കൊച്ചി: സ്വകാര്യവല്കരണത്തെ എതിര്‍ത്ത്, തിരുവനന്തപുരം വിമാനത്താവളം സ്വന്തമാക്കാനുള്ള ലേലത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടുസ്വകാര്യ കമ്പനികള്‍ക്കായി നല്‍കിയത് രണ്ടു കോടിയിലേറെ രൂപ. അതില്‍ ഒന്നരക്കോടിയും നല്‍കിയത് വിവാദ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെപിഎംജിക്ക്.
തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്ത് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ അനുമതി തേടിയിരുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ കേന്ദ്രം സംസ്ഥാനത്തിന് അനുമതിയും നല്കി. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നത് തടഞ്ഞ് സ്വന്തമാക്കുകയായിരുന്നുവേത്രേ സംസ്ഥാനത്തിന്റെ പദ്ധതി.
ലേലത്തില്‍ പങ്കെടുക്കാന്‍ വിപുലമായ പഠനമൊന്നും വേണ്ടെന്നിരിക്കെ, കാര്യങ്ങള്‍ പഠിച്ച്, റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാര്‍ സ്വകാര്യ കണ്‍സള്‍ട്ടന്‍സിയെ ഏല്‍പ്പിച്ചു. അതും കെപിഎംജിയെ. അനുബന്ധ വിഷയങ്ങള്‍ പഠിച്ച് ഉപദേശം നല്കാന് അവര്‍ക്ക് ഫീസായി കൊടുത്തത് ഒന്നരക്കോടിയിലേറെ( കൃത്യമായി പറഞ്ഞാല്‍ 1,5718,954രൂപ). ഇതിനു പുറമേ നിയമോപദേശം തേടാന്‍ സിറിള്‍ അമര്‍ചന്ദ് മംഗള്‍ ദാസ് എന്ന സ്വകാര്യ സ്ഥാപനത്തിനു നല്‍കിയത് 55,39,522 രൂപ. പരസ്യത്തിനും ചെലവിട്ടു ആറു ലക്ഷത്തോളം രൂപ.
ലേല നടപടികളില്‍ പങ്കെടുക്കാന്‍ വിശാലമായ പഠനഗവേഷണം ഒന്നും വേണ്ട. മാത്രമല്ല സ്വകാര്യവല്‍ക്കരണത്തെ എതിര്‍ക്കുന്ന കാര്യം പഠിക്കാന്‍ രണ്ടു കോടിയിലേറെ മുടക്കി സ്വകാര്യ കമ്പനികള്‍ക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയെന്നതാണ് വിരോധാഭാസം. ഇതു സംബന്ധിച്ച വിവരാവകാശ നിയമ പ്രകാരം വിവരം തേടിയ മട്ടാഞ്ചേരി നീലമന ഇല്ലത്ത് ഗോവിന്ദന് നമ്പൂതിരി ജന്മഭൂമിയോടു പറഞ്ഞു. ലേലത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന വ്യവസായ വികസന കോര്പ്പറേഷന് മുടക്കിയത് 2.36 കോടി രൂപയാണ്.
കിറ്റ്കോ പോലുള്ള സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സികള്‍ ഉള്ളപ്പോള്‍ രണ്ടരക്കോടി തുലച്ച് സ്വകാര്യ സ്ഥാപനങ്ങളെ കണ്സള്ട്ടന്സിയാക്കിയതില് ദുരൂഹതയുണ്ട്.
ഇത്രയുമൊക്കെ ചെയ്തിട്ടും കരാര്‍ നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ തോല്‍ക്കുകയും ചെയ്തു. കെഎസ്ഐഡിസി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ തുകയില്‍ പത്തു ശതമാനം കുറവു നല്‍കിയാണ് ലേലത്തില്‍ പങ്കെടുപ്പിച്ചത്. എന്നിട്ടും പ്രയോജനപ്പെടുത്താന്‍ സര്‍ക്കാരിനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: