തിരുവനന്തപുരം: കൊവിഡിനുശേഷം വ്യവസായ-വാണിജ്യ മേഖലയിലൂടെ കേരളത്തില്‍ സാമ്പത്തിക പുനരുജ്ജീവനം ലക്ഷ്യമിടുന്നതിന് സമഗ്ര പദ്ധതി ആവിഷ്കരിച്ചിട്ടുള്ള സംസ്ഥാന വ്യവസായ വകുപ്പ് വിവിധ മേഖലകളില്‍ നിക്ഷേപത്തിന് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനായി ഇന്‍വെസ്റ്റര്‍ ഗൈഡ് പുറത്തിറക്കി.
പ്രധാന മേഖലകളെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങള്‍ നല്കുന്നതിനു പുറമെ ഗൈഡ് നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും വളരെ പെട്ടെന്ന് തീരുമാനങ്ങളെടുക്കാന്‍ സഹായകമാവുകയും ചെയ്യും. സംസ്ഥാനത്തെ നിക്ഷേപസാഹചര്യത്തിനനുസരിച്ച് നിയമങ്ങളിലും ചട്ടങ്ങളിലും ഇളവ് ചെയ്ത് നടത്തിയ നിയമനിര്‍മ്മാണങ്ങളും ഭേദഗതികളും ഇതില്‍ വിവരിച്ചിട്ടുണ്ട്.
ഭൂമിശാസ്ത്രപരമായി കേരളത്തിനുള്ള മേന്മകള്, മികച്ച സാമൂഹിക-സാമ്പത്തിക നിലവാരം, ദ്രുതഗതിയിലുള്ളതും ലളിതവുമായ നിക്ഷേപാന്തരീക്ഷം, മികച്ച സാധ്യതകളുള്ള മേഖലകള്‍ എന്നിവ ഗൈഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിവിധ പദ്ധതികള്‍ക്കായി സമീപിക്കേണ്ട സ്ഥലങ്ങള്‍, അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്നിവയുടെ വിശദാംശങ്ങളും പ്രൈമറില്‍ പ്രതിപാദിക്കുന്നു.
വിവിധ മേഖലകള്‍ തിരിച്ചുള്ള വ്യവസായ പാര്‍ക്കുകളുടെ വിശദാംശങ്ങള്‍, ചെലവുകുറഞ്ഞ സ്ഥലങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, വൈവിധ്യമാര്‍ന്ന സംരംഭങ്ങള്‍ എന്നിവയ്ക്കായുള്ള പൂര്‍ണമായും ഡിജിറ്റല്വല്കരിക്കപ്പെട്ട ആഗോളനിലവാരത്തിലുള്ള അന്തരീക്ഷം എന്നിവയെക്കുറിച്ചെല്ലാം ഇതില്‍ വിശദീകരിക്കുന്നു.
എങ്ങിനെ നിക്ഷേപിക്കണം എന്ന വിഭാഗത്തില്‍ കേരളം മുന്നോട്ടു വയ്ക്കുന്ന വിവിധ സംരംഭക മാതൃകകള്‍ ആണ് വിശദീകരിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍, സ്പെഷല്‍ പര്‍പസ് വെഹിക്കള്‍, സംയുക്ത സംരംഭങ്ങള്‍, ഓഹരി പങ്കാളിത്ത സാധ്യതയുള്ള കമ്പനികള്‍ എന്നിവ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭൂമി പാട്ടം, വിവിധ സര്‍ക്കാര്‍ അനുമതികള്‍, ഏകജാലക സംവിധാനം, വിവിധ പദ്ധതികളുടെ നോഡല്‍ ഏജന്‍സികള്‍ എന്നിവയുടെ വിശദാംശങ്ങളും ഇന്‍വെസ്റ്റ്മെന്റ് കേരള പ്രൈമറിലുണ്ട്. കൂടാതെ കേരളത്തിലെ ബൃഹദ് പദ്ധതികളും അവയില്‍ നിക്ഷേപം നടത്താനുള്ള സാധ്യതകളും പ്രൈമറില്നിന്ന് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: