പെന്‍സില്‍ ഒരു ചെറിയ എഴുത്തു പകരണം മാത്രമല്ലെന്ന് തെളിയിക്കുകയാണ് പെന്‍സില്‍ ചിത്രരചനയില്‍ അത്ഭുതം തീര്‍ക്കുന്ന റെജി ചെറുശ്ശേരി.ഛായാചിത്ര രചനയില്‍ പെന്സിലിന്റ സാധ്യതകള്‍ സൂക്ഷ്മമായി മനസ്സിലാക്കി ചിത്രം വരയ്ക്കുന്നതില്‍ ഏറെ ശ്രദ്ധേയനാണ് റെജി.
ചിത്ര രചനയില്‍ സജീവമായിട്ട് ആറുമാസമേ ആയിട്ടുള്ളൂവെങ്കിലും ദേശീയ നേതാക്കളും പ്രമുഖരുമടക്കം നൂറിലധികം വ്യക്തികളുടെ ജീവന് തുടിക്കുന്ന ചിത്രങ്ങള്‍ വരച്ച് അംഗീകാരം നേടിക്കഴിഞ്ഞു ഈ യുവകലാകാരന്.
സാമൂഹിക പരിഷ്കര്‍ത്താവ് അയ്യന്‍കാളി, ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍ കലാം, മുന്‍ കേന്ദ്ര മന്ത്രി സുഷമ സ്വരാജ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പത്മഭൂഷണ്‍ പി.പരമേശ്വരന്, പത്മശ്രീ എം.കെ.കുഞ്ഞോല്‍ മാഷ്, പത്മശ്രീ പങ്കജാക്ഷിയമ്മ, തോമസ് ചാഴിക്കാടന് എം.പി, പി.കെ.ആശ എംഎല്‍എ, ഭഗവതഹംസം മള്ളിയൂര്‍ ശങ്കരന് നമ്പൂതിരി,വൈക്കം ഗോപകുമാര്‍, മേജര്‍ ലാല്‍കൃഷ്ണ എന്നിങ്ങനെ പട്ടിക നീളുകയാണ്. മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിയുടെ ഛായാചിത്രം വിനായക ചതുര്‍ത്ഥി ദിനമായ ഓഗസ്റ്റ് 22ന് സമര്‍പ്പിക്കും. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, മെട്രോമാന് ഇ.ശ്രീധരന്, പ്രമുഖ സിനിമ നടന്മാരായ മധു, ഇന്ദ്രന്‍സ് എന്നിവരുടെ ചിത്രങ്ങള്‍ വരയ്ക്കാനുളള തയ്യാറെടുപ്പിലാണ് റെജി.
ചിത്രരചനയില്‍ അക്കാദമിക പരിശീലനം നേടിയിട്ടില്ലാത്ത റെജിക്ക് ജന്മസിദ്ധമായ കഴിവ് മാത്രമാണ് കൈമുതല്‍.കുട്ടിക്കാലത്ത് ചിത്രരചനയില്‍ താത്പര്യമുണ്ടായിരുന്നെങ്കിലും പിന്നീടത് ശ്രദ്ധിച്ചില്ല. ചെറുപ്പകാലത്തുണ്ടായിരുന്ന കലാവാസനയെ പൊടിതട്ടിയെടുത്തത് ആറ് മാസം മുമ്പാണ്. ഇഷ്ട ദേവതയായ പിറവം കളമ്പൂക്കാവ് ഭഗവതിയുടെ ചിത്രം വരച്ച് നടയ്ക്ക് വച്ചായിരുന്നു തുടക്കം. ദേവിയുടെ ചിത്രം കണ്ട് പ്രശംസിച്ച ക്ഷേത്രം ഭാരവാഹിയും സഹോദരതുല്യനുമായ കളമ്പൂര് ഉണ്ണികൃഷ്ണനാണ് ചിത്രരചന ഒരു തൊഴിലായി തുടരാന്‍ പാടില്ലേ എന്നു ചോദിച്ചത്.
ഇത് വഴിത്തിരിവായി. ക്ഷേത്രം തന്ത്രി മനയത്താറ്റില്ലം ചന്ദ്രശേഖരന് നമ്പൂതിരിയുടെ ചിത്രമാണ് ഈ ഗണത്തില്‍ ആദ്യം വരച്ചത്. അദ്ദേഹത്തെ ഗുരുവായി സ്വയം വരിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ കളമ്പൂക്കാവ് പാന മഹോത്സവത്തില്‍ നടന്ന ചടങ്ങില്‍ ചിത്രം അദ്ദേഹത്തിന് ഗുരുദക്ഷിണയായി സമര്‍പ്പിച്ചു.ദേവിയുടെയും തന്ത്രിയുടെയും അനുഗ്രഹത്താല്‍ പി
ന്നീട് ഛായാചിത്ര രചനയില്‍ ഇടവേളയില്ലാത്ത യാത്രയായിരുന്നു. ഇപ്പോള്‍ റെജിക്ക് ചിത്രരചന ഒരു ഉപാസനയാണ്. കോവിഡ് മൂലമുണ്ടായ അടച്ചുപൂ
ട്ടല് സമയത്താണ് ചിത്ര രചനയില്‍ റെജി സജീവമായത്. നിരവധി ചിത്രങ്ങള്‍ ഈ സമയത്ത് വരച്ചു. എല്ലാം ജീവസ്സുറ്റവ തന്നെ. പ്രശംസകള്‍, അഭിനന്ദനങ്ങള്‍. തന്റെ ഇടം ഇത് തന്നെയെന്ന് റെജി തിരിച്ചറിഞ്ഞതും ഈ ലോക്ഡൗണ്‍ കാലത്താണ്.
ഇപ്പോള്‍ മുഴുവന്‍ സമയ ചിത്രരചനയുമായി കുടംബത്തോടൊപ്പം വെള്ളൂര്‍ എച്ച്എന്‍എല്‍ ക്വാര്‍ട്ടേഴ്സിലാണ് താമസം. ഭാര്യ പോസ്റ്റല്‍ ജീവനക്കാരി ഗോപിക. മക്കള്‍ വെള്ളൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളായ ദേവിക, ജ്യോതിക.
ടി.എന്‍.രാജന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: