ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇതാദ്യമായി ഫൈനലിലെത്താമെന്ന് മോഹവുമായി ഫ്രഞ്ച് ശക്തികളായ പാരീസ് സെന്റ് ജര്‍മന്‍സും (പിഎസ്ജി) ജര്‍മന്‍ ടീമായ ലീപ്‌സിഗും ഇറങ്ങുന്നു. ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ സെമയില്‍ ഇന്ന് ഈ ടീമുകള്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് കിക്കോഫ്.
സൂപ്പര്‍ സ്റ്റാറുകളായ നെയ്മറും കൈലിയന്‍ എംബാപ്പെയും അണിനിരക്കുന്ന ശക്തമായ ടീമാണ് പിഎസ്ജി. അതേസമയം, ചാമ്പ്യന്‍സ് ലീഗില്‍ ഏറെ പരിചയസമ്പന്നരല്ലാത്ത കളിക്കാരാണ് ലീപ്‌സിഗില്‍ അണിനിരക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ല. ജയിച്ചാല്‍ ഇതാദ്യമായി ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരിന് അര്‍ഹത നേടാം.
അതേസമയം, പിഎസ്ജിക്ക് എന്തുവിലകൊടുത്തും വിജയം നേടണം. തോറ്റാല്‍ അത് ടീമിനെ മൊത്തത്തില്‍ നിരാശരാക്കും. ഫ്രഞ്ച് ലീഗിലെ മുടിചൂടാമന്നന്മാരായ പിഎസ്ജിക്ക് ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാനായിട്ടില്ല. ഇത്തവണ ചാമ്പ്യന്‍പട്ടം നേടിയെടുക്കണമെന്ന വാശിയിലാണവര്‍.
അവസാന മൂന്ന് സീസണില്‍ പിഎസ്ജി ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. അതിന് മുമ്പ് തുടര്‍ച്ചയായി നാലു തവണ അവര്‍ ക്വാര്‍ട്ടര്‍ ഫൈനലിലും എത്തി. 25 വര്‍ഷം മുമ്പാണ് പിഎസ്ജി അവസാനമായി ചാമ്പ്യന്‍സ് ലീഗിന്റെ സെമിയിലെത്തിയത്. അന്ന് എസി മിലിന് മുന്നില്‍ അവരുടെ ഫൈനല്‍ സ്വപ്‌നം പൊലിഞ്ഞു.
ഇത്തവണ പ്രീ ക്വാര്‍ട്ടറില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെയും ക്വാര്‍ട്ടറില്‍ അറ്റ്‌ലാന്റയേയും മറികടന്നാണ് പിഎസ്ജി സെമിയിലെത്തിയത്. ഏതു ടീമിനെയും അട്ടിമറിക്കാന്‍ കഴിവുള്ള ടീമാണ് ഞങ്ങള്‍. മുന്‍ സീസണിലെ ടീമിനെക്കാള്‍ വളരെ ശക്തമാണ് നിലവിലെ ടീമെന്ന് പിഎസ്ജി പ്രതിരോധതാരം മാര്‍ക്വിനോസ് പറഞ്ഞു.
ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്മറാണ് ടീമിന്റെ കരുത്ത്. എംബാപ്പെയും ഏയ്ഞ്ചല്‍ ഡി മരിയയും നെയ്മര്‍ക്ക് മികച്ച പിന്തുണ നല്‍കും. പരിക്കില്‍ നിന്ന് മുക്തി നേടി തിരിച്ചെത്തിയ എംബാപ്പെ അറ്റലാന്റക്കെതിരായ മത്സരത്തില്‍ കുറച്ച് സമയമാണ് കളിച്ചത്. എന്നാല്‍ സെമിയില്‍ തുടക്കം മുതല്‍ കളിക്കുമെന്നാണ് പ്രതീക്ഷ. സസ്‌പെന്‍ഷനെ തുടര്‍ന്ന് ഏയ്ഞ്ചല്‍ ഡി മരിയയ്‌ക്കും അറ്റ്‌ലാന്റക്കെതിരെ കളിക്കാനായില്ല.
അറ്റ്‌ലാന്റക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായി ഗോളി കെയ്‌ലര്‍ നവാസ് ഇന്ന് കളിക്കാന്‍ സാധ്യത കുറവാണ്. അതേസമയം പ്രതിരോധതാരം തിയാഗോ ഡിസില്‍വ കളിക്കുമെന്നാണ് പ്രതീക്ഷ.2016ല്‍ ബുന്ദസ് ലിഗയില്‍ കളിച്ചു തുടങ്ങിയ ലീപ്‌സിഗ് ഇത് രണ്ടാം തവണയാണ് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്നത്. പ്രീ ക്വാര്‍ട്ടറില്‍ പ്രീമിയര്‍ ലീഗ് ടീമായ ടോട്ടനത്തെയും ക്വാര്‍ട്ടറില്‍ ലാ ലീഗ ടീമായ അത്‌ലറ്റിക്കോ മാഡ്രിഡിനെയും പരാജയപ്പെടുത്തിയാണ് ലീപ്‌സിഗ് സെമിഫൈലനില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: