ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ കൊറോണ പരിശോധന ലാബ് പ്രവര്‍ത്തനാരംഭിച്ചു. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ആണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുമതി ലഭിച്ചത്.
ലാബിന്റെ അപര്യാപതത ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അടക്കം സാരമായി ബാധിച്ചിരുന്നു. കൊറോണ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന നൂതന സംവിധാനമാണ് ഇടുക്കി മെഡിക്കല്‍ കോളേജില്‍ സജ്ജികരിച്ചിരിക്കുന്നത്. ഈ രോഗത്തിന് സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് തത്സമയ പോളിമറേസ് ചെയിന്‍ റിയാക്ഷന് (ആര്‍ടി-പിസിആര്‍) പരിശോധന. ഇന്നലെ 16 പേരുടെ സ്രവങ്ങളാണ് പരിശോധനയ്ക്കെടുത്തത്.
ഇനി മുതല്‍ ഇവിടെ പ്രതിദിനം നൂറോളം പേരുടെ സ്രവ പരിശോധന നടത്താനാവും. ഒരാഴ്ചക്കുള്ളില്‍ മൂന്ന് ഷിഫ്റ്റായി പ്രവര്‍ത്തനം വിപുലമാക്കും, ഇത്തരത്തില്‍ പരമാവധി 270 സാമ്പിളാണ് ഒരു പരിശോധിക്കാനാകുക. പിസിആര്‍ മെഷീന്, ബയോസേഫ്റ്റി ക്യാബിനറ്റുകള്‍ തുടങ്ങി അത്യാധുനീക ഉപകരണങ്ങള്‍ പിസിആര്‍ ടെസ്റ്റ് ലാബില്‍ സജ്ജമാക്കിയിട്ടുണ്ട്.
ഒരു സമയത്ത് 96 സാമ്പിള്‍ പരിശോധിയ്ക്കാന്‍ സാധിക്കുന്ന ഓട്ടോമേറ്റഡ് എക്സ്ട്രാക്ഷന്‍ ആര്‍എന്‍എ സിസ്റ്റം ലഭിച്ചാല്‍ ജില്ലയിലെ മുഴുവന്‍ സ്രവ പരിശോധനയും ഇവിടെ നടത്താന്‍ സാധിക്കും. ഏകദേശം 34 ലക്ഷം രൂപയാണ് ഇതിന്റെ വില.
നിലവില്‍ കോട്ടയം തലപ്പാടിയിലാണ് പരിശോധനകള്‍ നടത്തിയിരുന്നത്. ഇക്കാരണത്താല്‍ പരിശോധന ഫലം വൈകിയിരുന്നു. നിലവില്‍ 500-550 സാമ്പിള്‍ വരെയാണ് ജില്ലയില്‍ ഒരു ദിവസം ശേഖരിക്കുന്നത്. ഇതിന്റെ പാതിയോളമെങ്കിലും പരിശോധിക്കാനായാല്‍ ഫലം വൈകുന്ന സാഹചര്യത്തിന് തന്നെ മാറ്റമുണ്ടാകും. ഭാവിയില്‍ ഈ ലാബ് മരുന്ന് ഗവേഷണത്തിനായി ഉപയോഗിക്കാന്‍ സാധിക്കും. ഒരു മാസം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ലാബിന്റെ ഉദ്ഘാടനം പല തവണ തടസങ്ങള്‍ മൂലം മാറി പോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: