തിരുവല്ല: മലവെള്ളപ്പാച്ചിലിൽ തകർന്ന അട്ടത്തോട് -ചാലക്കയം റോഡ് മണ്ഡലക്കാലത്തിന് മുമ്പ് പുനർ നിർമിക്കാൻ കടമ്പകളേറെ.മണ്ണിടിച്ചിലിനെ തുടർന്ന് തകർന്ന റോഡിനായി പുതിയ ഡിസൈൻ തയ്യാറാക്കണം.നാറ്റ് പാക്കാണ് പുതിയ ഡിസൈൻ തയ്യാറാക്കുന്നത്. ഈ ഡിസൈൻ അംഗീകരിച്ച് പ്രവൃത്തി ടെണ്ടർ ചെയ്തെങ്കിൽ മാത്രമെ നിർമാണം ആരംഭിക്കാൻ കഴിയൂ.ഇതിന് കാലതാമസം നേരിട്ടാൽ മണ്ഡലക്കാലത്തിന് മുമ്പ് റോഡിന്റെ പുനർ നിർമാണം പ്രതിസന്ധിയിലാകും.ഇതോടെ ശബരിമല യാത്ര കഠിനമാകും.
മലവെള്ളപ്പാച്ചിലിൽ ഒന്നിലേറെ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ സംഭവിച്ചിരുന്നു.ഇതിൽ ചാലക്കയത്തിന് സമീപം പ്ലാന്തോടിൽ റോഡ് 60 മീറ്റർ നീളത്തിൽ വിണ്ട് കീറിയിരിക്കുകയാണ്.ബിഎം ആൻഡ് ബിസി ഉന്നത നിലവാരത്തിൽ പണിത റോഡാണ് മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്നത്. റോഡിന്റ് മുക്കാൽ ഭാഗവും ഇടിഞ്ഞു. റോഡിന് കുറുകെ ഒന്നര മീറ്ററോളം താന്നു. ഇതിനെ തുടർന്ന് കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
നിലവിൽ ഒറ്റവരി വാഹന ഗതാഗതം മാത്രമാണ് അനുവദിച്ചിരിക്കുന്നതെന്ന് മരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. അതേ സമയം മണ്ഡലക്കാലമായാൽ ഒറ്റവരി വാഹന ഗതാഗതം അസാധ്യമാകും. ഈ സാഹചര്യത്തിൽ റോഡിന്റെ പുനർനിർമാണം മണ്ഡലക്കാലത്തിന് മുമ്പ് പൂർത്തിയാക്കേണ്ടി വരും. വിണ്ട് കീറിയ റോഡിന്റെ ഭാഗമത്രയും നീക്കം ചെയ്ത് പുതിയവ പണിയേണ്ടി വരുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിനെല്ലാം വനവകുപ്പിന്റെ അനുമതിയും ആവശ്യമാണ്. കൂടാതെ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ തരത്തിൽ വേണം ഇനി നിർമിക്കേണ്ടത്.
വനമേഖലയായതിനാൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയേറെയാണ്. ഇതെല്ലാം പരിഗണിച്ച് വേണം റോഡിന്റെ പുനർനിർമാണം നടത്തേണ്ടതെന്നാണ് വിദഗ്ധർ പറയുന്നത്. ഈ പണിയെല്ലാം മണ്ഡലക്കാലത്തിന് മുമ്പ് പൂർത്തിയാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. അതേ സമയം ശബരിമല റോഡുകളുടെ അറ്റക്കുറ്റപ്പണികൾക്കും പുനർനിർമാണത്തിനും യാതൊരു നടപടിയും തുടങ്ങിയിട്ടില്ല. പത്തനംതിട്ട, കോട്ടയം , ആലപ്പുഴ, കൊല്ലം, ഇടുക്കി, തിരുവനന്തപുരം എന്നീ ജില്ലകളിലെ പ്രധാനമായും 18 റോഡുകളാണ് ശബരിമല റോഡുകളായി കണക്കാക്കുന്നത്.
മുൻ വർഷം 220 കോടി രൂപയാണ് ഈ റോഡുകളുടെ നിർമാണത്തിന് അനുവദിച്ചത്. എന്നാൽ ആഗസ്റ്റ് ആയിട്ടും പണം അനുവദിച്ചതായി വിവരമില്ല. സാധാരണ ടെണ്ടർ പ്രവൃത്തികൾ ആഗസ്റ്റിൽ പൂർത്തിയാക്കി ബാക്കിയുള്ള മൂന്ന് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കേണ്ടതാണ്.നിർമാണ പ്രവൃത്തികൾ ടെണ്ടർ ചെയ്താലും കരാറുകാരുടെ ബഹിഷ്ക്കരണം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.മുമ്പ് ചെയ്ത പ്രവൃത്തികളുടെ കരാർ തുക കൊടുക്കാനുള്ളതിനാൽ പുതിയ പ്രവൃത്തികൾ ഏറ്റെടുക്കണ്ടെന്നാണ് കരാറുകാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: