കഴിഞ്ഞ ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ സന്ധ്യയ്ക്കു ശേഷം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട എം.എസ്. ധോണിയുടെ വിരമിക്കല്‍ കുറിപ്പിനെ വര്‍ണ്ണിക്കാനാകില്ല. ലളിതമായ വാക്കുകള്‍, എന്നാല്‍ അതിലുള്ക്കൊണ്ടിരുന്ന ഗാംഭീര്യം വലുതായിരുന്നു. താരങ്ങള്‍ ഇതിഹാസങ്ങളായി മാറുമ്പോള്‍ ഐതിഹാസികമായ വിടപറച്ചില്‍ ആരും പ്രതീക്ഷിക്കും. എന്നാല്‍ അവിടെയും ധോണി വേറിട്ടുനിന്നു. ”നന്ദി, നിങ്ങള്‍ നല്കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. 7.29 മുതല്‍ ഞാന്‍ വിരമിച്ചതായി കരുതുക.” ഈ രണ്ട് വരികളിലൂടെ കൊതിപ്പിക്കുന്ന ഒരു കരിയറിനാണ് അവസാനമായിരിക്കുന്നത്.
മഹിക്ക് വിരമിക്കല്‍ മത്സരമില്ല, ഇത് കാലം കാത്തുവച്ച കാവ്യ നീതി എന്ന തരത്തിലൊക്കെ കായിക നിരീക്ഷകരില്‍ ചിലരെങ്കിലും പറഞ്ഞേക്കാം. ആ വാദത്തെ പൂര്‍ണ തോതില്‍ തള്ളാനുമാകില്ല. എങ്കിലും ഈ വിരമിക്കല്‍ ശൈലി ധോണിയുടെ മാറ്റുകൂട്ടിയെന്നതില് തര്‍ക്കമില്ല. മനസ്സില്‍ എന്തെന്നത് പുറത്തുകാട്ടാത്ത താരമാണ് ധോണി. തലയിലൂടെ പല പദ്ധതികള്‍ മാറിമറയുമ്പോഴും കളിക്കളത്തില്‍ ശാന്തനായി പെരുമാറുന്ന ശീലം വിശ്വപ്രസിദ്ധമാണ്. നിര്‍ണ്ണായക ഘട്ടങ്ങളില്‍ പോലും ശാന്തതയുടെ കവാടം തുറന്ന ധോണിക്ക് അങ്ങനെ ക്യാപ്റ്റന്‍ കൂള്‍ എന്ന പട്ടം ലഭിച്ചു. നായകനായി ഒട്ടുമിക്ക നേട്ടങ്ങളും രാജ്യത്തിന് നല്കി. വ്യക്തിഗത താരമെന്ന നിലയില്‍ പകരക്കാരനില്ലാത്ത നിലയില്‍ ഉയര്‍ന്നതിനു ശേഷമുള്ള ഈ വിരമിക്കലിന് കൈയടിക്കുക തന്നെ വേണം; വിരമിക്കല്‍ മത്സരം വേണമെന്ന വാദം ഉയരുമ്പോള്‍ പോലും.
മത്സരബുദ്ധിയോടെ ടീമിലേക്ക്
ആദം ഗില്‍ക്രിസ്റ്റ്, സച്ചിന് ടെന്‍ഡുല്‍ക്കര്‍ ഇവരായിരുന്നു ധോണിയുടെ ആദ്യകാല ആരാധനാപാത്രങ്ങള്‍. ക്രിക്കറ്റിലെ യഥാര്‍ത്ഥ വിക്കറ്റ് കീപ്പര്‍-ബാറ്റ്സ്മാനെന്ന് പറയാവുന്ന ആദ്യ താരമാണ് ഓസ്ട്രേലിയയുടെ ഗില്‍ക്രിസ്റ്റ്. അതേ പാതയിലൂടെ ഒരുപക്ഷേ അതിലും മുകളിലെത്തിയെന്ന് പറയാം ധോണിയുടെ യാത്ര. 1998-99, ധോണിയുടെ കരിയറിലെ നിര്‍ണ്ണായക കാലഘട്ടമായിരുന്നു. സ്കൂള്‍ ക്രിക്കറ്റ് മാത്രം കളിച്ചുനടന്ന ധോണി ലോക്കല്‍ ടൂര്‍ണമെന്റുകളിലേക്ക് മാറുന്നു. പിന്നീട് അതിശയകരമായി ബീഹാര്‍ ടീമിലേക്കും. ബീഹാറിനായി ജൂനിയര്‍ തലത്തില്‍ നടത്തിയ മികച്ച പ്രകടനം സീനിയര്‍ ടീമിലേക്കും വഴിതെളിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ ഉയര്‍ച്ച താഴ്ചകള്‍ പലകുറി ഉണ്ടായി.
ഒടുവില്‍ 2003ല്‍ ഇന്ത്യ എ ടീമിലെത്തിപ്പെട്ടു. പാക്കിസ്ഥാന് ഉള്‍പ്പെടെയുള്ള ടീമുകള്‍ക്കെതിരെ തുടരെയുള്ള സെഞ്ചുറികള്‍. റണ്‍സ് അടിച്ചുകൂട്ടിയും സ്റ്റംപിന് പിന്നില്‍ മികവ് കാട്ടിയും ശ്രദ്ധേയനായി. അങ്ങനെയാണ് അന്നത്തെ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധ നേടുന്നത്. തൊട്ടടുത്ത വര്‍ഷം സീനിയര്‍ ടീമിലേക്ക്. ആദ്യ പരമ്പര തകര്ച്ചയായെങ്കിലും ഗാംഗുലിയുടെ വിശ്വാസം പാക്കിസ്ഥാന് പരമ്പരയിലേക്കും വഴി തുറന്നു. പിന്നീട് ധോണിയുടെ കാലമായിരുന്നു എന്നു പറയാം. പാര്‍ഥിവ് പട്ടേലും ദിനേശ് കാര്‍ത്തിക്കും പോലുള്ളവര്‍ ഇടയ്ക്ക് വന്നുപോയെങ്കിലും ധോണിയല്ലാതെ മറ്റൊരാള്‍ സ്റ്റംപിന് പിന്നില്‍ ഇന്ത്യക്ക് കാവലില്ലായിരുന്നു.
രാജ്യത്തെ ഞെട്ടിച്ച സെഞ്ചുറി
2004 ഡിസംബര്‍ 23. ദേശീയ സീനിയര്‍ ടീമില്‍ ധോണി ആദ്യമായി നീലക്കുപ്പായം അണിയുന്നു. ബംഗ്ലാദേശിനെതിരായ പരമ്പര. 5 വിക്കറ്റിന് 180 എന്ന നിലയില്‍ ഇന്ത്യ തപ്പിത്തടയുമ്പോഴാണ് ധോണിയുടെ വരവ്. അര്‍ധസെഞ്ചുറി നേടിയ മുഹമ്മദ് കൈഫ് ക്രീസിലുണ്ട്. തോളോളം മുടിയുമായി ഇരുനിറക്കാരനായ ധോണിയുടെ വരവ് അക്ഷരാര്‍ത്ഥത്തില്‍ അടിച്ചു തകര്‍ക്കാന്‍ മാത്രമായിരുന്നു. അത്ര കേട്ടുപരിചയമില്ലാത്ത ധോണിയെ ആരാധകര്‍ ഉറ്റുനോക്കി. എന്നാല്‍ വലിയ പ്രതീക്ഷകള്‍ക്ക് സാധ്യത കൊടുക്കാതെ വന്നതുപോലെ മടങ്ങുകയായിരുന്നു താരം. ഒരു റണ്‍ പോലും നേടാന്‍ കഴിഞ്ഞില്ല. ആദ്യ കളിയിലെ ധോണിയുടെ ആ റണ്‍ഔട്ട് ഇന്നും ചര്‍ച്ചചെയ്യപ്പെടുന്നതാണ്.
എന്നാല്‍ വഴിത്തിരിവായത് പാക്കിസ്ഥാനെതിരായ അടുത്ത പരമ്പരയാണ്. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഞെട്ടിക്കുന്ന സെഞ്ചുറി. ഷാഹിദ് അഫ്രീദിയെയും മുഹമ്മദ് ഹഫീസിനെയും അബ്ദുള്‍ റസാഖിനെയുമെല്ലാം ചറപറ തല്ലിയോടിച്ചു. 123 പന്തില്‍ 148 റണ്‍സിന്റെ സൂപ്പര്‍ സെഞ്ചുറി. കാളക്കൂറ്റനെപ്പോലെ വന്ന് അടിച്ചുതകര്‍ക്കുന്ന ധോണിയുടെ ശൈലി പിന്നീടങ്ങോട്ട് ഒരു ജനത ഏറ്റെടുക്കുകയായിരുന്നു. തൊട്ടടുത്ത വര്‍ഷം ശ്രീലങ്കയ്ക്കെതിരെ പുറത്താകാതെ നേടിയ 183 റണ്‍സ് ഒരു വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയര്‍ന്ന സ്കോറായി.
സ്റ്റംപിങ്ങിലെ മഹീന്ദ്ര ജാലം
സെക്കന്ഡിലെ ഒരംശം, കണ്ണിമ ചിമ്മാതെ നോക്കിയാല്‍ കാണാം ധോണിയുടെ മഹീന്ദ്ര ജാലം. സ്റ്റംപിനു പിന്നില്‍ ധോണിയുണ്ടെങ്കില്‍ ഏതു കൊലകൊമ്പനും ക്രിസ് വിടാനൊന്ന് ഭയക്കും. കീപ്പിങ്ങിലെ ഉസൈന്‍ ബോള്‍ട്ടാണ് ഇന്ത്യയുടെ ധോണിയെന്ന് പരക്കെ പറയുന്നത് വെറുതെയല്ല. 2018ല്‍ വിന്‍ഡീസിനെതിരായ പരമ്പരയില്‍ കീമോ പോളിനെ പുറത്താക്കിയത് 0.08 സെക്കന്‍ഡിനാണ്. ഒരു ലോക റെക്കോഡാണിത്. കീപ്പിങ്ങില്‍ ധോണിക്ക് പകരക്കാരനെ കണ്ടെത്താന്‍ ഇന്നും ഇന്ത്യക്കായില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. യുവതാരം ഋഷഭ് പന്ത് പലപ്പോഴായി പിഴവുകള്‍ വരുത്തിയപ്പോള്‍ ഗ്യാലറികളില്‍ ധോണിയുടെ പേര് അലയടിച്ചത്, ആ സാന്നിധ്യം എത്രമാത്രമുണ്ടായിരുന്നെന്ന് തെളിയിക്കുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ പുറത്താക്കലുകളുള്ള മൂന്നാമത്തെ താരമാണ് ധോണി. 829 പുറത്താക്കലുകള്‍. ഐപിഎല്ലില്‍ ഉള്‍പ്പെടെ പ്രായത്തെ വെല്ലുന്ന നിരവധി പ്രകടനങ്ങളുണ്ടായി. കുത്തിത്തിരിയുന്ന ഇന്ത്യന്‍ പിച്ചുകളില്‍ സ്പിന്നര്‍മാരുടെ വേഗതയും ദിശയും അളക്കുക എളുപ്പമല്ല. എന്നാല്‍ സ്റ്റംപിനോട് ചേര്‍ന്നുള്ള ധോണിയുടെ ഗ്ലൗസുകള്‍ക്ക് പിഴവ് പറ്റുക ചുരുക്കമായിരുന്നു. ചടുലമായ നീക്കങ്ങളിലൂടെ എത്രയെത്ര വിജയങ്ങള്‍ ധോണി ഇന്ത്യയ്ക്ക് സമ്മാനിച്ചു.
കളിയറിഞ്ഞ നായകന്
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകന്മാരുടെ പട്ടികയെടുത്താല്‍ ധോണിയുടെ പേര് മുന്നിലുണ്ടാകുമെന്നുറപ്പ്. നായകനായാല്‍ കളിയറിയണം. കളിക്കാരെ പ്രചോദിപ്പിക്കണം. തടസ്സങ്ങള്‍ നീക്കി മുന്നോട്ട് നയിക്കണം. 2007 ട്വന്റി 20 ലോകകപ്പില്‍ ധോണി എന്താണെന്നും, ധോണിക്ക് എന്തെല്ലാം സാധിക്കുമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് കണ്ടറിഞ്ഞതാണ്. 2007ല്‍ ധോണി കിരീടം ചൂടിയത് ഉള്ളതുകൊണ്ട് എങ്ങനെ അദ്ഭുതം സൃഷ്ടിക്കാമെന്നതിന്റെ തെളിവുമായി.
പെട്ടെന്നായിരുന്നു ധോണിയുടെ നായകത്വം. രാഹുല്‍ ദ്രാവിഡ് നായകസ്ഥാനം ഒഴിഞ്ഞതോടെ വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ് എന്നിവര്‍ക്കൊപ്പം മൂന്നാമത്തെ പേര് മാത്രമായിരുന്നു ധോണിയുടേത്. എന്നാല്‍ പ്രമുഖ താരങ്ങളുടെ പിന്തുണയോടെ നറുക്ക് ധോണിക്ക് വീണു. 2007 ലോകകപ്പ് ഒരു ചൂണ്ടുപലകയായിരുന്നു. കിട്ടിയാല്‍ കിട്ടി, പോയാല്‍ പോ
യി എന്ന മട്ട്. എന്നാല്‍ അവിടെ നിന്നുള്ള ഇന്ത്യന്‍ ക്രിക്കറ്റിന്റെ കഥ ധോണിയുടേതുമായി. ധോണിയുടെ കൈക്കുള്ളില്‍ ഇന്ത്യ ഒതുങ്ങിത്തുടങ്ങിയ കാലം. വമ്പന്‍ താരങ്ങളടങ്ങിയ മികച്ച ടീമിനെ കിട്ടിയതും ഭാഗ്യമായി. സച്ചിന്, ദ്രാവിഡ്, ഗാംഗുലി തുടങ്ങിയവരെ തന്മയത്വത്തോടെ പിടിച്ചു നിര്‍ത്തി ധോണി മുന്നോട്ടു നീങ്ങി. ഇതിനിടെ നാട്ടിലും വിദേശത്തുമായി ഏതു ടീമിനെയും തോല്‍പ്പിക്കാവുന്ന തലത്തിലേക്ക് ഇന്ത്യന്‍ ടീം മാറിയിരുന്നു. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനവും നേടി.
2011 ഏകദിന ലോകകപ്പ് ധോണിക്കുള്ളിലെ നായകന് വിശുദ്ധ പരിവേഷം നല്കി. 28 വര്‍ഷമായി രാജ്യം കാത്തിരുന്ന സുവര്‍ണ കിരീടം നല്കിയ വിശ്വസ്ത നായകനായി. ഫൈനലില്‍ നിര്‍ണായക ഘട്ടത്തില്‍ സ്വയം മുന്നോട്ടുവന്ന് നാലാം നമ്പറില്‍ 91 റണ്‍സ് നേടി പുറത്താകാതെ നിന്ന ധോണിയുടെ പ്രകടനം ഇന്നും ഓര്മകളിലുളളതാണ്. ശ്രീലങ്കയുടെ നുവാന്‍ കുലശേഖരയെ ലോങ് ഓണിന് മുകളിലൂടെ അടിച്ചു പറത്തി കിരീടം ഉറപ്പിക്കുമ്പോള്‍ കമന്ററി ബോക്സില്‍ മുഴങ്ങിയ രവി ശാസ്ത്രിയുടെ വിഖ്യാതമായ വാക്കുകള്‍ ചരിത്രമായി. ‘ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്റ്റൈല്‍.’ ധോണിയുടെ പേര് പറയുമ്പോഴെല്ലാം ഈ വാക്കുകളും ഓര്‍മിക്കപ്പെടും.
വിവാദമായ വിടപറച്ചിലുകള്‍
വിരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, ഗൗതം ഗംഭീര്‍, ഇര്ഫാന് പഠാന്, സഹീര്‍ ഖാന്… ഇവരുടെയൊക്കെ മുഖം കാണുമ്പോള്‍ ധോണിക്കെങ്ങനെ വിരമിക്കല്‍ മത്സരം കളിക്കാനാകുമെന്ന ചോദ്യം കായിക പ്രേമികള്‍ ഉയര്‍ത്തുന്ന വലിയ വാദമാണ്. ഒരുപക്ഷേ വിരമിക്കല്‍ മത്സരം ആഘോഷപൂര്‍വം കളിച്ചാണ് ധോണി പടിയിറങ്ങിയതെങ്കില്‍ ചോദ്യങ്ങള്‍ ഒരുപാട് നേരിടേണ്ടി വന്നേനെ. സെവാഗ് ഉള്‍പ്പെടെ പലരും വിരമിക്കല്‍ മത്സരം ആഗ്രഹിച്ചിരുന്നു. രാജ്യം ശ്രദ്ധിച്ച, രാജ്യത്തിനായി നിരവധി നേട്ടങ്ങള്‍ കൈവരിച്ച താരങ്ങളാണിവര്‍. അര്‍ഹിച്ച വിടപറയല്‍ ധോണിക്ക് നല്കാനായില്ലെന്നത് നഗ്നസത്യമാണ്. സൗരവ് ഗാംഗുലിയുടെ വിരമിക്കലില്‍ പോലും ധോണിയുടെ താത്പര്യമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
ധോണിയുടെ ഗുഡ് ബുക്കില്‍ കയറിപ്പറ്റുകയായിരുന്നു ഒരുകാലത്ത് ഇന്ത്യന്‍ ടീമിലെത്താനുള്ള എളുപ്പ വഴി. റെയ്നയും ജഡേജയും അശ്വിനുമെല്ലാം ഇന്ത്യന്‍ ടീമില്‍ സ്ഥിരമായതിനു പിന്നില്‍ ധോണിയുടെ താത്പര്യം മാത്രമായിരുന്നു. പല മുന്‍ താരങ്ങളും ഈ വിഷയം വിവാദമാക്കുകയും ചെയ്തതാണ്. ഈഗോയുടെ താരമാണ് ധോണിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ തുറന്നടിച്ച താരങ്ങളും നിരവധി.
ശാന്തതയാണ് ആയുധം
ശാന്തനായ, കൂര്‍മബുദ്ധിയുള്ള, ആരുടെയും മനസ്സ് വായിക്കുന്ന താരം. ധോണിയുടെ പ്രധാന ആയുധങ്ങള്‍ ഈ മൂന്ന് കാര്യങ്ങളാകും. തട്ടുപൊളിപ്പന്‍ അടികളിലൂടെ പൊട്ടിത്തെറിക്കുന്ന ആദ്യ കാല ധോണിയില്‍ നിന്ന് ശാന്തതയുടെ പുത്തന്‍ രൂപത്തിലേക്ക് മാറാന്‍ താരത്തിന് ഏറെക്കാലം വേണ്ടിവന്നില്ല. വര്‍ഷങ്ങള്‍ കഴിയും തോറും കൂടുതല്‍ പക്വതയിലേക്കും മികവിലേക്കും ഉയര്‍ന്നുകൊണ്ടിരുന്നു. തോല്‍വി ഉറപ്പിച്ച മത്സരങ്ങളില്‍ പോലും ശാന്തനായി അവസാന പന്തുവരെ കാത്തുനിന്ന് കളി ജയിപ്പിക്കുന്ന ധോണി ചരിത്രത്തിന്റെ ഭാഗമാണ്.
എതിരാളികളുടെ മനസ്സറിഞ്ഞ് അതിനൊത്ത തീരുമാനങ്ങളെടുക്കുന്നതായിരുന്നു ധോണിയുടെ ശീലം. മികച്ച ഫിനിഷറാകുന്നതിലും ശാന്തത ശ്രദ്ധേയമായി. വാലറ്റത്തെ കൂട്ടുപിടിച്ച് വിജയതീരത്തെത്തിച്ച കളികള്‍ എണ്ണിയെടുക്കാനാവുന്നതല്ല. ധോണിയുണ്ടെങ്കില്‍ കളി ജയിക്കാമെന്ന വിശ്വാസം ആരാധകരിലുണ്ടാക്കാന് ധോണിക്കായിരുന്നു. ഇതുതന്നെയാണ് വലിയ വിജയവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: