അസാധാരണ ലോകസാഹചര്യം നിലനില്‍ക്കവെയാണ് ഈ വര്‍ഷം ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. കൊവിഡ് 19 ഇന്ത്യയിലും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനാല്‍ വന്‍ തോതിലുള്ള ആഘോഷങ്ങള്‍ക്ക് പരമിതിയുണ്ട്. എങ്കിലും ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗം നടത്തുക എന്ന പതിവിന് മുടക്കമില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നതിന് പ്രത്യേകതകള്‍ ഏറെയാണ്.
ഒരു കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഏഴാം തവണ ഉയര്‍ത്തുന്നതും പരേഡില്‍ അഭിവാദ്യം സ്വീകരിക്കുന്നതും നടാടെയാണ്. അടല്‍ബിഹാരി വാജ്പേയി അഞ്ചുതവണ അഭിവാദ്യം സ്വീകരിച്ച് പ്രസംഗിച്ചിട്ടുണ്ട്. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു 16 തവണയും മകള്‍ ഇന്ദിര 14 തവണയും ദേശീയ പതാക ഉയര്‍ത്തി പ്രസംഗിച്ചിട്ടുണ്ട്.
പതിവ് ചടങ്ങിനേക്കാള്‍ ഏറെ പ്രസക്തിയും പ്രാധാന്യവുമാണ് നരേന്ദ്രമോദി പതാക ഉയര്‍ത്തുമ്പോഴുള്ളത്. അഞ്ചുവര്‍ഷം മുമ്പ് ആദ്യമായി പതാക ഉയര്‍ത്തി പ്രസംഗിക്കുമ്പോള്‍ നടത്തിയ പ്രഖ്യാപനങ്ങളൊന്നുപോലും ആവര്‍ത്തിക്കേണ്ടി വന്നിട്ടില്ല. സ്വാതന്ത്ര്യദിനത്തിലെ പ്രഖ്യാപനം അടുത്ത റിപ്പബ്ലിക് ദിനം ആകുമ്പോഴേക്കും നടപ്പാക്കുകയോ നടപടികള്‍ ആരംഭിക്കുകയോ ചെയ്തിട്ടുണ്ട്. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.
സ്വാതന്ത്ര്യലബ്ധിയുടെ 73-ാം വര്‍ഷത്തോടൊപ്പം റിപ്പബ്ലിക്കിന് സപ്തതി തികയുന്ന വര്‍ഷം കൂടിയാണിത്. ഇക്കാലയളവില്‍ ജനങ്ങളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും നിറവേറ്റാന്‍ കഴിഞ്ഞില്ലല്ലോ എന്ന നിരാശക്ക് ഇക്കുറി അവസരമില്ല. ജമ്മുകശ്മീര്‍ രാജ്യത്തിന്റെ ശിരസാണ്. അതിന്റെ അന്തസ് ഉയര്‍ത്തുന്ന നടപടി വിജയകരമായി പൂര്‍ത്തിയാക്കിയത് കഴിഞ്ഞ വര്‍ഷമാണ്. സ്വാതന്ത്ര്യ ലബ്ധിയോടൊപ്പം തന്നെ തുടങ്ങിയ തലവേദന, 370-ാം വകുപ്പിന്റെ അന്ത്യം കുറിച്ചതോടെ അകന്നിരിക്കുന്നു. ശക്തവും സംതൃപ്തവുമായ ഭരണക്രമം ജമ്മുകശ്മീരില്‍ സൃഷ്ടിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് കഴിഞ്ഞിരിക്കുന്നു.
മുസ്ലിം ജനതയുടെ ചിരകാല ദുഃഖമായിരുന്നു മുത്തലാഖ്. അത് റദ്ദാക്കണമെന്ന ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. മുസ്ലിം വനിതകളുടെ ഇതുമൂലമുള്ള ദുരിതം അകറ്റാന്‍ നടപടി സ്വീകരിക്കുകയും മുത്തലാഖ് കടുത്ത കുറ്റമാക്കുകയും ചെയ്തതോടെ ആ ദുരാചാരം ഒഴിവാക്കിയതിലുള്ള സന്തോഷത്തിലാണിവര്‍.
ഒരു രാജ്യം ഒരു പൗരന് എന്ന സങ്കല്പ്പത്തിലേക്കുള്ള വ്യക്തമായ കാല്‍വയ്പാണ് പൗരത്വ നിയമ ഭേദഗതി. രാഷ്ട്രീയമായ എതിര്‍പ്പുകളുണ്ടെങ്കിലും രാജ്യസ്നേഹികളായ സര്‍വ്വമാന ജനങ്ങളുടെയും പിന്തുണ ലഭിച്ച നിയമ ഭേദഗതിയാണത്. അതോടൊപ്പമോ ഒരുപടി മുന്നിലോ ആണ് ശ്രീരാമ ജന്മഭൂമിയില് രാമമന്ദിരം ഉയരുക എന്നത്.
1500 വര്‍ഷം മുമ്പ് വിദേശാക്രമി ബാബറാണ് അയോധ്യയില്‍ നിലനിന്നിരുന്ന ശ്രീരാമചന്ദ്രന്റെ ക്ഷേത്രം തകര്‍ത്തത്. നൂറ്റാണ്ടുകളായി ഭക്തജനങ്ങളുടെ അടങ്ങാത്ത ദുഖമായിരുന്നു അത്. ശ്രീരാമജന്മസ്ഥാനത്ത് ക്ഷേത്രം സ്ഥാപിക്കാന്‍ നടത്തിയ സമരത്തില്‍ നൂറുകണക്കിനാളുകളുടെ ജീവന് നഷ്ടപ്പെട്ടു.
മുഗളന്മാര് തകര്‍ത്ത ഭാരതത്തിന്റെ മാന ബിന്ദുക്കളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യാനുള്ള അഭിലാഷം ബ്രിട്ടീഷ് ഭരണകാലത്തുതന്നെയുണ്ടായി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യനാളുകളില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും തീവ്രശ്രമം നടന്നു. ആദ്യ ഉപ പ്രധാനമന്ത്രിയും രാജ്യത്തിന്റെ ഉരുക്കുമനുഷ്യനുമായിരുന്ന സര്‍ദാര്‍ പട്ടേല്‍ സൗരാഷ്ട്രയിലെ സോമനാഥ ക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ നടത്തിയ ശ്രമം വിസ്മരിച്ചുകൂടാ. സര്‍ദാര്‍ പട്ടേലും നെഹ്രു മന്ത്രിസഭയിലെ ഭക്ഷ്യവകുപ്പ് മന്ത്രിയുമായിരുന്ന കെ.എം. മുന്‍ഷിയും മഹാത്മജിയെ കണ്ട് സോമനാഥ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുന്ന കാര്യം ധരിപ്പിച്ചു. എല്ലാ പിന്തുണയും അനുഗ്രഹവും അറിയിച്ചത് ഒരു നിബന്ധനയോടെയായിരുന്നു. ‘ക്ഷേത്ര നിര്‍മ്മിതിക്കുള്ള പണം പൊതു ജനങ്ങളില്‍ നിന്നും സമാഹരിക്കണം. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവാക്കരുത്’.
മഹാത്മജിയുടെ നിബന്ധന പൂര്‍ണമായും പാലിച്ചുകൊണ്ടുതന്നെ സോമനാഥ ക്ഷേത്രം പുനര്‍നിര്‍മ്മിച്ചു. അതിന്റെ ഉദ്ഘാടന ചടങ്ങിന് അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് നേരിട്ടെത്തി. ഒരു മതേതര രാജ്യത്തിന്റെ രാഷ്ട്രപതി ഒരു ആരാധനാലയത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്താമോ എന്ന ചോദ്യമൊന്നും അന്ന് ഉയര്‍ന്നില്ലെന്നതും വിസ്മരിച്ചുകൂടാ.
സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ 1947 ആഗസ്റ്റ് 15ന് നടക്കുമ്പോള്‍ മഹാത്മജി ദല്‍ഹിയിലുണ്ടായിരുന്നില്ല. ചെന്നെത്താന്‍ അന്ന് ഏറെ പ്രയാസപ്പെടേണ്ടി വന്ന ബംഗാളിലെ ഒരു ചെറുഗ്രാമം. നവഖാലി മേഖലയിലെ ശ്രീരാംപൂരില്‍. നാല്പത് ചതരുശ്ര മൈല്‍ മാത്രം വലിപ്പമുള്ള ഗംഗയും ബ്രഹ്മപുത്രയും തല്ലി തലോടി സൃഷ്ടിച്ച ആ ദ്വീപിലായിരുന്നു ഗാന്ധിജി. താന്‍ എന്തിനുവേണ്ടിയാണോ പൊരുതിയത്, ആ ലക്ഷ്യം നിറവേറുന്നത് പടിവാതില്ക്കല് എത്തുമ്പോള്‍ ആഹ്ലാദിക്കാതിരിക്കാന്‍ ആര്‍ക്കാണ് കഴിയുക. പക്ഷേ ഗാന്ധിജിക്ക് അവിടെ ആഹ്ലാദമല്ല ഏറെ ആശങ്കയായിരുന്നു. ഇന്ത്യയെ വിഭജിക്കണമെങ്കില്‍ അതിന് മുമ്പ് എന്റെ ദേഹം വെട്ടി മുറിക്കൂ എന്ന് ഉറക്കെ പറഞ്ഞ ഗാന്ധിജിക്ക് എങ്ങനെയാണ് ആഹ്ലാദിക്കാന്‍ തോന്നുക.
വിഭജനത്തെപ്പോലെ തന്നെ ദുഃഖം സൃഷ്ടിച്ച മറ്റൊന്നുണ്ട്. സ്വതന്ത്രഭാരതം രാമരാജ്യമാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് പ്രഖ്യാപിച്ച ഗാന്ധിജിക്ക് പക്ഷെ അത് സാധ്യമാകുമോ എന്ന ഭീതിയുണ്ടായിരുന്നു. ഗാന്ധിജിയുടെ സംശയം കാമ്പുള്ളതു തന്നെയായിരുന്നു. രാമരാജ്യം പോയിട്ട് രാമന്റെ പേരുപോലും സ്മരിക്കാന്‍ സ്വതന്ത്ര ഇന്ത്യയിലെ ”കറുത്ത വെള്ളക്കാര്‍” അനുവദിക്കാത്ത അവസ്ഥയായി. എന്നാല്‍ മര്യാദാ പുരുഷോത്തമനായ ശ്രീരാമനെ വിസ്മരിക്കാന്‍ പ്രജകള്‍ക്ക് കഴിയുമായിരുന്നില്ല.
രാമക്ഷേത്രത്തിനായി നടത്തിയ ഭക്തിപ്രസ്ഥാനത്തിനും ശക്തമായ പ്രക്ഷോഭങ്ങള്‍ക്കും ഒടുവില്‍ ശതകോടി ജനങ്ങളാഗ്രഹിച്ച രാമക്ഷേത്രം അയോധ്യയില്‍ ഉയരുകയാണ്. അതിനുള്ള അനുകൂല സാഹചര്യം പരമോന്നത നീതിപീഠത്തില്‍ നിന്നുണ്ടായി. കേന്ദ്രസര്‍ക്കാരും സമവായത്തിന്റെ സന്ദേശവുമായി മുന്നോട്ടുപോയി. അതിന്റെ ഫലമായി അയോദ്ധ്യയിലെ ക്ഷേത്രഭൂമിക്കായുള്ള തര്‍ക്കം തീര്‍ക്കാന്‍ മുസ്ലിം പള്ളി പണിയാന്‍ അഞ്ച് ഏക്കര്‍ സ്ഥലം നല്‍കണമെന്ന വാക്ക് പാലിച്ചശേഷം ക്ഷേത്ര നിര്‍മ്മാണത്തിന് ശിലാസ്ഥാപനം നടത്തുകയും ചെയ്തു. ഈ ആഗസ്ത് 5ന് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തുന്നത് തല്‍സമയം വീക്ഷിച്ച ജനകോടികള്‍ ആഹ്ലാദചിത്തരുമായി. ആ ആഹ്ലാദം അക്ഷരാര്‍ത്ഥത്തില്‍ നരേന്ദ്രമോദിയുടെ ഇന്നത്തെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രകടമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഗാന്ധിജിയുടെ രാമരാജ്യത്തിനായുള്ള ശിലാസ്ഥാപനത്തിനുകൂടിയാണ് അയോധ്യയിലുണ്ടായ ചടങ്ങ്. രാഷ്ട്രീയത്തിനുപരി രാഷ്ട്ര നിര്‍മ്മിതിക്ക് മുന്‍കൈ എടുക്കുന്ന നരേന്ദ്രമോദിയുടെ സന്ദേശത്തിനായി കാതോര്‍ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: