്യൂണിസ്റ്റ് അഴിമതിയുടെ കോലവും മാറി, തുകയും കൂടി, അത്രമാത്രം. ചുരുക്കത്തില്‍ കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റ് ഇടതുപക്ഷവും അഴിമതിക്കാര്യത്തില്‍ ഒരേ തൂവല്‍ പക്ഷികളാണ്. കോണ്‍ഗ്രസ്സില്‍ അഴിമതി പൊതുവേ വ്യക്തികള്‍ ചെയ്യുന്നു, അവര്‍ മുതല്‍ക്കൂട്ടുന്നു. എന്നാല്‍ അഴിമതിക്കുള്ള സാദ്ധ്യതകളും നേട്ടങ്ങളും പാര്‍ട്ടിയുടെ വിവിധ ശ്രേണികള്‍ക്ക് ആനുപാതികമായി വിഭജിച്ചുകൊടുത്ത് പങ്കാളിത്ത അഴിമതിയെ ആദ്യം സ്ഥാപനവത്കരിക്കയും പിന്നീട് വ്യവസായവത്കരിക്കയും ചെയ്തിടത്താണ് ഇടതുപക്ഷം വേറിട്ടു നില്‍ക്കുന്നത്.
രാഹുല്‍, കമ്യൂണിസ്റ്റു കള്ളക്കടത്തിനെ കുറിച്ച് മിണ്ടാതിരിക്കുന്നതിന് കാരണം വേറെയുമുണ്ട്. വിഷയം ദേശീയ സുരക്ഷാ ഏജന്‍സിയുടെ അന്വേഷണത്തിനു വിധേയമായതോടെ ദേശീയതലത്തിലും സംസ്ഥാന തലത്തിലും രാഷ്ട്രീയ കൂട്ടുകെട്ടുകളുടെയും സമ്മര്‍ദ്ദ ശക്തികളുടെയും നിലപാടു തറകള്‍ ഇളകുന്ന അവസ്ഥയാണുണ്ടായത്. മടിയില്‍ സ്വാഭാവികമായും വളരെയേറെ കനമുള്ള, മുസ്ലീം ലീഗ്, വിവിധ ‘മതേതര’ തീവ്രവാദി സംഘടനകള്‍, വിവാദ സ്വര്‍ണ്ണ വ്യവസായികള്‍, അവരുടെ തണലില്‍ കഴിയുന്ന മാധ്യമ മേഖല, അവരുടെ പണം കൊണ്ട് മലബാര്‍ ലഹളയിലെ ഹിന്ദുകൂട്ടക്കൊലയുടെ ചരിത്രം വക്രീകരിച്ചു കൂലി മേടിക്കാന്‍ വരെ കാത്തിരുന്ന ചലച്ചിത്ര ‘വ്യവസായികള്‍’ എന്നിവരൊക്കെ പ്രതിരോധത്തിലാവുകയാണ്. അവരെ രക്ഷിക്കുകയാണ് ദേശീയതലത്തിലുള്ള കോണ്‍ഗ്രസ്സ്-കമ്യൂണിസ്റ്റ്-ഇസ്ലാമിക തീവ്രവാദക്കൂട്ടായ്മയുടെയും പ്രഥമ പരിഗണനയെന്നതാണ് രാഹുലിന്റെ നിശബ്ദതയ്ക്കു കാരണം.
അല്ലെങ്കില്‍ തന്നെ ഇടി വെട്ടിയവനെ പാമ്പും കടിച്ച ഗതിയിലാണിപ്പോള്‍ രാഹുലിന്റെ കോണ്‍ഗ്രസ്സ്. രക്ഷപെടാന്‍ പഴുതില്ലാത്ത ഒരു ഗര്‍ത്തത്തിലേക്ക് വീണിരിക്കയാണ്. സോണിയാ-ജിങ്പിങ് ധാരണാപത്രത്തിലൊപ്പിട്ട് ചൈനീസ് സര്‍ക്കാരിനോടും ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയോടും പണം വാങ്ങി ഭാരതത്തിന്റെ സാമ്പത്തിക മേഖലയിലും പ്രതിരോധ മേഖലയിലും ചൈനയ്ക്കുവേണ്ടി ചെയ്ത വിട്ടു വീഴ്ചകള്‍ വെളിച്ചത്തായിരിക്കുന്നു. ആ പണം വെളുപ്പിച്ചെടുക്കാന്‍ വേണ്ടി രാജീവ് ഗാന്ധി ഫൗണ്ടേഷനെയും സോണിയാ കുടുംബം നടത്തുന്ന സ്വകാര്യ ട്രസ്റ്റുകളെയും ഉപയോഗിച്ചതിനെ സംബന്ധിച്ചും പൊതുസമൂഹത്തിന് സൂചനകള്‍ ലഭിച്ചു കഴിഞ്ഞു. മറ്റൊരു തലത്തിലാണെങ്കില്‍, ചൈനയില്‍ നിന്നും സോണിയാ കുടുംബത്തിലേക്കൊഴുകിയ പണത്തിന്റെ തോത് പുറത്തായതോടെ കമ്യൂണിസ്റ്റ് മാക്സിസ്റ്റു പാര്‍ട്ടിക്കുള്ളില്‍ സ്വാഭാവികമായ അസൂയയും അമര്‍ഷവും വളര്‍ന്നിട്ടുണ്ടാകാനും ഇടയുണ്ട്. ചൈനയുടെ ആക്രമണകാലത്ത് ഇഎംഎസ്സും കൂട്ടരും ചാരപ്പണി ചെയ്തതും സീതാറാം യെച്ചൂരി മൂന്ന് ദശാബ്ദങ്ങളിലധികം പണിയെടുത്ത് നേപ്പാളിനെ ചൈനയോട് അടുപ്പിച്ചതും അടക്കം ഭാരതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒളിവിലും തെളിവിലും എന്നും കൂടെനിന്ന തങ്ങള്‍ക്ക് കിട്ടിയതും സോണിയാ കുടുംബത്തിലേക്ക് ഒഴുകിയ ധനവും താരതമ്യം ചെയ്യുന്ന കമ്യൂണിസ്റ്റ് സഖാക്കളുടെ നിരാശയും കോണ്‍ഗ്രസ്സ് നേതൃത്വം ഉള്‍ക്കൊള്ളേണ്ടതുണ്ട്. ചുരുക്കത്തില്‍ സങ്കീര്‍ണ്ണമായ ഒരു പ്രതിസന്ധിയെയാണ് ദേശീയതലത്തില്‍ ഒരേ പക്ഷത്തുനില്‍ക്കുന്ന കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റുപാര്‍ട്ടിയും കേരളത്തില്‍ നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: