ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിൽ നിന്ന് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചെന്ന് സംശയിക്കുന്ന ഒരാൾ കൂടി മരിച്ചു. പായം പഞ്ചായത്തിലെ വിളമന ഉദയഗിരി സ്വദേശി ഇലഞ്ഞിക്കൽ ഗോപി (65 ) ആണ് മരിച്ചത്. പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയോടെ ആയിരുന്നു മരണം.
ഇരിട്ടി താലൂക്ക് ആശുപത്രിയിൽ കൊവിഡ് ബാധിതനായ പടിയൂർ പഞ്ചായത്തിലെ കൊശവൻ വയൽ സ്വദേശി സൈമൺ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരണമടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇതേസമയത്ത് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം പകർന്ന പായം പഞ്ചായത്തു സ്വാദേശി ഗോപിയും മരണത്തിനു കീഴടങ്ങുന്നത്. ഇരിട്ടിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ 9 ന് ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയും ഇതോടെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. കഴിഞ്ഞ ദിവസം മരണമടഞ്ഞ സൈമണ്‍ എവിടെനിന്നാണ് രോഗമുണ്ടായതെന്ന കാര്യം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനെത്തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ നിന്നും രോഗം പകർവരുടെ എണ്ണം പതിനെട്ടായി. ഇവരുടെയെല്ലാം സമ്പർക്കപ്പട്ടികയിൽ നിരീക്ഷണത്തിലുള്ളവർ നൂറിലേറെ വരും.
മരിച്ച ഗോപിയുടെ ഭാര്യക്കും മകനും മകന്റെ ഭാര്യയ്ക്കും പേരക്കുട്ടിക്കും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നാലുപേരും അഞ്ചരക്കണ്ടി കോവിഡ് ആസ്പത്രിയിൽ ചികിത്സയിലാണ്. മറ്റൊരു മകനും ഭാര്യയും പേരക്കുട്ടിയും വീട്ടിൽ നിരീക്ഷണത്തിലുമാണ്. സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ശനിയാഴ്ച രാവിലെ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: