മുഖത്തു മന്ദഹാസവും ഹൃദയത്തില്‍ കാരുണ്യവും വാക്കുകളില്‍ മാധുര്യവുമായി ഇന്നും ജനസേവനത്തില്‍ മനസ്സര്‍പ്പിച്ചു ജീവിക്കുന്ന ഒരു കര്‍മയോഗിനിയാണ് അഹല്യാ ശങ്കര്‍. കോഴിക്കോടിന്റെ രാഷ്ട്രീയ സാമൂഹ്യ മേഖലകളില്‍ ചവിട്ടിനിന്നുകൊണ്ട്, അഞ്ചുപതിറ്റാണ്ടിലേറെക്കാലം കേരളത്തിലങ്ങോളമിങ്ങോളം ഓടിനടന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ അഹല്യേടത്തി ശാരീരികമായ വിശ്രമത്തിലാണ്. സമൂഹത്തില്‍ സൗരതേജസ്സു പകര്‍ന്ന് രാഷ്ട്രീയത്തിലും തിളങ്ങിയ ആ മാതൃശക്തിയുടെ എണ്പത്തിനാലാം പിറന്നാള്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസം 16 ന് ആയിരുന്നു. കൊറോണക്കാലത്ത് അത് കൊണ്ടാടാനുമായില്ല. സ്ത്രീകള്‍ പൊതുവെ രാഷ്ട്രീയത്തിലേക്ക് വരാനറച്ചുനിന്ന അറുപതുകളില്‍ ധീരതയോടെ രാഷ്ട്രീയത്തിലേക്ക് വന്ന വനിതയാണവര്‍. ജനസംഘത്തിന്റെ നേതൃനിരയിലൂടെ ഭാരതീയ ജനതാ പാര്‍ട്ടിയിലും മഹിളാ മോര്‍ച്ചയിലും അനിഷേധ്യ നേതാവായി വ്യക്തിമുദ്ര പതിപ്പിക്കാനും അഹല്യേടത്തിക്ക് കഴിഞ്ഞു.
അഹല്യ എന്ന വാക്കിന് പകലില്‍ ലയിക്കുന്നവള്‍ (അഹസ്സില്‍ ലയിക്കുന്നവള്‍) എന്നൊരര്‍ത്ഥമുണ്ട്. പകലിനോട് ചേര്‍ന്ന് സ്വയം വെളിച്ചമാവുകയും, ആ വെളിച്ചം സമൂഹത്തിന് സമ്മാനിക്കുകയും ചെയ്യുന്നവള്‍. അതാണ്, അതുതന്നെയാണ് അഹല്യാശങ്കര്‍. ഭാരതീയ സംസ്കാരത്തിന്റെ വെളിച്ചവും തെളിച്ചവും സമൂഹത്തിലെത്തിക്കാന്‍ ശ്രമിച്ച കര്‍മ്മയോഗിനി. എണ്പത്തിനാലാം വയസ്സിലും പാര്‍ട്ടിയുടെ വിളികേട്ടാല്, വയ്യായ്മ മാറ്റിവച്ച് കോഴിക്കോട്ടുകാരുടെ ‘അഹല്യേടത്തി’ വരും. ജനസംഘം, ബിജെപി എന്നീ സംഘടനകളുടെ സംസ്ഥാന സെക്രട്ടറിയായും, മഹിളാ മോര്‍ച്ചയുടെ അദ്ധ്യക്ഷയും ജനറല്‍ സെക്രട്ടറിയുമായും ഏറെക്കാലം കേരള രാഷ്ട്രീയത്തില്‍ അവര്‍ സജീവ സാന്നിദ്ധ്യമായി.
മയ്യഴിപ്പുഴയുടെ വഴിയോരമാണ് പരിമഠം എന്ന പ്രദേശം. പുഴ കടലിനെത്തേടുന്ന മയ്യഴിയുടെ മണ്ണില്‍നിന്ന്, 1961 ലാണ് അഹല്യ എന്ന പെണ്‍കുട്ടി പരിമഠത്തിന്റെ പാരമ്പര്യവുമായി ഒരു നവവധുവായി കോഴിക്കോട്ടെത്തുന്നത്. കടത്തനാടും കോരപ്പുഴയും താണ്ടി ശങ്കരേട്ടന്റെ കയ്യും പിടിച്ച് വെള്ളയിലെത്തുമ്പോള്, ഇനിയങ്ങോട്ട് ജനസംഘത്തിന്റെ കൊടിയാണ് തന്റെ കൈകളില്‍ മുറുക്കിപ്പിടിക്കാനുള്ളതെന്ന് അവര്‍ ചിന്തിച്ചിരിക്കാനിടയില്ല. കോണ്‍ഗ്രസ്സ് നേതാവായിരുന്ന കരിമ്പില്‍ ലക്ഷ്മണന്റെ മകളായി 1936 ഏപ്രില്‍ 16 ന് ജനിച്ച അഹല്യയ്ക്ക് രാഷ്ട്രീയം പുത്തരിയായിരുന്നില്ല താനും. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തകനായ ശങ്കരേട്ടന് അഡ്വ. രത്നസിങ്ങിന്റെ ഓഫീസിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യയെ സ്നേഹപൂര്‍വം നിര്‍ബന്ധിച്ച് ജനസംഘത്തിന്റെ പ്രവര്ത്തനത്തിലേക്കിറക്കിയ അദ്ദേഹം അഹല്യയ്ക്ക് രാഷ്ട്രീയത്തിന്റെ പാഠങ്ങള്‍ നല്‍കുകയും, മറഞ്ഞുനിന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മാഹിയില്‍നിന്ന് ഇടക്കിടെ മകളെക്കാണാനെത്തിയിരുന്ന അച്ഛനും മകളുടെ കര്‍മ പരിഗ്രഹത്തില്‍ അഭിമാനിയായിരുന്നുവെന്നതാണ് സത്യം.
വെള്ളയില്‍ ഭാഗത്തെ സ്ത്രീകളെ സംഘടിപ്പിച്ച് ജനസംഘത്തിന്റെ പ്രവര്‍ത്തനം ശക്തമാക്കുകയായിരുന്നു അഹല്യേടത്തിയുടെ ആദ്യ ചുമതല. 1967 ല്‍ ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളനം കോഴിക്കോട്ടു നടന്നപ്പോള്‍ മഹിളാ വിഭാഗത്തിന്റെ ചുമതല അഹല്യയ്ക്കായിരുന്നു. പഠനകാലത്ത് സ്കൂളില്‍ ക്ലാസ് ലീഡറായും പ്രസംഗികയായും മിടുക്കു തെളിയിച്ച അഹല്യയ്ക്ക്, രാഷ്ട്രീയ വേദിയില്‍ വന്ന് സഭാകമ്പമില്ലാതെ സംസാരിക്കാന്‍ ഒട്ടും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. മാരാര്‍ജി, രാമന് പിള്ള, ഒ.രാജഗോപാല്‍ എന്നീ ത്രിമൂര്‍ത്തികളുടെ നേതൃപാടവത്തിലൂടെ ജനസംഘം വളര്‍ന്നുകൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. മാരാര്‍ജിയുടെ നര്‍മം ചാലിച്ച പ്രസംഗം കേള്‍ക്കാന്‍ സ്വന്തം പാര്‍ട്ടിക്കാരല്ലാത്തവരും എത്തിയിരുന്നതായി അവര്‍ ഓര്‍മിക്കുന്നു. ധൈര്യവും തന്റേടവും കൈമുതലാക്കി രാഷ്ട്രീയത്തിലെ അനിഷേധ്യ വനിതാ നേതാവായി മാറിയ എം. ദേവകിയമ്മയായിരുന്നു അന്ന് ജനസംഘത്തിന്റെ തലപ്പത്തുണ്ടായിരുന്നത്. ”മീറ്റിങ്ങുകള്‍ക്ക് പോയിരുന്നത് തനിച്ചാണോ” എന്ന ചോദ്യത്തിന് അഹല്യേത്തി മറുപടി പറഞ്ഞതിങ്ങനെയാണ്: ”ഒറ്റയ്ക്കാണെന്ന് തോന്നിയിട്ടേയില്ല; ദേവകിയമ്മയുണ്ടല്ലോ, പിന്നെന്തു പേടിക്കാന്‍!” അതുല്യ വ്യക്തിത്വവും ധീരതയുള്ള പെണ്സിംഹമായിരുന്നല്ലോ മതിലകത്ത് ദേവകിയമ്മ.
കാലക്രമേണ ജനസംഘം ജനതാ പാര്‍ട്ടിയായി. 1980 ല്‍ ഭാരതീയ ജനതാ പാര്‍ട്ടി നിലവില്‍ വന്നു. പാര്‍ട്ടി രൂപീകരണ സമ്മേളനത്തിന് ബോംബെയിലെത്തുന്നത് അഹല്യാ ശങ്കറിന്റെ ജീവിതത്തിലെ അഭിമാനകരമായ അനുഭവമാണ്. മനസ്സറിഞ്ഞ പ്രവര്‍ത്തനത്തിലൂടെ അവര്‍ സംഘടനയ്ക്കും മഹിളാ വിഭാഗത്തിനും മേല്‍വിലാസമുണ്ടാക്കി. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിന്റെ കൈയകലത്തിലായിരുന്നു അവര്‍. എന്തോ, ജയില്‍ വാസം ഉണ്ടായില്ല. അക്കാലത്ത് പലരും അവരോട് ചോദിച്ചിരുന്നു, ”അഹല്യേടത്തി എന്നാണ് ജയിലില്‍ നിന്ന് തിരിച്ചെത്തിയത്?” പില്ക്കാലത്ത് സ്ത്രീകളെ ആക്രമിക്കുന്നതിനും വിലക്കയറ്റത്തിനും എതിരെ മഹിളാ മോര്‍ച്ച മഞ്ചേശ്വരത്തുനിന്ന് തിരുവനന്തപുരം വരെ ഒരു വാഹനപ്രചാരണജാഥ സംഘടിപ്പിച്ചിരുന്നു. അന്നത്തെ പ്രസിഡന്റ് ഡോ. റെയ്ച്ചല്‍ മത്തായിയും ജനറല്‍ സെക്രട്ടറി അഹല്യാശങ്കറുമായിരുന്നു ആ യാ്രത നയിച്ചത്. സ്ത്രീകള്‍ക്കിടയില്‍ നല്ല ചലനം സൃഷ്ടിക്കാന്‍ ഈ യാത്രയ്ക്കു കഴിഞ്ഞു.
നല്ലൊരു കുടുംബിനികൂടിയാണ് വാര്‍ധക്യത്തിലും മുഖശ്രീ നഷ്ടപ്പെടാത്ത ഈ അമ്മ. അഞ്ചു കുഞ്ഞുങ്ങളെ വീട്ടില്‍ വിട്ടിട്ടാണ് അവര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങിയിരുന്നത്. അവരുടെ കൂട്ടുകുടുംബത്തില്‍ പക്ഷേ, കുട്ടികള്‍ സുരക്ഷിതരും സന്തുഷ്ടരുമായിരുന്നു. ശൈബ്യ, സലില്‍, സുര്‍ജിത് സിംഗ്, ഭഗത്സിംഗ്, രത്നസിംഗ് എന്നിങ്ങനെ പേരിലും പ്രത്യേകതയാര്ന്നവരായിരുന്നു ആ മക്കള്‍. ബിജെപിയുടെ പേരില്‍ സവര്ണ്ണാധിപത്യാരോപണമുണ്ടല്ലോ എന്നു പരാമര്‍ശിച്ചപ്പോള്‍ അഹല്യേടത്തിക്ക് ചിരിയടക്കാനായില്ല. ”എങ്കില്‍ ഞാന്‍ ഈ സ്ഥാനങ്ങളിലൊന്നും എത്തുമായിരുന്നില്ലല്ലോ!” സമൂഹത്തിലിറങ്ങുന്ന സ്ത്രീയെന്ന നിലയില്‍ കളിയാക്കലോ കുത്തുവാക്കോ ഒന്നും കേള്‍ക്കേണ്ടിവന്നിട്ടില്ലെന്നും അവര്‍ ഓര്‍മിച്ചെടുത്തു. കോര്പ്പറേഷന്, നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഓരോന്നിലും മൂന്നു പ്രാവശ്യം വീതം അവര്‍ മത്സരിച്ചിട്ടുമുണ്ട്. (ബേപ്പൂര്‍, മഞ്ചേരി, പൊന്നാനി). 1982-ല്‍ ബേപ്പൂരില്‍ അവരുടെ പ്രചാരണത്തിന് ഈ ലേഖിക പങ്കെടുത്തതോര്‍ക്കുന്നു. അക്കാലത്ത് അദ്വാനിയും വാജ്പേയിയും അവര്‍ക്കുവേണ്ടി പ്രചരണത്തിനെത്തി. ”അന്നൊക്കെ രാത്രികളില്‍ പെട്രോമാക്സ് തലയില്‍വച്ച് മുന്നിലൊരാള്; പിന്നാലെ ഞങ്ങള്‍ നാലഞ്ചു സ്ത്രീകളും മറ്റു പ്രവര്‍ത്തകരും…” സന്ധ്യയ്ക്കു ശേഷമുള്ള കവലയോഗങ്ങ ളും ഗൃഹസമ്പര്‍ക്കവും കണ്ട് മറ്റു പാര്ട്ടിക്കാര് ചോദിക്കുമായിരുന്നത്രേ. ”നിങ്ങള്‍ ഞങ്ങളെ രാത്രിയും നടത്തിക്കും, അല്ലെ?!” അന്നത്തെ പ്രവര്‍ത്തനത്തിന്റെ ആത്മാര്‍ത്ഥതയാണല്ലോ ഇന്നത്തെ വളര്‍ച്ചയുടെ തായ്വേര്.
സ്നേഹം, കലര്‍പ്പില്ലാത്ത സ്നേഹം, മനസ്സിലും മുഖത്തും ഓളംവെട്ടുന്ന ആ അമ്മ വിനമ്രയായി പറയുകയാണ്: ”പരിചയക്കാരുടെ എന്തെങ്കിലും നല്ല കാര്യങ്ങളറിഞ്ഞാല്‍ ഇങ്ങോട്ടുള്ള വിളി കാത്തുനില്‍ക്കാതെ ഞാന്‍ അങ്ങോട്ടു വിളിച്ച് സന്തോഷമറിയിച്ചു. പഴയ പ്രവര്‍ത്തകര്‍ തമ്മിലുള്ള ആ ഇഴയടുപ്പം ഇന്നു കാണുന്നുണ്ടോയെന്ന സംശയവും അവര്‍ പ്രകടിപ്പിക്കാതിരുന്നില്ല. സ്നേഹം പകര്‍ന്ന്, രാഷ്ട്രനന്മയ്ക്കുവേണ്ടി സമൂഹത്തിലേക്കിറങ്ങിയ അവര്‍ക്ക് പരാതികളില്ല; പരിഭവങ്ങളും. വിവാഹത്തിനു മുന്‍പ് കുറച്ചുകാലം നഴ്സായിരുന്ന ഈ അമ്മയ്ക്ക് രാഷ്ട്രസേവനം ഒരു സാമൂഹ്യപരിചരണം തന്നെയായിരുന്നു. ശാന്തയായി, സൗമ്യയായി, വെള്ളയിലെ ആ വീട്ടില്‍ ഇപ്പോഴും സന്ദര്‍ശകരെ സ്വീകരിച്ചുകൊണ്ട് അഹല്യേടത്തിയിരിക്കുകയാണ്-കീഴടങ്ങാത്ത മനസ്സുമായി.
വി.ടി. രമ
പ്രതികരിക്കാൻ ഇവിടെ എഴുതുക: