കോട്ടയം: വൈദ്യുതി ബോര്‍ഡില്‍ അറ്റന്‍ഡര്‍ മുതല്‍ മീറ്റര്‍ റീഡര്‍ വരെ വിവിധ തസ്തികകളില്‍ ആയിരത്തിലധികം സ്വന്തക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ നീക്കം തുടങ്ങി. ഇതിന്റെ ആദ്യപടിയായി തിരുവനന്തപുരത്ത് വൈദ്യുതി ഭവനില്‍ നിലവിലുള്ള ഒഴിവുകളില്‍ കേരളശ്രീ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ നിന്ന് നിയമിക്കണമെന്ന് ഉത്തരവിറങ്ങി. കുടുംബശ്രീ മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയാണിത്.
ഇതു കൂടാതെ ഒഴിവുള്ള മീറ്റര്‍ റീഡര്‍ തസ്തികകളില്‍ പാര്‍ട്ടിക്കാരെ നിയമിക്കാനുള്ള ലിസ്റ്റ് സിപിഎം ഇടപെട്ട് തയാറാക്കിത്തുടങ്ങി. സിപിഎം അനുകൂല സംഘടനയില്‍പ്പെട്ട എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്ക് വാട്ട്സ് ആപ്പ് വഴി ലിസ്റ്റ് അടിയന്തരമായി അയച്ചതായും വിവരമുണ്ട്. നാലു വര്‍ഷം മുമ്പ് പിഎസ്സി നടത്തിയ പരീക്ഷയെഴുതി ആയിരങ്ങള്‍ കാത്തിരിക്കുമ്പോഴാണ് സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള വഴിവിട്ട നീക്കം.
കഴിഞ്ഞ ദിവസങ്ങളിലായി വൈദ്യുതി ബോര്‍ഡില്‍ വിവിധ തസ്തികകളില്‍ 2500-ഓളം സ്ഥാനക്കയറ്റങ്ങള്‍ നല്‍കിയിരുന്നു. ഒഴിവുകള്‍ ഇല്ലാതിരിക്കെയാണ് ബോര്‍ഡിന് അധിക സാമ്പത്തിക ബാധ്യത വരുന്ന ഈ സ്ഥാനക്കയറ്റങ്ങള്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ ബോര്‍ഡും സര്‍ക്കാരും സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും തിടുക്കത്തില്‍, ഇല്ലാത്ത തസ്തികകളിലേക്ക് സൂപ്പര്‍ ന്യൂമററിയായി സ്ഥാനക്കയറ്റം നല്‍കിയത് താഴെത്തട്ടില്‍ കരാര്‍ നിയമനത്തിന് വഴിയൊരുക്കുന്നതിനും അതുവഴി സിപിഎമ്മുകാര്‍ക്ക് നിയമനം നല്‍കുന്നതിനും വേണ്ടിയാണെന്നും ആരോപണമുയര്‍ന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ജീവനക്കാര്‍ക്കുപോലും പ്രതീക്ഷയില്ലാതെ പെട്ടെന്നാണ് സ്ഥാനക്കയറ്റ ഉത്തരവിറങ്ങിയത്.
ദിവസങ്ങള്‍ക്കുള്ളിലാണ് ബോര്‍ഡിന്റെ ചരിത്രത്തില്‍ അപൂര്‍വമായി ഇത്രയധികം സ്ഥാനക്കയറ്റങ്ങള്‍ ഒരുമിച്ച് നല്‍കിയത്. 517 മസ്ദൂര്‍മാരെ ലൈന്മാന്മാരും 1007 ലൈന്മാന്മാരെ ഓവര്സിയര്മാരുമാക്കി. 174 ഓവര്‍സിയര്‍മാരെയും 365 മീറ്റര്‍ റീഡര്‍മാരെയും സബ് എന്‍ജിനീയര്‍മാരാക്കി സ്ഥാനക്കയറ്റം നല്കി ഉത്തരവിറങ്ങി. 401 സബ് എന്‍ജിനീയര്‍മാരെ അസിസ്റ്റന്റ് എന്‍ജിനീയര്‍മാരും 91 അസി. എന്‍ജിനീയര്‍മാരെ അസി. എക്സിക്യൂട്ടീവ് എന്ജിനീയര്മാരുമാക്കി.
ഇതോടെ മസ്ദൂര്‍, ലൈന്മാന് ഓവര്‍സിയര്‍, മീറ്റര്‍ റീഡര്‍ തസ്തികകളില്‍ തിടുക്കത്തില്‍ തന്നെ കരാര്‍ നിയമനത്തിനാണ് ലക്ഷ്യം. ഇതിന്റെ ആദ്യ പടിയായി 750-ഓളം പേരെ മീറ്റര്‍ റീഡര്‍മാരായി നിയമിക്കാനാണ് സിപിഎം പട്ടിക തയാറാക്കുന്നത്. വൈദ്യുതി ഭവനില്‍ ക്ലീനര്‍, ഹെല്‍പ്പര്‍, അറ്റന്‍ഡര്‍ തസ്തികകളില്‍ കുടുംബശ്രീ മിഷന് വഴി നിയമനം നടത്താനും ഉത്തരവുണ്ട്.
ക്രമേണ ഇത് മറ്റ് ഓഫീസുകളിലെ ഒഴിവുകള്‍ക്കും ബാധകമാക്കാനാണ് നീക്കം. വരുന്ന തദ്ദേശ-നിയമസഭാ തെരെഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് വഴിവിട്ട നിയമനം നടത്തി പരമാവധി പാര്‍ട്ടിക്കാരെ നിയമിക്കുവാന്‍ സിപിഎം ശ്രമിക്കുന്നതെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: