കൊച്ചി: വിവാദമായ ലൈഫ് മിഷന് പാര്‍പ്പിട നിര്‍മ്മാണ പദ്ധതിയിലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവും അനുമതിയുമുണ്ടായിരുന്നുവെന്നതിന് തെളിവ്. സ്വര്‍ണക്കടത്തു സംഘത്തിലെ പ്രതികള്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വഴി ഈ ഇടപാടിലും ധനസമ്പാദനം നടത്തിയെന്ന് സാമ്പത്തിക കുറ്റകൃത്യക്കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
യുഎഇയിലെ റെഡ്ക്രസന്റില്‍നിന്ന് നേരിട്ടുള്ള ധനസഹായം സ്വീകരിച്ചതും നടപ്പാക്കിയതും ശിവശങ്കറായിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് കരാറെടുത്ത യൂണിടാക്കിനോട് പദ്ധതി പങ്കാളിത്തത്തിന് ശിവശങ്കറെ കാണാന്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ നിര്‍ദേശിക്കുകയായിരുന്നു.
സ്വര്‍ണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ സമ്പാദ്യം നേരായ വഴിയിലല്ല. ലോക്കറില്‍ സ്വപ്ന സൂക്ഷിച്ചത് യൂണിടാക് നല്കിയ കമ്മീഷന് തുകയാണെന്നും ഇഡി വാദിച്ചു. അന്വേഷണം ആരംഭഘട്ടത്തിലാണ്. സ്വപ്നയ്ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ട്. ആറ് ശതമാനം കമ്മീഷനാണ് സ്വപ്നയ്ക്ക് മാത്രം നല്‍കിയത്. പണ്ടു മുതലേയുള്ള സ്വത്താണ് ലോക്കറില്‍നിന്ന് കണ്ടെത്തിയ 620 പവന് സ്വര്‍ണമെന്ന സ്വപ്നയുടെ അഭിഭാഷകന്റെ വാദം ഇഡി തള്ളി. കണ്ടെടുത്ത പണത്തിനും സ്വര്‍ണത്തിനും രേഖകള്‍ ഇല്ല. സ്വപ്നയ്ക്ക് അതിനു തക്ക വരുമാന സ്രോതസുമില്ല, ഇഡി വാദിച്ചു. സ്വപ്നയുടെ ജാമ്യാപേക്ഷ വിധി പറയാന്‍ വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.
സ്വര്‍ണക്കടത്തിന് ഫണ്ടു കണ്ടെത്താന്‍ സ്വപ്നയും സംഘവും ഗള്‍ഫില്‍ സ്വര്‍ണം പായ്ക്ക് ചെയ്യുന്ന വീഡിയോ ചിത്രീകരിച്ച് കേരളത്തിലുള്ള പലര്‍ക്കും അയച്ചു കൊടുത്തിരുന്നതായി കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. പതിനൊന്നാം പ്രതി മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി അബ്ദുള്‍ ഹമീദിന്റെ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം കോടതിയില്‍ അറിയിച്ചത്.
കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ നാലു പേരെ എന്‍ഐഎ കോടതി എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു. മുഹമ്മദ് അന്‍വര്‍, ഹംസദ് അബ്ദുസലാം, സംജു, ഹംസദ് അലി എന്നിവരെയാണ് 24 വരെ കസ്റ്റഡിയില്‍ വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: