വാഷിങ്ടണ്‍: ഇസ്രായേലും യുഎഇയുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ചരിത്ര തീരുമാനത്തിന് ചുക്കാന്‍ പിടിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മരുമകന്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ‘ട്രംപ്’ കാര്‍ഡായിട്ടാണ് ഈ നീക്കത്തെ അന്താരാഷ്ട്രമാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. മരുമകനും മുഖ്യ ഉപദേശകനുമായ ജാറെദ് കുഷ്ണറാണ് ഇരുരാജ്യങ്ങുമായി സംസാരിച്ച് കരാറില്‍ എത്തിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത് ഡോണള്‍ഡ് ട്രംപാണ്.
പശ്ചിമേഷ്യയിലെ നിര്‍ണായക ഇടപെടല്‍ തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ പ്രതിച്ഛായ വളരെ ഉയര്‍ത്തിയിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ, യുഎഇ കിരീടാവകാശി ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയീദ് എന്നിവര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് പരസ്പര ധാരണയിലെത്തിയ കാര്യം ലോകം അറിഞ്ഞത്. ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന ആദ്യ ഗള്‍ഫ് രാഷ്ട്രമെന്ന റെക്കോഡും യുഎഇയ്ക്ക് ലഭിച്ചു.
ഈ നയതന്ത്ര മുന്നേറ്റം മധ്യപൂര്‍വേഷ്യ മേഖലയില്‍ സമാധാനം കൈവരിക്കും. ഇതു മൂന്ന് നേതാക്കളുടെ ധീരമായ നയതന്ത്രത്തിനും കാഴ്ചപ്പാടിനും ഒരു തെളിവാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിനൊപ്പം പലസ്തീന് വിഷയത്തിലും ധാരണയായി. പലസ്തീനിലെ അധിനിവേശം നിര്‍ത്തിവെക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് ധാരണ.
ഏറെനാള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ഊര്‍ജം, ടൂറിസം, നേരിട്ടുള്ള വിമാന സര്‍വീസുകള്‍, നിക്ഷേപം, സുരക്ഷ, വിവര സാങ്കേതിക വിദ്യ എന്നിങ്ങനെ വിവിധ മേഖലകളില്‍ കരാര്‍ ഉണ്ടാക്കും. ജാറെദ് കുഷ്ണാര് മറ്റു ഗള്‍ഫ് രാജ്യങ്ങളുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. മേഖലയില്‍ സമാധാനം പുഃനസ്ഥാപിക്കുകമാത്രമാണ് ലക്ഷ്യമെന്ന് പറയുമ്പോള്‍ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: