ശ്രീനഗര്‍: ജമ്മു-കശ്മീര്‍ അതിര്‍ത്തിയില്‍ നിയന്ത്രണരേഖയ്ക്ക് സമീപ പ്രദേശങ്ങളില്‍ കര്‍മനിരതരായി ആസാം റൈഫിള്‍സിലെ പെണ് പട്ടാളക്കാര്‍. അതിര്‍ത്തിയില്‍ വനിതാ സൈനികരെത്തിയതില് ഏറെ സന്തോഷം പ്രദേശത്തെ സ്ത്രീകള്‍ക്ക്. ആഘോഷങ്ങളില്‍ ഒപ്പം കൂടി, അവശ്യ ഘട്ടങ്ങളില്‍ ചേര്‍ത്ത് പിടിച്ച് വനിതാ സൈനികരും പ്രദേശവാസികളുടെ മനം കവര്‍ന്നു. ഇപ്പോള്‍ പ്രദേശത്തെ സ്ത്രീകളുടെയും കുട്ടികളുടെയും മാത്രമല്ല എല്ലാവരുടെയും സഹായത്തിനായി സദാ അവരുണ്ട്.
എല്ലാവരും നല്ല രീതിയില്‍ സഹകരിക്കുന്നുവെന്നാണ് വനിതാ സൈനികര്‍ പറയുന്നത്. തങ്ങളുടെ ജോലിക്ക് ഇവിടെ ആരും തടസമാകില്ലെന്ന ആത്മവിശ്വാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എപ്പോള്‍ എന്ത് സഹായം ചെയ്യാനും തയാറാണെന്നും അവര്‍ അറിയിച്ചു.
അതിര്‍ത്തിയില്‍ സ്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ചുള്ള ലഹരി-ആയുധക്കടത്ത് തടയുന്നതിനാണ് വനിതാ സൈനികരെ പ്രധാനമായും നിയോഗിച്ചത്. ഭീകരര്‍ വനിതാ ചാവേറുകളെ ആക്രമണത്തിന് ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഇവരുടെ നിയമനം വേഗത്തിലാക്കി. നിയന്ത്രണരേഖയ്ക്ക് സമീപം താങ്ധറിനും തിത്വാളിനും ഇടയില്‍ നാല്‍പ്പതോളം ഗ്രാമങ്ങളാണുള്ളത്. ഇവരെല്ലാം തന്നെ സധ്ന ചെക് പോസ്റ്റ് വഴി പോകുന്നവരാണ്.
ഇതുവഴി കശ്മീരിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പോകുന്നവരെ പരിശോധിക്കേണ്ടതുണ്ട്. സ്ത്രീകളുള്‍പ്പെടെ പോകുന്നവരുടെ വാഹനത്തില്‍ പരിശോധന നടത്താന്‍ ജവാന്മാര്ക്ക് പരിമിതികളുള്ളതിനാലാണ് വനിതാ സൈനികരെ നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: