കേരളം, മഹാത്മാ ഗാന്ധിയുടെ പാദസ്പര്ശത്താല് ധന്യമായിട്ട് നൂറ് വര്‍ഷം. അദ്ദേഹം കേരളത്തിലെത്തിയതിന്റെ ശതവാര്‍ഷികമായിരുന്നു ഇന്നലെ. 1920 ആഗസ്റ്റ് 18 നായിരുന്നു ഗാന്ധിജിയുടെ ആദ്യ കേരള സന്ദര്‍ശനം. ഖിലാഫത്ത് പ്രസ്ഥാനവും നിസ്സഹകരണവും സംയോജിപ്പിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടം കരുത്തുറ്റതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള യാത്രയുടെ ഭാഗമായാണ് ഗാന്ധിജി കോഴിക്കോട്ട് എത്തിയത്.
ഗാന്ധിജിയെ കാണുന്നതിനും അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കുന്നതിനും കോഴിക്കോട് കടപ്പുറത്തുവച്ചുനടന്ന പൊതുയോഗത്തിലേക്ക് ഒഴുകിയെത്തിയ പുരുഷാരത്തെയും സാഗരത്തേയും സാക്ഷി നിര്‍ത്തി അദ്ദേഹം ഒരുമണിക്കൂറോളം പ്രസംഗിച്ചു. കെ. മാധവന് നായരാണ് ഗാന്ധിജിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. ബ്രിട്ടീഷുകാരോടുളള ഭയത്തില്‍ നിന്ന് എപ്രകാരം പുറത്തുകടക്കാം എന്നതായിരുന്നു പ്രസംഗത്തിന്റെ രത്നച്ചുരുക്കം.
ഗാന്ധിജിയുടെ സന്ദര്‍ശനം, കേരളത്തിലെ ജനതയക്ക് പുതിയൊരു ദിശാബോധം നല്കി. ദേശീയ ചിന്താധാരയിലേക്ക് അവരെ കൂടുതല്‍ അടുപ്പിച്ചു. അടിമത്തത്തിന്റെ ചങ്ങല കണ്ണികള്‍ ഭേദിക്കാന്‍ വേണ്ടിവന്നാല്‍ ആത്മത്യാഗം വരെ ചെയ്യുവാന്‍ സന്നദ്ധമാക്കുന്നതായിരുന്നു ഗാന്ധിജിയുടെ പ്രസംഗം. ആദ്യ സന്ദര്‍ശനത്തില്‍ 20 മണിക്കൂറാണ് അദ്ദേഹം മലബാറിന്റെ മണ്ണില്‍ ചിലവഴിച്ചത്. മൗലാന ഷൗക്കത്തലിയും അന്ന് ഗാന്ധിജിയെ അനുഗമിച്ചിരുന്നു.
ആദ്യ സന്ദര്‍ശനത്തിന് ശേഷം മഹാ ത്മാ ഗാന്ധി നാല് തവണകൂടി കേരളത്തില്‍ സന്ദര്‍ശനം നടത്തി. 1925 മാര്‍ച്ച് (8-19), 1927 (ഒക്ടോബര്‍ 9-15,25), 1934 (ജനുവരി 10-22), 1937 (ജനുവരി 12-21) എന്നീ വര്‍ഷങ്ങളില്‍. ഒരോ വരവിലും പ്രത്യേക ലക്ഷ്യങ്ങളുണ്ടായിരുന്നു. അതെല്ലാം സാക്ഷാത്കരിക്കുന്നതിന് അകമഴിഞ്ഞ സഹകരണമാണ് കേരള ജനതയുടെ ഭാഗത്തുനിന്നും ഉണ്ടായതും. ഗാന്ധിജി സമര്‍പ്പിത ജീവിതം നമുക്കെന്നും മാതൃകയാണ്. അതുകൊണ്ടാണ് അദ്ദേഹം അന്നും ഇന്നും ഭാരതീയരുടെ ഉള്ളില്‍ ഒരു വികാരമായി നിറയുന്നതും.
വി.വി
പ്രതികരിക്കാൻ ഇവിടെ എഴുതുക: