കണ്ണൂര്‍: എല്ലാ കാലത്തും ഭാരത ദേശത്തെ ഒന്നിച്ച് നിര്‍ത്തുന്ന ശക്തിവിശേഷമാണ് ഹിന്ദുത്വമെന്ന് ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന് തില്ലങ്കേരി പറഞ്ഞു. രാഷ്ട്രീയ സ്വയം സേവക സംഘം കണ്ണൂര്‍ സംഘ ജില്ലയുടെ ആഭിമുഖ്യത്തില്‍ നടന്ന അഖണ്ഡ ഭാരത ദിനാഘോഷത്തില്‍ രാഷ്ട്ര വൈഭവ് എന്ന ഫേസ്ബുക്ക് പേജിലൂടെ നടന്ന ശംഖൊലി 2020 എന്ന പരിപാടിയില്‍ അഖണ്ഡ ഭാരത സന്ദേശം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈന്ദവ ദേശീയതയുടെ മാഹാത്മ്യം പുതിയ തലമുറ മനസ്സിലാക്കണം. രാജ്യത്തിന്റെ ഏകത്വത്തിന്റെ ചാലക ശക്തിയായ ഹിന്ദുത്വമാണ് ഭാരതത്തെ ഒരുമിച്ച് നിര്‍ത്തിയത്. രാജ്യത്ത് നിലനിന്ന വൈദേശിക ആധിപത്യത്തിനും ഇസ്ലാമിക ശക്തികളുടെ അധിനിവേശത്തിനുമെതിരായി പൂര്‍വ്വികരായ ധീര ദേശാഭിമാനികള്‍ നടത്തിയ ഉജ്വല പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന മണ്ണാണ് ഭാരതം. ലക്ഷക്കണക്കിനാളുകളുടെ ധീരോദാത്തമായ പോരാട്ടത്തിലൂടെയാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. ഒരുപാട് ധീരാത്മാക്കള്‍ രാജ്യത്തിനു വേണ്ടി ജീവന് ബലികൊടുത്തു. സ്വാതന്ത്ര്യമില്ലാത്തവരുടെ നാട്ടില്‍ ജീവിക്കാന്‍ ആഗ്രഹമില്ലെന്നും മരണത്തോട് മാത്രമാണ് പ്രണയമെന്നും പ്രഖ്യാപിച്ച് രാജ്യത്തിനു വേണ്ടി മരണം വരിച്ച ഭഗത്സിംഗിനെ പോലുളള ധീരയോധാക്കളുടെ പോരാട്ടത്തിന്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം.
ആധുനിക കാലഘട്ടത്തില്‍ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ജീഹാദി ഭീകരരെ ഉള്‍പ്പെടെ നേരിടുന്നതിന് ഇത്തരം പോരാട്ടങ്ങളുടെ പൂര്‍വ്വകാല ഓര്‍മ്മകള്‍ നമുക്ക് പ്രചോദനമാവേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ ഭൂതകാല വിസ്മയം മനസ്സിലാക്കാന്‍ പൂര്‍വ്വ ചരിത്രം പഠിക്കാന്‍ പുതുതലമുറ തയ്യാറാവണം. നാടിന്റെ പാരമ്പര്യവും പൈതൃകവും അറിയാത്ത വൈദേശിക പ്രത്യയശാസ്ത്രത്തെ പിന്തുടരുന്ന ചില ആളുകള്‍ രാഷ്ട്ര ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്. രാഷ്ട്രത്തെ കുറിച്ച് മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഇത്തരക്കാരുടെ തൊഴില്‍. അധികാരം കൈപ്പിടിയിലൊതുക്കാന്‍ വേണ്ടി ചിലര്‍ ധൃതിപ്പെട്ട് നടത്തിയതായിരുന്നു ഭാരത വിഭജനം. എന്നാല്‍ അഖണ്ഡ ഭാരതമെന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാവുകതന്നെ ചെയ്യും. ലോകത്തെവിടെയൊക്കെ ദേശീയതയെ വെട്ടിമുറിക്കാനും നശിപ്പിക്കാനും ക്ഷുദ്ര ശക്തികളുടെ ശ്രമം നടന്നിട്ടുണ്ടോ അവിടെയെല്ലാം പില്ക്കാലത്ത് ഏകീകരണമുണ്ടാവുകയും വിഭജിക്കപ്പെട്ട സംസ്ക്കാരങ്ങള്‍ ഒന്നായി തീര്‍ന്ന ചരിത്രവുമാണുളളത്. ഒന്നിച്ചു നിന്നാല്‍ നേടിയെടുക്കാനാവാത്തതായി ഭാരതത്തിനൊന്നുമില്ല. ഇനിയൊരിക്കലും ഒരു വിഭജനം അനുവദിക്കില്ലെന്ന് സ്വാതന്ത്ര്യ ദിന നാളില്‍ നാം പ്രതിഞ്ജയെടുക്കണം.
ദേശീയ പ്രസ്ഥാനങ്ങളുടെ രാജനൈതിക രംഗത്തെ ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യം സ്വാതന്ത്ര്യാനന്തരം പിന്തുടര്ന്നു കൊണ്ടിരിക്കുന്ന വൈദേശിക ചിഹ്നങ്ങള്‍ പലതും തകര്‍ന്നടിഞ്ഞു തുടങ്ങി. പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കാന്‍ തീരുമാനിച്ചതോടെ സാംസ്ക്കാരിക സ്വാതന്ത്ര്യവും രാജ്യത്ത് യഥാര്‍ത്ഥ്യമാവുകയാണ്. പിറന്നനാടും പെറ്റമ്മയും സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമെന്ന് വിശ്വസിക്കുന്ന സാംസ്ക്കാര പൈതൃകത്തിനുടമകളായ ജനതയ്ക്ക് ഒന്നും അപ്രാപ്യമല്ലെന്നും ഭാരതം ലോകത്ത് ഏറ്റവും ശക്തമായ രാഷ്ട്രമായി സമീപഭാവിയില്‍തന്നെ മാറുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: