കേരളത്തിന്റെ ആയോധനാ കലാരൂപമായ കളരിപ്പയറ്റ് ജീവിതത്തിന്റെ ഭാഗമാക്കി ഒരു കുടുംബം. ഏതാനും ദിവസം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫോക്‌ലോര്‍ അക്കാദമിയുടെ ഫെലോഷിപ് ലഭിച്ച കണ്ണൂര്‍ ആലക്കോട് കരുവഞ്ചാല്‍ കടത്തനാട് കെപിസിജിഎം കളരി സംഘം ഉടമയായ ഗുരുക്കള്‍ എം. രാമചന്ദ്രനും കുടുംബവുമാണ് കഴിഞ്ഞ 35 വര്‍ഷക്കാലത്തിലധികമായി കളരി പഠനവും പരിശീലനവും മര്‍മ്മ ചികിത്സയും ജീവിത വ്രതമാക്കി മുന്നേറുന്നത്. ഒരു കുടുംബത്തിലെ മുഴുവന്‍ പേരും, മാതാപിതാക്കളും മക്കളും കളരിപ്പയറ്റും കളരി ചികിത്സയും ജീവനോപാധിയാക്കുക. ഒപ്പം നാടിന്റെ യുവതലമുറയ്‌ക്ക് മെയ്‌വഴക്കവും ശാരീരിക ക്ഷമതയും ആരോഗ്യവും പ്രദാനം ചെയ്യുക. ഒരുപക്ഷേ കേരളത്തില്‍ ഇന്നത്തെ കാലഘട്ടത്തില്‍ ഇങ്ങനെയൊരു കുടുംബം വേറെ ഇല്ല എന്നു തന്നെ പറയേണ്ടി വരും. ഇക്കാര്യത്തില്‍ തനിക്കും കുടുംബത്തിനും അഭിമാനമുണ്ടെന്നും, ദൈവാനുഗ്രഹവും ഗുരുകടാക്ഷവും ഒന്നുകൊണ്ട് മാത്രമാണ് താനും കുടുംബവും വര്‍ഷക്കള്‍ക്കിപ്പുറവും ഈ മേഖലയില്‍ പരിശോഭിച്ച് നിലകൊളളുന്നതെന്നും രാമചന്ദ്രന്‍ സാക്ഷ്യപ്പെടുത്തുന്നു.
ഭാരത സംസ്‌കാരത്തിന്റെ പൈതൃകമായ, ഋഷിശ്വരന്മാരാല്‍ കൈമാറി വന്ന ആയോധന കല കളരി എന്ന സംസ്‌കൃതിയെ സനാതന ധര്‍മ്മത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇന്നും അതിന്റെ പവിത്രത നഷ്ടപ്പെടുത്താതെ ഗുരുക്കള്‍ കാത്ത് സൂക്ഷിക്കുകയാണ്. ഗുരുവന്ദനവും നവമീ പൂജയും കച്ചകെട്ടും ഒപ്പം ആചാര അനുഷ്ഠാനങ്ങളോടുകുടി ഇന്നും പരിപാലിച്ച് വരുന്നു. കടത്തനാടന്‍, വടക്കന്‍, തെക്കന്‍ സമ്പ്രദായങ്ങളും യോഗ പരിശീലനവും കളരി പരിശീലനത്തിന്റെ ഭാഗമാണ്.
കളരിക്ക് പേരുകേട്ട കടത്തനാട് വടകര പുതുപ്പണം സ്വദേശിയായ മലയില്‍ ചാത്തുവിന്റെയും ദേവിയുടെയും മകനായി ജനിച്ച രാമചന്ദ്രന്‍ ഗുരുക്കള്‍, പ്രമുഖ കളരി ആശാനായിരുന്ന കടത്തനാട് ചന്ദ്രന്‍ ഗുരുക്കളുടെ പ്രധാന ശിഷ്യരില്‍ ഒരാളാണ്. നന്നെ ചെറുപ്പത്തില്‍ കളരിഭ്യാസവും കളരി മര്‍മ്മ ചികില്‍സാ വിധികളും സ്വായത്തമാക്കിയ അദ്ദേഹം കളരിയിലെ കൈ ഉഴിച്ചല്‍, ചവിട്ടി ഉഴിച്ചല്‍ എന്നിവയില്‍ പ്രാവീണ്യം നേടിയ അപൂര്‍വ്വം പേരില്‍ ഒരാളാണ്. 1985-86 കാലഘട്ടത്തില്‍ കണ്ണൂര്‍ ജില്ലയിലെ പയ്യാവൂര്‍ പഞ്ചായത്തിലെ കുന്നത്തര്‍പാടിയില്‍ അമ്മാവനായ ഡോ: സി.പി. രാഘവന്റെ കീള്‍ വര്‍ഷകാല കളരിയിലാണ് തുടക്കം. തുടര്‍ന്ന് 1990ല്‍ കളരിയില്‍ കേരള കളരിപ്പയറ്റ് അസോസിയേഷന്റെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും അംഗീകാരം ലഭിച്ചു. ഒപ്പം യോഗ, ഹോമിയോ,സിദ്ധ, പഞ്ച കര്‍മ്മ ചികിത്സയില്‍ പ്രാവിണ്യം നേടി. 1990 മുതല്‍ പയ്യാവൂര്‍ ശിവക്ഷേത്ര പരിസരത്ത് ഉത്സവത്തോട് അനുബന്ധിച്ച് ഘോഷയാത്രയും കളരിപ്പയറ്റ് പ്രദര്‍ശനവും നടത്താറുണ്ടായിരുന്നു. നൂറു കണക്കിന് ശിഷ്യര്‍ക്ക് വിദ്യപകര്‍ന്ന് കൊടുത്തു.
1992ല്‍ പയ്യാവൂരിലെ മുത്താറിക്കുളം സ്വദേശിയായ ഷൈലജ ഗുരുക്കളുടെ കുടുംബ ജീവിതത്തിലേക്ക് കടന്നുവന്നു. നന്നേ ചെറുപ്പത്തിലെ മികച്ച ഡാന്‍സുകാരിയായിരുന്ന ഭാര്യ ഷൈലജ കളരിയോടുളള തന്റെ പ്രേമത്തിന് മുതല്‍ക്കൂട്ടായി മാറിയതായി അദ്ദേഹം പറയുന്നു. ഭാര്യയുടെ സഹോദരന്മാര്‍ കളരി പരിശീലിച്ചവരായത് കൊണ്ടുതന്നെ വളറെ എളുപ്പത്തില്‍ അവരും ഗുരുക്കളില്‍ നിന്നും കളരി പരീശീലനം സിദ്ധിച്ചു. രാമചന്ദ്രനില്‍ നിന്ന് അഭ്യാസങ്ങളും ഉഴിച്ചല്‍ കളരിചികില്‍സയും യോഗയും പഠിച്ച് 2003-ല്‍ സ്വന്തമായി കളരി നിര്‍മിച്ച് പഠിപ്പിക്കുവാന്‍ തുടങ്ങി. കളരിപ്പയറ്റ് അസോസിയേഷന്റെയും കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും അംഗീകാരം ലഭിച്ച വനിതാ ഗുരുക്കളാണ് ഷൈലജ രാമചന്ദ്രന്‍. ഇവര്‍ പയ്യാവൂര്‍ ശിവക്ഷേത്രത്തിനു സമീപം കളരി നടത്തി വരുന്നു. നിരവധി കുട്ടികള്‍ ഇവിടെ കളരി പരിശീലിക്കുന്നു.
രാമചന്ദ്രന്റെ രണ്ടു മക്കളില്‍ രണ്ട് പേരും കളരിപ്പയറ്റ് പരിശീലകരാണ്. മകള്‍ അമൃത എം. രാമചന്ദ്രന്‍ ജില്ലാ സംസ്ഥാന-ദേശീയ മല്‍സരത്തില്‍ നിരവധി തവണ കളരിയില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുണ്ട്. നാല് തവണ തുടര്‍ച്ചയായി വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് ലഭിച്ചു. ഇപ്പോള്‍ കുട്ടികള്‍ക്കും യുവതികള്‍ക്കും പരിശീലനം നല്‍കിവരുന്നുണ്ട്. മകന്‍ ആരോമല്‍ രാമചന്ദ്രനും നിരവധി തവണ ജില്ലാ സംസ്ഥാന-ദേശീയ തലത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുണ്ട്. ഇവര്‍ രണ്ടുപേരും കേരളോത്സവ മത്സരങ്ങളിലും, യൂണിവേഴ്‌സിറ്റി നടത്തുന്ന കളരിപ്പയറ്റ് മല്‍സരത്തില്‍ വിജയികളിയിട്ടുണ്ട്. കളരിപ്പയറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി തുടര്‍ച്ചയായി 5 മണിക്കൂര്‍ 4 മിനിട്ട് ഉറുമി വീശി ലൊകറെക്കാഡ് കരസ്ഥമാക്കിട്ടുണ്ട്. മകളുടെ ഭര്‍ത്താവ് എം.വി. സനലും കളരിപ്പയറ്റ് യോഗ പരിശീലകനാണ്.
‘കടത്തനാടന്‍ കളരിപ്പയറ്റ്-അടിസ്ഥാനമുറകളും ചികിത്സയും’ എന്ന ഗ്രന്ഥത്തിന്റെ രചയിതാക്കളില്‍ ഒരാള്‍ കൂടിയാണ് രാമചന്ദ്രന്‍ ഗുരുക്കള്‍. കുടുംബ സമേതം കരുവന്‍ചാല്‍ പവിത്രാലയം വീട്ടിലാണ് കടത്തനാട് കെപിസിജിഎം കളരി സംഘം എന്ന പേരില്‍ കുഴിക്കളരി സ്ഥാപിച്ച് കളരി പരീശീലനവും കളരി ചികില്‍സയും നടത്തി വരുന്നത്. കേരളത്തില്‍ പല ജില്ലകളിലും ഗുരുക്കളുടെ ശിഷ്യന്മാര്‍ കളരി പരിശീലകരായി പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിനു പുറത്തും ഗുരുക്കളും കുടുംബവും കളരിപ്പയറ്റിന്റെയും കളരി മര്‍മ്മചികിത്സയുടെ പ്രചരണാര്‍ത്ഥം സെമിനാറുകളും പ്രദര്‍ശനവും ചികിത്സ ക്യാമ്പുകളും നടത്തി വരുന്നുണ്ട്.
പല കാരണങ്ങളാല്‍ ശരീരം തളര്‍ന്ന് പോയ നിരവധി നിരാലംബരായ രോഗികള്‍ക്ക് സൗജന്യ കളരി ചികിത്സയിലൂടെ സാധാരണ ജിവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാന്‍ ഗുരുക്കള്‍ക്ക് സാധിച്ചിട്ടുണ്ട്. ഗുരുക്കളില്‍ നിന്നും നേടിയ ആയോധനമുറകളുടെ, കളരി പരിശോധനയുടെ പിന്‍ബലത്തില്‍ നിരവധി ചെറുപ്പക്കാര്‍ക്ക് സേനകളില്‍ മറ്റും ജോലി ലഭിച്ചിട്ടുണ്ട്. ജപ്പാന്‍, ഒസ്ട്രിയ, ഇറ്റലി, ആസ്ത്രലിയ, ഇംഗ്ലണ്ട്, ജര്‍മ്മനി തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്ന് വിദേശികള്‍ കളരി പഠിക്കാനും, കളരി മര്‍മ്മ ചികില്‍സയ്‌ക്കും വേണ്ടി കളരിസംഘത്തിലെത്താറുണ്ട്. ഇതര സംസ്ഥാനങ്ങളിലും ഗുരുക്കള്‍ക്ക് കളരിപ്പയറ്റില്‍ ഒട്ടനവധി ശിഷ്യഗണങ്ങളുണ്ട്. നിരവധി അവാര്‍ഡുകളും പുരസ്‌ക്കാരങ്ങളും ഇതിനകം ഗുരുക്കളേയും കുടുംബാംഗങ്ങളേയും തേടിയെത്തിയിട്ടുണ്ട്. 2014ല്‍ ഗുരുക്കള്‍ക്ക് ഫോക്ക് ലോര്‍ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചിരുന്നു. ഇപ്പോള്‍ ആദ്യമായാണ് അക്കദമിയുടെ ഫേലോഷിപ്പ് ഇദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.
ഫോണ്‍: 984709 4981.
പ്രതികരിക്കാൻ ഇവിടെ എഴുതുക: