ന്യൂദല്‍ഹി: രാജ്യത്തെ കൊറോണ രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതേവരെ 23,38,035 പേരാണ് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 57,469 പേര് രോഗമുക്തരായി.
നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക് 75 ശതമാനമാണ്. 22.88 ശതമാനം പേര് മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. മരണ നിരക്ക് 1.85 ശതമാനമായി കുറയ്ക്കാനും കഴിഞ്ഞു. ചികിത്സയിലുള്ളവരേക്കാള് 16 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം ഭേദമായത്. 7,10,771 ആണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം.
ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ന്യൂഡല്‍ഹി എയിംസ് നടത്തുന്ന ‘നാഷണല്‍ ഇഐസിയു ഓണ്‍ കോവിഡ് 19 മാനേജ്മെന്റ്’ പരിപാടി രോഗമുക്തി വര്‍ധിക്കുന്നതിലും മരണനിരക്കു കുറയുന്നതിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ആഴ്ചയില്‍ രണ്ടുതവണയാണ് (ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും) നാഷണല്‍ ഇഐസിയു നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് ആശുപത്രികളിലെ ഐസിയു ഡോക്ടര്‍മാര്‍ക്കുള്ള സംശയനിവാരണവും വരുത്തുന്നു. രാജ്യത്തെ 22 സംസ്ഥാനങ്ങളിലെ 117 ആശുപത്രികളെ ഉള്‍ക്കൊള്ളിച്ച് ഇതുവരെ 14 നാഷണല്‍ ഇഐസിയു സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: