സംസ്കാരരൂപമെന്ന നിലയില്‍ നോവലിനെ പരിഗണിക്കുന്നതിന്റെ സാംഗത്യമെന്താണെന്ന് ഗൗരവപൂര്‍ണം ആരായുന്നവര്‍ക്ക് ധൈര്യപൂര്‍വം ചൂണ്ടിക്കാട്ടാവുന്ന കൃതി. മുരളി കൂടല്ലൂരിന്റെ ‘ആത്മായനം’ എന്ന നോവലിനെ ഇങ്ങനെ പരിചയപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മനുഷ്യജീവിതം എത്രമേല്‍ നാടകീയവും സംഘര്ഷനിര്ഭരവുമാണെന്ന് തെളിമയുടെ ഭാഷയില്‍ നാട്യങ്ങളേതുമില്ലാതെ മുരളി മൊഴിയുമ്പോള്‍ നോവല്‍ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യത്തേയും ഭാവനാപരതയെയും ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ്. ഗാര്‍ഹിക ജീവിതാനുഭവങ്ങളും ബാഹ്യലോക സൗഹൃദങ്ങളും കൊരുത്തെടുത്തുകൊണ്ട് വ്യക്തിനിഷ്ഠമായ തലത്തിലും സമൂഹനിഷ്ഠമായ തലത്തിലും തനിക്ക് പറയാനുള്ള വിഷയങ്ങളെ കഥാപാത്രങ്ങളുടെ ഭാവാവിഷ്കാരത്തിലൂടെയും ഭാഷണത്തിലൂടെയും അനായാസമായി പ്രകാശിപ്പിക്കുന്നതില്‍ മുരളി പ്രവേശിപ്പിച്ച പാകശാലിത്വം ഏറെ മതിപ്പുളവാക്കുന്നു. നാട്ടുഭാഷയുടെ വിശിഷ്യാ നമ്പൂതിരി ഭാഷാ ശൈലിയുടെ സൗന്ദര്യവും സംസ്കാരവും കൃത്യമായി ഒപ്പിയെടുക്കുവാന്‍ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്.
ആത്മീയവും ഭൗതികവുമായ കാമനകളാല്‍ വലയം ചെയ്യപ്പെട്ട മനുഷ്യജീവിതമെന്ന മഹാ പ്രഹേളികയെക്കുറിച്ചുള്ള സര്‍ഗാത്മക പരിചിന്തനമാണ് ‘ആത്മായനം.’ ആത്മാവിന്റെ യാത്രയില്‍ ദൃശ്യമാവുന്ന നാനാതരം ജീവിതമുഹൂര്‍ത്തങ്ങളുടെ സമ്പുടമത്രേ ഈ നോവല്‍. കഥാപാത്ര നിര്‍മിതയിലും പ്രമേയ വികാസത്തിലും പൗരസ്ത്യമായ ആഖ്യാന വിജ്ഞാനം വെളിച്ചമേകുന്നുണ്ടെന്നതാണ് മറ്റൊരു ധന്യത. കടംകൊണ്ട ആശയങ്ങളും പഴകിവീണ ചിന്തകളും അശുദ്ധമാക്കാത്ത അഭിജാതമായ അന്തരീക്ഷം ഈ നോവലിന്റെ വായനാക്ഷമതയെ ഗുണപരമായി സ്വാധീനിച്ച മുഖ്യ ഘടകമാണ്. ഉപരി വര്‍ഗത്തിലും ജീവിതമുണ്ടെന്ന സത്യം മലയാള ഭാവന മറന്നു തുടങ്ങിയ ഘട്ടത്തിലാണ് ഈ നോവലിന്റെ പിറവി. ദളിതന് ജീവിതമുള്ളതുപോലെ സവര്‍ണനും സ്വന്തമായൊരു ജീവിതം ഈ ഭൂമി മലയാളത്തിലുണ്ടെന്ന യാഥാര്‍ത്ഥ്യം പേര്‍ത്തും പേര്‍ത്തും ഓര്‍മപ്പെടുത്തുന്നുണ്ട് ‘ആത്മായനം.’ സവര്‍ണനും ജീവിത കാമനകളുണ്ട്. അവന് സ്വന്തമായൊരു സംസ്കാരവും ആചാരസവിശേഷതകളും ഭാഷയുമുണ്ട്. ഉപരിവര്‍ഗത്തെ തീര്‍ത്തും പരിഗണിക്കാതെ, അവരുടെ ജീവിത സന്ദര്‍ഭങ്ങളിലേക്ക് ദൃഷ്ടി പായിക്കാതെ, അവരുടെ അധികാരഘടനയുടെ അപനിര്മാണമെന്നും മറ്റും ഗീര്‍വാണമടിച്ച് ചരിത്രത്തെ ഏകപക്ഷീയവും സങ്കുചിതവുമായി വ്യാഖ്യാനിക്കുന്ന നോവലിസ്റ്റുകളോട് പരോക്ഷമായി കലഹിക്കുന്നുണ്ട് ഈ നോവലിന്റെ ആഖ്യാന പരിസരവും ഭാഷാ സമീപനവും.
നാം മറന്നുപോയ എത്രയെത്ര സ്മരണകള്‍, ആചാരങ്ങള്‍, ഉത്സവങ്ങള്‍ ഇവയെക്കുറിച്ചുള്ള ബന്ധ സൂചകപദങ്ങള്‍ നിറയുന്നുണ്ട് ഈ നോവലില്‍. പലരും കരുതിക്കൂട്ടി ഒഴിവാക്കി നിര്‍ത്തിയ ആര്‍എസ്എസ് എന്ന സാമൂഹിക യാഥാര്‍ത്ഥ്യത്തെയും, ബാലഗോകുലമെന്ന ജീവനുള്ള സംഘടനയെയും നോവലിലൂടെ സത്യസന്ധമായി തൊട്ടുഴിയാനും മുരളി കൂടല്ലൂര്‍ ധൈര്യം കാട്ടിയിട്ടുണ്ട്. പ്രതിലോമ ചിഹ്നങ്ങളായി ചിലര്‍ മുദ്രകുത്തിയ ഈ സംഘടനകളെ സംസ്കാര സൂചകങ്ങളായും പോഷക ഗുണങ്ങളുള്ള ജീവസ്സുറ്റ ഈശ്വര ചൈതന്യമായും കണ്ടുവെന്നതു തന്നെ ആദരവര്‍ഹിക്കുന്ന സമീപനത്തിന്റെ സത്ഫലമത്രേ. നാട്ടു തനിമയുള്ള പശ്ചാത്തലത്തില്‍ ഒരു വ്യക്തിയുടെ സിനിമാ മോഹങ്ങള്‍ പല പടവുകളിലൂടെ വളര്‍ന്നും പൊലിഞ്ഞും വീണ്ടും വളര്‍ന്നും മുന്നേറ്റത്തിന്റെ അന്തസംഘര്ഷാത്മകമായ ചിത്രീകരണം ഹൃദ്യമായെന്നു പറയുവാന്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല.
കഥാഗതിയുടെ അനായാസമായ വളര്‍ച്ചയാണ് അഭിനന്ദനീയമായ മറ്റൊരു ഘടകം. മുഖ്യ സംഭവങ്ങളുടെയുള്ളില് വര്‍ത്തിക്കുന്ന നാടകീയതയും സംഘര്‍ഷവും ആകാവുന്നിടത്തോളം പ്രോജ്ജ്വലിപ്പിക്കുന്ന വിധത്തിലാണ് അനുബന്ധമായി ഇതള്‍വിരിയുന്ന കഥാസന്ദര്‍ഭങ്ങളെ നോവലിസ്റ്റ് കോര്‍ത്തിണക്കിയിട്ടുള്ളത്. കഥയുടെ തുടക്കം മുതല്‍ അന്തിമ ഭാഗം വരെ ഈ ഔചിത്യദീക്ഷ നിഷ്ഠാപൂര്‍വം പ്രകാശിപ്പിക്കുന്നതില്‍ നോവലിസ്റ്റ് കാട്ടിയ ജാഗ്രതയുടെ സത്ഫലമാണിത്. കഥാപാത്രങ്ങളുടെ മാനസികതലവും ലോകവ്യവഹാരക്രമങ്ങളും കൃത്യമായി തിരിച്ചറിയുന്ന ഒരെഴുത്തുകാരനേ ഈ കയ്യടക്കം സിദ്ധിക്കൂ. അന്തരീക്ഷത്തിന് അനുസൃതമായി രൂപപ്പെടുന്ന കഥന ഭാഷയില്‍പ്പോലും ഈ കയ്യടക്കവും സര്‍ഗാത്മക തേജസ്സും പ്രകടമാവുന്നുണ്ട്. ഓര്‍മകളുടെ വിന്യസനം സൂക്ഷ്മതലത്തെ പുല്കുന്ന ഒട്ടേറെ ഭാഗങ്ങള്‍ നോവലിന്റെ മധ്യഭാഗത്തിന് ശേഷം കണ്ടെടുക്കാനാവും. ബൃഹത്തായ ഒരു ജീവിതാഖ്യാനത്തിന് ഒഴിച്ചു കൂടാനാവാത്തതാണ് ഓര്‍മയുടെ വിന്യസനത്തില്‍ കാട്ടേണ്ട കൃത്യത. എത്രയെത്ര വിഷയങ്ങളിലേക്കും കഥാപാത്ര വിചാരങ്ങളിലേക്കും ലോകഗതിയിലേക്കും പടര്‍ന്നൊഴുകുന്നു ഈ ഓര്‍മകള്‍.
‘ഫോര്‍ഗെറ്റിങ് ദ പാസ്റ്റ് ഈസ് ഫോര്‍ഗെറ്റിങ് ദ ഫ്യൂച്ചര്‍’ എന്ന മിലേന്‍ കുന്ദേരയുടെ വാക്യമോര്‍ത്തു പോകും ഈ നോവലിലൂടെ കടന്നുപോകുമ്പോള്‍. കൃതഹസ്തനായ ഒരു നോവലിസ്റ്റിനേ ഇവ്വിധം സ്മൃതികളെ ആഖ്യാനവത്കരിക്കാനാവൂ. നിത്യപരിണാമിയായ കാലത്തിന്റെ മന്ദവും ശീഘ്രവുമായ തലങ്ങളെ നിപുണമായി ചിത്രീകരിച്ചുകൊണ്ട് മുരളി കൂടല്ലൂര്‍ രചിച്ച ഈ നോവല്‍ കാലത്തിന്റെ നാഡിമിടിപ്പുകളെ കലയുടെ പൊന്‍തൂവല്‍കൊണ്ട് ഉഴിഞ്ഞവതരിപ്പിച്ചത് അഭിനന്ദനമര്‍ഹിക്കുന്ന പ്രവൃത്തിയത്രേ. കഥയുടെ നിത്യവിസ്മയ ശക്തിക്ക് ഉദാഹരിക്കാവുന്ന ഒരു നോവലാണ് ആത്മായനം.
നോവലിന്റെ ശീര്‍ഷകം ആലോചനാമൃതമാണ്. ആത്മാവിന്റെ സഞ്ചാരപഥം സൂക്ഷ്മമായി ചിത്രീകരിക്കുന്ന അനുഭവസാക്ഷ്യങ്ങള്‍ക്ക് ഇതിലും നല്ലൊരു ശീര്‍ഷകം നല്‍കാനാവില്ല. സിനിമയെ പ്രണയിക്കുന്ന ഒരു സര്‍ഗാത്മക ജീവിതത്തിന്റെ ഇടറാത്ത രേഖപ്പെടുത്തല്‍ കൂടിയാണ് ആത്മായനം. മാനവവികാരങ്ങളുടെ വൈവിധ്യവും വൈചിത്ര്യവും ചേതോഹരമാംവിധം കണ്ടെടുത്തവതരിപ്പിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഈ നോവലിലിടം പിടിക്കുന്നുണ്ട്. ബന്ധങ്ങളുടെ സങ്കീര്‍ണതയും ഇഴയടുപ്പവും സംഘര്‍ഷാത്മകതയും കഥാഗതിയിലുടനീളം പ്രശ്നവിഷയങ്ങളായി നോവലിസ്റ്റ് അവതരിപ്പിക്കുന്നു. രതിയും വിരതിയും നിരാശയും പല സന്ദര്‍ഭങ്ങളിലും പുതിയ ഭാവബോധങ്ങളിലേക്ക് പടര്‍ന്നുകയറുന്നതും നമുക്ക് കണ്ടെടുക്കാനാവും. ഓരോ കഥാപാത്രങ്ങളിലും ഈ ഭാവ പ്രസരണ ശക്തി പ്രതിഫലിപ്പിക്കുന്നുണ്ട് നോവലിസ്റ്റ്. സിനിമാ നിര്‍മാണത്തിന്റെയും തിരക്കഥാ രചനയുടെയും സിനിമാ സംവിധാനത്തിന്റെയും വഴിത്താരകളെ ശരിയായി അനുധാവനം ചെയ്യുന്നതില്‍ മുരളി കാട്ടിയ ശ്രദ്ധയാണ് മറ്റൊരു പ്രധാന സവിശേഷത. പ്രണയത്തിന്റെ തീ പടരുന്ന സന്ദര്‍ഭങ്ങള്‍ കഥയുടെ വൈകാരിക തലത്തിന് നല്കുന്ന അനന്യമായ ശോഭയും എടുത്തുപറയേണ്ടതുതന്നെ. കുടുംബത്തിന്റെ കഥയില്‍ കേന്ദ്രീകരിച്ചുകൊണ്ട് കഥാപാത്രങ്ങളുടെ ആന്തരിക ജീവിതത്തെ അടയാളപ്പെടുത്തുക ഏറെ ശ്രമകരമാണ്. യാഥാര്‍ത്ഥ്യത്തിന് ഭാവനയുടെ തലം പകര്ന്നേകിയും, ഭാവനയ്ക്ക് യാഥാര്‍ത്ഥ്യത്തിന്റെ മേലാപ്പ് ചാര്‍ത്തിയും അതിവിദഗ്ദ്ധമായി ഈ ശ്രമകരമായ അവസ്ഥയെ മറികടക്കുന്നുണ്ട് മുരളിയിലെ ജീവിതാന്വേഷകനായ എഴുത്തുകാരന്.
ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളെ സഹജവും സ്വാഭാവികമായും ചിത്രീകരിക്കുന്ന ഈ നോവലിന് 30 അദ്ധ്യായങ്ങളാണുള്ളത്. ധിക്കാരത്തിന്റെയും കലാപത്തിന്റെയും ഹിംസാത്മകമായ മനോഭാവങ്ങളെ ആന്തരവത്കരിക്കുന്നുണ്ട് ഈ നോവല്‍. വിപുലമായ ഒരു ക്യാന്‍വാസില്‍ ജീവിതത്തെ അതിന്റെ സമസ്ത സങ്കീര്‍ണതകളോടും അന്വയിച്ചവതരിപ്പിക്കുന്ന നോവല്‍കൂടിയാണ് ‘ആത്മായനം.’ സര്ഗാത്മകവ്യാപാരങ്ങളിലേക്കും കാതലാര്‍ന്ന സ്നേഹാന്വേഷണത്തിലേക്കും കണ്ണോടിച്ചുകൊണ്ട് മുരളി കൂടല്ലൂര്‍ തന്റെ ജീവിതത്തിലേക്ക് നടന്ന വഴികളെ ഭാവനാപരമായി പുനഃസൃഷ്ടിക്കുകയാണ് ഈ നോവലിലൂടെ. അനുവാചക ലോകം ഈ കൃതിയെ ഏറ്റെടുക്കുമെന്ന് ഉറപ്പാണ്.
(സാമൂതിരി ഗുരുവായൂരപ്പന് കോളജ് മലയാള ഗവേഷണ വിഭാഗം അസി. പ്രൊഫസറായ ലേഖകന്‍ കോഴിക്കോട്ടെ മയൂരം പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച മുരളി കൂടല്ലൂരിന്റെ ആത്മായനം എന്ന നോവലിന് എഴുതിയ അവതാരിക)
ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: