സംഘശക്തി പ്രണേതാരൗ കേശവോ മാധവസ്ഥതാ
സ്മരണീയാ സദൈവൈതേ നവചൈതന്യദാകാഃ
രാഷ്ട്രീയ സ്വയം സേവക സംഘസ്ഥാപകനും പ്രഥമ സര്‍സംഘചാലകുമായിരുന്ന ഡോ. ഹെഡ്ഗേവാറുടെ ദേഹവിയോഗത്തിനു ശേഷം സര്‍സംഘചാലകിന്റെ ഭാരിച്ച ഉത്തരവാദിത്തം മാധവ സദാശിവ ഗോള്വല്ക്കറിനായിരുന്നു. നാഗ്പൂരിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. കാശി സര്‍വകലാശാലയില്‍ അധ്യാപകനായിരുന്ന ഗോള്‍വല്‍ക്കര്‍, ഗുരുജി എന്ന പേരില്‍ പ്രസിദ്ധനായി. പിന്നീട് ആ പദവി ഉപേക്ഷിച്ച് നിയമപഠനം നടത്തി. ഏറെ വൈകാതെ അദ്ദേഹത്തില്‍ ജന്മസിദ്ധമായിരുന്ന വൈരാഗ്യോന്മുഖതയാല് അവയെല്ലാം ഉപേക്ഷിച്ച് സാരഗാഛിയിലെ (ബംഗാള്‍) അഖണ്ഡാനന്ദ സ്വാമികളുടെ ശിഷ്യനായി ആധ്യാത്മികതയില്‍ ചുവടുറപ്പിച്ചു. സ്വാമിജിയുടെ മരണാനന്തരം അദ്ദേഹത്തിന്റെ തന്നെ ആവശ്യപ്രകാരം സാമൂഹിക സേവനത്തില്‍ മുഴുകി. അതിന് ഏറ്റവും ഉത്തമമായ മാര്‍ഗം രാഷ്ട്രീയ സ്വയംസേവക സംഘമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. 33 വര്‍ഷം സര്‍സംഘചാലകായി തുടര്‍ന്ന അദ്ദേഹം സംഘപ്രവര്‍ത്തനത്തെ കൂടുതല്‍ വ്യാപകമാക്കാന്‍ അക്ഷീണം പ്രയത്നിച്ചു. സാമൂഹിക ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ പുനര്‍നിര്‍മാണം നടത്താന്‍ ലക്ഷ്യമിട്ട് വ്യത്യസ്തങ്ങളായ സംഘടനകള്‍ രൂപീകരിക്കാന്‍ സ്വയം സേവകരെ പ്രേരിപ്പിച്ചു. അതുവഴി ഹൈന്ദവരെയൊന്നാകെ ചേര്‍ത്തു നിര്‍ത്തുന്നതിനായി ആത്മസമര്‍പ്പണം നടത്തിയ മഹാത്മാവായിരുന്നു മാധവ സദാശിവ ഗോള്‍വല്‍ക്കര്‍.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: