ന്യൂദല്‍ഹി : ബോളീവുഡ് താരം സുശാന്ത് സിങ് രാജ്പൂത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ശരിവെച്ച് സുപ്രീംകോടതി. സിബിഐ അന്വേഷണത്തിനെതിരെ നടി റിയ ചക്രബര്‍ത്തി നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം അറിയിച്ചത്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തെളിവുകളും സിബിഐക്ക് കൈമാറാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ സിബിഐയ്ക്ക് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാമെന്നും കോടതി അറിയിച്ചു.
ജൂണ്‍ 14നാണ് സുശാന്ത് സിങ്ങിനെ ബാന്ദ്രയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ കാമുകി റിയാ ചക്രബര്‍ത്തിക്കെതിരെ സുശാന്തിന്റെ കുടുംബം രംഗത്ത് വന്നിരുന്നു. സാമ്പത്തിക നേട്ടത്തിനായി സുശാന്തിനെ ഉപയോഗിച്ചെന്നായിരുന്നു സുശാന്തിന്റെ കുടുംബത്തിന്റെ പരാതി. 28 കാരിയായ കാമുകി റിയ ചക്രബര്‍ത്തിയും കുടുംബവും സുശാന്തിനെ സാമ്പത്തികമായും മാനസികമായും ഉപദ്രവിച്ചുവെന്നും സുശാന്തിന്റെ പിതാവ് നല്കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്.
എന്നാല്‍ സുശാന്തിന്റേത് ആത്മഹത്യയാണെന്നും വിഷാദരോഗം ബാധിച്ചതായും, സിനിമാ വ്യവസായ മേഖലയിലെ ആളുകളും സംഘര്‍ഷങ്ങളും അനുഭവിച്ചതുമാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് മുംബൈ പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: