കൊറോണ മഹാമാരി ലോകത്തെ മുഴുവന്‍ താല്കാലികമായിട്ടാണെങ്കിലും പിടിച്ചുലച്ചിരിക്കയാണല്ലോ?. കേവലം ഒരു സാധാരണ സോപ്പുകുമിളയേയോ, ഒരു പരിധിവിട്ട ചൂടിനേയോ അതിജീവിക്കാന്‍ കഴിയാത്ത കൊറോണ വൈറസ്, ബുദ്ധിമാന്മാരെന്നഹങ്കരിക്കുന്ന മാനവരാശിയെ, അതിവേഗത്തില്‍ മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുന്ന വാഹനം സഡണ്‍ ബ്രേക്കിട്ടതുപോലെ നിശ്ചലമാക്കി. സമസ്ത മേഖലകളെയും ഇത് പിടിച്ചുലച്ചിരിക്കുന്നെങ്കിലും, സാമ്പത്തിക-ആരോഗ്യ മേഖലകളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഓരോ രാജ്യത്തും ലക്ഷക്കണത്തിന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ ! ഇനി എന്തുചെയ്യണം എന്നറിയാതെ ഭാവിയെക്കുറിച്ച് സ്വപ്നം കാണാന്‍പോലും കഴിയാതെ പകച്ചുനില്‍ക്കുന്ന ജനത! തൊഴിലാളി – മുതലാളി, ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ, രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ ആശങ്കയിലാണ്.
‘സംഭവിക്കുന്നതെല്ലാം നല്ലതിന്’ എന്ന് ആശ്വസിക്കുകയാണെങ്കില്, ഒരു പക്ഷേ ഇത് മനുഷ്യന് ഒരു പുനര്‍ചിന്തനത്തിനും, പരിവര്‍ത്തനത്തിനുമുള്ള അവസരമാണ്. നഷ്ടപ്പെട്ട മൂല്യങ്ങള്‍ തിരിച്ചറിയാനും, കൈമോശം വന്നവ തിരിച്ചു പിടിക്കാനും. തിരക്കിട്ട ജീവിതയാത്രക്കിടയില്‍ മറന്നുപോയ നമ്മുടെ അമൂല്യങ്ങളായ ജീവിതശൈലികളിലേക്കുള്ള ഒരു തിരിച്ചുപോക്ക്!.
ഇന്ന് മനുഷ്യരെല്ലാം ഒരു പ്രത്യേക മാനസികവസ്ഥയില്പെട്ട് ഉഴലുകയാണ്. ഭാവിയെക്കുറിച്ചുള്ള ആകുലതകളാല്‍ ഉറക്കം നഷ്ടപ്പെടുന്നു. കോവിഡ് തനിക്കും, കുടുംബത്തിനും വരുമോ എന്ന ഭീതി, ജോലി നഷ്ടപ്പെടല്‍, സാമ്പത്തിക പ്രശ്നങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം, കടബാദ്ധ്യത, പാതിവഴിയിലായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ജീവിത സാഹചര്യങ്ങളില്‍ പെട്ടെന്നുണ്ടായ മാറ്റങ്ങള്‍, ഉറ്റസുഹൃത്തുക്കളുമായുള്ള വേര്‍പിരിയല്‍, നഷ്ടപ്പെടുന്ന മാനസിക ഉല്ലാസം, സൗഹൃദ സന്ദര്‍ശനങ്ങള്‍, ആഘോഷങ്ങള്‍ അങ്ങിനെ നീണ്ടുപോകുന്നു ആശങ്കകളുടെ പട്ടിക! ഇത് കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയും, ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ക്രമേണ ഈ വ്യക്തിയുടെ മാനസിക ആരോഗ്യം നഷ്ടപ്പെട്ട് രോഗാവസ്ഥയിലേക്ക് നീങ്ങുകയും വിഷാദരോഗം ഉത്കണ്ഠാരോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് അടിപ്പെടുകയും ചെയ്യുന്നു.
ഒരാളില്‍ മാനസിക രോഗം ഉടലെടുക്കുന്നത് ജനിതകം, ജൈവശാസ്ത്രപരമായ പ്രത്യേകതകള്‍ (തലച്ചോറിന്റെ പ്രവര്‍ത്തനം, ഹോര്‍മോണുകളുടെ അളവ്) സാഹചര്യ അനുഭവങ്ങള്‍ എന്നിവ ചേര്‍ന്നാണ്. അതില്‍ ജൈവശാസ്ത്രപരമായ പ്രത്യേകതകള്‍ മിക്കവാറും ജനനത്തോടുകൂടിതന്നെ തീരുമാനിക്കപ്പെടുന്നു. പിന്നീടുള്ള ജീവിതത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നത് സാഹചര്യ അനുഭവങ്ങളാണ്. മനഃശാസ്ത്രപരമായി വിശകലനം ചെയ്യുമ്പോള്‍, അപ്രതീക്ഷിത പ്രതിസന്ധികളെ എല്ലാം മനുഷ്യരും നേരിടുന്നത് ഒരു പ്രത്യേക ക്രമത്തിലാണ്. ആദ്യം വ്യക്തി തന്റെ മുന്‍പിലുള്ള പ്രശ്നത്തെ കണ്ണുമടച്ച് നിഷേധിക്കുന്നു. (ഏയ്…ഇത് ഒന്നുമല്ല, എനിക്കൊന്നും വരില്ല) പിന്നീട് ഭാഗികമായി അംഗീകരിക്കുമെങ്കിലും പ്രശ്നത്തെ നിസ്സാരവത്രിക്കും. നാട്ടില്‍ എവിടെയെങ്കിലും കൊറോണ വന്നെന്ന് വിചാരിച്ച് നമ്മള് എന്തിന് പേടിക്കണം. അടുത്തത്, യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കലാണ് ”രോഗം ഗൗരവമാണ് എന്നേയും ബാധിക്കാം”. യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു കഴിഞ്ഞാല്‍ ചിലര്‍ പേടി, സങ്കടം, ദേഷ്യം തുടങ്ങിയ വൈകാരിക പ്രതിസന്ധികളിലേക്ക് നീങ്ങുന്നു.
നിസ്സംഗത, നിരാശ, നിഷ്ക്രിയത്വം, ന്യായീകരണം, ഒളിച്ചോട്ടം, പഴിചാരല്‍ തുടങ്ങിയ അവസ്ഥകളിലൂടെ കടന്ന് പിന്നീട്, വ്യത്യസ്ത ശാരീരിക രോഗങ്ങളിലോ, മാനസിക രോഗങ്ങളിലോ, മനോജന്യ ശാരീരിക രോഗങ്ങളിലോ എത്തിപ്പെടുന്നു. ഈ അവസ്ഥയില്‍ എത്തുന്നവര്‍ക്ക് വേണ്ട പരിഗണനയും, ശുശ്രൂഷയും കൊടുത്തില്ലെങ്കില്‍ അവസാനം ആത്മഹത്യയില്‍ വരെ എത്തിച്ചേരാം. ശാരീരികമായ അസുഖങ്ങളെക്കുറിച്ചും, അതിന്റെ ലക്ഷണങ്ങളെക്കുറിച്ചുമുള്ള സാമാന്യ ജ്ഞാനം നമുക്ക് എല്ലാവര്‍ക്കുമുണ്ടെങ്കിലും, മാനസിക പ്രശ്നങ്ങളെക്കുറിച്ചും, അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും, തക്കസമയത്ത് കൈകൊള്ളേണ്ട ചികിത്സാ മാര്‍ഗ്ഗങ്ങളെക്കുറിച്ചും ഇന്നും വേണ്ടത്ര പരിജ്ഞാനം നമുക്കില്ല. വിദ്യാസമ്പന്നര്‍ക്കിടയില്‍ പോലും ഈ കുറവ് പ്രകടമാണ്! ഈ കാലഘട്ടത്തില്‍, വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യകള്‍ മേല്പറഞ്ഞതിന്റെ പ്രസക്തിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
കോവിഡിന്റെ സമ്മര്‍ദ്ദങ്ങളിലൂടെ കടന്നു പോകുന്ന ഈ കാലഘട്ടത്തില്‍, നമ്മുടെ സമൂഹത്തില്‍ വ്യാപകമാകുന്ന മാനസികരോഗങ്ങള്‍ ഏതെന്ന് നോക്കാം.
വിഷാദരോഗം
ലോകത്തില്‍ 264 മില്ല്യണ്‍ ജനങ്ങള്‍ക്ക് വിഷാദരോഗം ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എല്ലാ പ്രായത്തിലുള്ളവരും ഇതില്‍പ്പെടുന്നു. അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ വിഷാദരോഗികള്‍ ഉള്ള രാജ്യം ഇന്ത്യയാണ്. വിഷാദരോഗികളില്‍ സ്ത്രീകളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. പൂര്‍ണ്ണമായി ചികിത്സിച്ചു മാറ്റാവുന്നതാണെങ്കിലും, ഏറ്റവുമധികം അവഗണിക്കപ്പെടുന്ന ഒന്നാണ് വിഷാദരോഗം. 8 ലക്ഷത്തോളം ജനങ്ങള്‍ ഈ രോഗംമൂലം ഓരോവര്‍ഷവും ആത്മഹത്യചെയ്യപ്പെടുന്നു. തുടക്കത്തിലേ ശ്രദ്ധിച്ചാല്‍ തെറാപ്പിയും, കൗണ്‍സിലിങ്ങും കൊണ്ടുതന്നെ രക്ഷപ്പെടാം. രോഗം ശക്തമായാല്‍ മരുന്നുകളുടെ സഹായത്താല്‍ പൂര്‍ണ്ണമായും സുഖപ്പെടാവുന്ന ഒന്നാണ് വിഷാദരോഗം.
ഉത്കണ്ഠ
അമിതവും അകാരണവുമായ ഭയമാണ് ഉത്കണ്ഠ. ഈ രോഗത്തിനോടനുബന്ധിച്ച് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ വ്യക്തിക്കുണ്ടാകും.വയറിനുള്ളില്‍ പുകച്ചില്‍, നെഞ്ചിടിപ്പ് കൂടുക, ശ്വാസത്തിന്റെ വേഗം കൂടുക, നെഞ്ചിനുള്ളില്‍ ഭാരം തോന്നുക,രീരം ചുട്ടുപു
കയുക, അമിതമായി വിയര്‍ക്കുക, തണുത്തു മരവിക്കുക, ചുണ്ടും വായും ഉണങ്ങി വരളുക, മാംസപേശികള്‍ വരിഞ്ഞു മുറുകുക, ദാഹം, ഇടയ്ക്കിടെ മൂത്രം ഒഴിക്കാന്‍ തോന്നുക, തലകറക്കം, ക്ഷീണം – തളര്‍ച്ച, തലയ്ക്കും ശരീരത്തിനും ഭാരക്കൂടുതല്‍ തോന്നുക, അമിതമായ ഉണര്‍വ്വ്, ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക, തനിക്കെന്തോ സംഭവിക്കും എന്ന ആകുലത, ഒഴിഞ്ഞുമാറല്‍, മറ്റുള്ളവരെ ആശ്രയിക്കല്‍.
അഡ്ജസ്റ്റ്മെന്റ് ഡിസോര്‍ഡര്‍
സാഹചര്യ സമ്മര്‍ദ്ദങ്ങള്‍ വളരെ കഠിനമാകുമ്പോള്‍ സമ്മര്‍ദ്ദങ്ങളുമായും, തന്റെ ജീവിത സാഹചര്യങ്ങളുമായും പൊരുത്തപ്പെടാന്‍ കഴിയാതെ വരുന്നു.അമിതമായ ആകാംക്ഷ, ഏതോ കുരുക്കിലകപ്പെട്ടപോലുള്ള തോന്നല്‍, സങ്കടം, കരച്ചില്,പേടി, ദേഷ്യം, വെറുപ്പ്, നിരാശ, തലവേദന / വയറുവേദന, ഒറ്റപ്പെടാനുള്ള പ്രവണത, ദഹനക്കുറവ്, മറ്റുള്ളവരുടെ സഹായം തേടുന്നതില്‍ വിമുഖത, ഉറക്കപ്രശ്നം, ആത്മഹത്യാപ്രവണത
താല്‍ക്കാലികമായി പൂര്‍ണ്ണ മാനസിക വിഭ്രാന്തി ബാധിച്ചവരെപ്പോലെ പെരുമാറുകയും, കുറച്ചു സമയത്തിനുള്ളില്‍ സാധാരണ മാനസിക അവസ്ഥയിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ നിന്നു പുറത്തു കടക്കാന്‍ സാധിച്ചില്ലെങ്കില്‍, ഇവര്‍ പിന്നീട് സ്ഥായിയായ മാനസിക രോഗങ്ങളിലേക്ക് എത്തിപ്പെടാം.
മനോജന്യ ശാരീരിക രോഗങ്ങള്‍
പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യന് അവനുണ്ടാകുന്ന മനോ വേദന പങ്കുവെക്കാന്‍ കഴിയാതെ സ്വയം കടിച്ചമര്‍ത്തി ജീവിക്കേണ്ടി വരുമ്പോള്‍ അയാളുടെ ഉള്ളില്‍ രൂപപ്പെട്ട സങ്കടം, പേടി, ദേഷ്യം, വെറുപ്പ് തുടങ്ങിയ വികാരങ്ങള്‍ ആ വ്യക്തിയുടെ മാനസിക നിലയെ ബാധിക്കും. അതു പിന്നീട് ശാരീരിക രോഗ ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടും. തലവേദന, വയറുവേദന, വിറയല്‍, നടുവേദന, അപസ്മാരം, നെഞ്ചുവേദന, പുളിച്ചുതികട്ടല്‍ തുടങ്ങിയ പല രോഗലക്ഷണങ്ങളും അനുഭവപ്പെടും. എന്നാല്‍ പരിശോധനയില്‍ ശാരീരികമായ ഒരു കാരണവും കണ്ടെത്താനാകില്ല. ഇവ മാനസിക സമ്മര്‍ദ്ദം മൂലം ഉണ്ടാകുന്ന രോഗങ്ങളാണ്. ശക്തമായ അസംതൃപ്ത വികാരങ്ങള്‍, പിരിമുറുക്കങ്ങള്‍ തുടര്‍ച്ചയായി നിലനില്ക്കുമ്പോള് രോഗമാകുന്നു. തികച്ചും ശാരീരികമാണെന്ന് കരുതിയിരുന്ന പ്രമേഹം, രക്തസമ്മര്‍ദ്ദം, അള്‍സര്‍, ആസ്മ, ചര്‍മ്മരോഗം, നടുവേദന, മൈഗ്രേന്, ആര്‍ത്തവസംബന്ധമായ അസുഖങ്ങള്‍, വന്ധ്യത, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ പലരോഗങ്ങളിലും മാനസിക പ്രശ്നങ്ങള്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ട്.
പ്രതിവിധി
കൊറോണ മഹാമാരി നേരിട്ടുണ്ടാക്കിയ ദുരിതങ്ങള്‍ക്കു പുറമേ മാനസിക പ്രയാസങ്ങളും ബാധിച്ച ഒരാള്‍ക്ക് അതിജീവനം ദുഷ്ക്കരമാകും. മുകളില്‍ പറഞ്ഞ രോഗലക്ഷണങ്ങളില്‍ എല്ലാം ഒരാളില്‍ കാണണമെന്നില്ല. നാലോ അതിലധികമോ ലക്ഷണങ്ങള്‍ തുടര്‍ച്ചയായി ഒരാഴ്ചയിലധികം ഒരാളില്‍ കണ്ടാല്‍, ആ വ്യക്തിയെ ചികിത്സക്ക് വിധേയനാക്കണം. സാമൂഹിക – സാമ്പത്തിക പിന്തുണയോടൊപ്പം മനഃശാസ്ത്ര – മനോരോഗ വിദഗ്ദ്ധരുടെ സഹായവും ഇക്കൂട്ടര്‍ക്ക് നിര്‍ബന്ധമായും നല്‍കണം. രോഗത്തിന്റെ പഴക്കം, വ്യക്തിയുടെ അടിസ്ഥാന മനഃശക്തി എന്നിവയെല്ലാം പരിഗണിച്ച് മനശാസ്ത്ര ചികിത്സയോ, ആവശ്യമെങ്കില്‍ മരുന്നു ചികിത്സയോ, രണ്ടും കൂടിയോ നല്‍കേണ്ടിവരും. ശാരീരിക രോഗങ്ങള്‍ പോലെ തന്നെയാണ് മാനസിക രോഗവും മനസ്സിനും, ശരീരത്തിനും വ്യത്യസ്ഥമായ ആസ്തിത്വമില്ല. അവ അവിഭാജ്യവും പരസ്പര പൂരകങ്ങളുമാണ്.
മനശ്ശാസ്ത്ര ചികിത്സയില്‍, സപ്പോര്‍ട്ടീവ് സൈക്കോതെറാപ്പി, ബിഹേവിയര്‍ തെറാപ്പി, കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി, കൗണ്‍സലിംഗ്, ഹിപ്പ്നോതെറാപ്പി തുടങ്ങിയ വിവിധ ചികിത്സാ രീതികളില്‍ അനുയോജ്യമായത് തെരഞ്ഞെടുക്കണം. റിലാക്സേഷന്, യോഗ, പ്രാണായാമം, മെഡിറ്റേഷന്‍ തുടങ്ങിയവക്കൊക്കെ ചികിത്സയില്‍ നിര്‍ണ്ണായക സ്ഥാനം വഹിക്കുന്നു.
കുട്ടികളുടെ മാനസിക പ്രശ്നങ്ങള്‍
സമൂഹത്തിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട മറ്റൊരു മേഖലയാണ്, ‘കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യ പ്രവണത!’ ഇക്കഴിഞ്ഞ 5 മാസത്തിനുള്ളില്‍ കേരളത്തില്‍ 12നും 18നും ഇടയില്‍ പ്രായമുള്ള 66 കൗമാരക്കാരാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്!. കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങള്‍, കുടുംബങ്ങളിലെ അന്തഃഛിദ്രം, മാതാപിതാക്കളില്‍ നിന്നുമുണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍, അവഗണന, ഒറ്റപ്പെടല്‍, അമിതലാളനം, അമിത നിയന്ത്രണം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിങ്ങനെയുള്ള പല നിയന്ത്രണങ്ങളും ഇതിനു പിന്നിലുണ്ട്. പരീക്ഷാഫലം പുറത്തു വരുമ്പോഴും, ആത്മഹത്യാ പ്രവണത കുട്ടികളില്‍ കാണാറുണ്ട്.
കോവിഡുകാലത്ത് കണ്ടു വരുന്ന വര്‍ദ്ധിച്ച ആത്മഹത്യകളുടെ അടിസ്ഥാനത്തില്‍ കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്ത് ചില ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇക്കാലത്ത് മാത്രം, അമിത മാനസിക സംഘര്‍ഷവും ആകാംക്ഷയുമായി 8000 കേസുകളും സ്വഭാവ പെരുമാറ്റ പ്രശ്നങ്ങളുമായി 450 കേസുകളും, ഡിപ്രഷന് മൂലം 42 കേസുകളും ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം 71 കേസുകളും മറ്റു പ്രശ്നങ്ങളുമായി 3000ത്തോളം കേസുകളും ഈ സംവിധാനത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ എത്രയോ ഇരട്ടി സ്വകാര്യ സംവിധാനങ്ങള്‍ തേടിയിട്ടുണ്ട്. മൊബൈല്‍ – ഇന്റര്‍നെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട കുടുംബവഴക്കുകളാണ് ഏറ്റവും കൂടുതല്‍. കോവിഡിനോടനുബന്ധിച്ച് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മാത്രമായി ഒതുങ്ങേണ്ടി വന്നതും, കൂട്ടുകാരെ കണ്ടുമുട്ടാനുളള അവസരങ്ങള്‍ ഇല്ലാതായതും, പുറത്തുപോകാനോ ഇടപഴകുവാനോ സാധിക്കാതെ വന്നതും, സ്പോര്‍ട്സ് അടക്കമുള്ള വിനോദങ്ങള്‍ ഇല്ലാതായതും കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിച്ചു. പൊതുവെ മാനസിക സംഘര്‍ഷത്തില്‍പ്പെട്ടുഴലുന്ന മാതാപിതാക്കളുടെ തെറ്റായ രീതിയിലുള്ള ഇടപെടല്‍, കുട്ടികള്‍ക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെട്ട കുട്ടികള്‍ അത് ലഭിക്കാതെ വരുമ്പോള്‍ മാനസിക നിയന്ത്രണം നഷ്ടപ്പെടുകയും അസ്വഭാവികമായി പെരുമാറുകയും ചെയ്യുന്നു.
ചില നിര്‍ദ്ദേശങ്ങള്‍ :
മാതാപിതാക്കള്‍ കുട്ടികളുമായി കൂടുതല്‍ അടുത്തിടപെടുക, എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം നല്‍കുന്നതോടൊപ്പം സന്തോഷകരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുക, കുട്ടികളുമായി കൂടുതല്‍ സമയം ചിലവഴിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുക, അവരുടെ വ്യക്തിത്വത്തെ ബഹുമാനിക്കുക, തെറ്റുകള്‍ സംഭവിച്ചാല്‍ വ്യക്തിപരമായി കുറ്റപ്പെടുത്താതെ, കാര്യകാരണ സഹിതം പറഞ്ഞു മനസ്സിലാക്കിക്കുക / പ്രവര്‍ത്തിയിലെ അപാകത ചൂണ്ടിക്കാട്ടി സ്വയം ചിന്തിച്ച് തിരുത്താന്‍ അനുവദിക്കുക, മക്കളോടൊപ്പം വിനോദങ്ങളിലും, കളികളിലും ഇടയ്ക്കൊക്കെ പങ്കുചേരുക, പൊതുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക, വീട്ടിലെ ജോലികള്‍ – ഉത്തരവാദിത്വങ്ങള്‍ എന്നിവകളില്‍ പങ്കാളികളാക്കുക, കല, സാഹിത്യം, സ്പോര്‍ട്സ് തുടങ്ങിയ മേഖലകളിലെ അവരുടെ കഴിവുകളെ താല്പര്യം അനുസരിച്ച് പ്രോത്സാഹിപ്പിക്കുക, യോഗ, ധ്യാനം, പ്രാണായാമം, പ്രാര്‍ത്ഥന തുടങ്ങിയവകളില്‍ മക്കളെകൂടി പങ്കാളികളാക്കുക, അമിത നിയന്ത്രണം ഒഴിവാക്കി, വഴികാട്ടിയാവുക.
വിഷാദം, അമിതകോപം, ഒറ്റതിരിഞ്ഞിരിക്കല് തുടങ്ങിയ അസ്വാഭാവികമായ പെരുമാറ്റങ്ങള്‍ ദര്‍ശിച്ചാല്‍, ആത്മ സംയമനത്തോടെ ഇടപെടുകയും, ആവശ്യമെങ്കില്‍ വിദഗ്ദ സഹായം തേടുകയും ചെയ്യുക.
മാനസിക ആരോഗ്യം
”ആരോഗ്യം എന്നാല്‍ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല അര്‍ത്ഥം. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും, സാമൂഹികവുമായ എല്ലാ കഴിവുകളും പൂര്‍ണ്ണ വികാസത്തിലെത്തുകയും, മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് തൃപ്തികരമായും, കാര്യക്ഷമമായും പൊരുത്തപ്പെടാന്‍ കഴിയുന്ന അവസ്ഥ” എന്നാണ് ലോകാരോഗ്യസംഘടന നിര്‍വ്വചനം.
മാനസിക ആരോഗ്യം എന്നാല്‍ ”ഒരാളുടെ വ്യക്തിത്വത്തില്‍ തന്നോടും, ജീവിത സാഹചര്യങ്ങളോടും പൊരുത്തപ്പെടാനും, മാനസിക പ്രവര്‍ത്തനങ്ങള്‍ അയാളുടെ നിയന്ത്രണത്തിലാക്കാനും അതില്‍ സംതൃപ്തനാകാനും ഈ കഴിവുകള്‍ തനിക്കും സമൂഹത്തിനും ഉപകാരപ്രദമാക്കുകയും ചെയ്യുക” എന്നതാണ്. നാം അല്പമൊന്ന് മനസ്സുവെച്ചാല്‍ മാനസിക ആരോഗ്യം കൈ വരിക്കാം.
ഏതു പ്രതികൂല സാഹചര്യങ്ങളേയും വൈകാരികമായി സമീപിക്കാതെ, വസ്തുനിഷ്ഠമായി വിലയിരുത്തുക, പ്രശ്നങ്ങള്‍ വരുമ്പോള്‍, തളരാതെ, വിലപിച്ച് നിഷ്ക്രിയനായി ഇരിക്കാതെ, വെല്ലുവിളിയായി സ്വീകരിച്ച് നേരിടുക, നാളെയെക്കുറിച്ച് ഉല്ക്കണ്ഠപ്പെടാതിരിക്കുക. സ്വന്തം കഴിവുകളും, വിഭവങ്ങളും, സാഹചര്യങ്ങളും വിലയിരുത്തി ഭാവി ജീവിതത്തെക്കുറിച്ച് പദ്ധതി തയ്യാറാക്കുക. അതിനായി പരിശ്രമിക്കുക, അമിത പ്രതീക്ഷകള്‍ വച്ചു പുലര്‍ത്താതെയിരിക്കുക, വ്യക്തിത്വം കാത്തു സൂക്ഷിക്കുകയും, അനുയോജ്യവും, ആകര്‍ഷകവുമായ രീതിയില്‍ പെരുമാറുക. ഇടയ്ക്കൊക്കെ കഴിവിനനുസരിച്ച് സ്വന്തം കുടുംബത്തോടൊപ്പം യാത്രകളും, സുഹൃത് സന്ദര്‍ശനങ്ങളും നടത്തുക.
കഴിഞ്ഞുപോയ സംഭവങ്ങളെക്കുറിച്ചും, നഷ്ടങ്ങളെക്കുറിച്ചും തെറ്റുകുറ്റങ്ങളെക്കുറിച്ചും കുറ്റബോധത്തോടെ വീക്ഷിക്കുന്നതിനു പകരം അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ച്, തിരുത്തി ഉല്‍സാഹത്തോടെ മുന്നോട്ട് പോകുക, എല്ലാ നിഷേധാത്മക വികാരങ്ങളെയും അകറ്റി സ്നേഹം, സഹാനുഭൂതി, സഹിഷ്ണുത, സംതൃപ്തി, സന്തോഷം, ശുഭാപ്തിവിശ്വാസം തുടങ്ങിയവ സ്വീകരിക്കുക, പോഷക സമൃദ്ധമായതും, ചിട്ടയായതുമായ ആഹാരരീതി ശീലിക്കുക, കഴിവതും ചായ, കാപ്പി, കോള, കഫൈന്‍, ജങ്ക്സ് ഫുഡ്സ് തുടങ്ങിയ അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ വര്ജ്ജീക്കുക, എല്ലാതരം ലഹരി വസ്തുക്കളില്‍ നിന്നും അകന്നു നില്ക്കുക, സ്വയം സ്നേഹിക്കുന്നതോടൊപ്പം മറ്റുള്ളവരേയും സ്നേഹിക്കുക, തന്റെ മാനസികവും, ശാരീരികവുമായ കഴിവുകളെക്കുറിച്ചും, കുറവുകളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകുക, കുറവുകളില്‍ അപകര്‍ഷത തോന്നാതെ, കഴിവുകളെ പരിപോഷിപ്പിക്കുക, മറ്റുള്ളവരെ അംഗീകരിക്കുക, ബഹുമാനിക്കുക, തന്റെ ആശകളെയും, അഭിലാഷങ്ങളെയും സമൂഹം അംഗീകരിക്കുന്ന രീതിയില്‍ പ്രകടിപ്പിക്കുക, യോഗ, മെഡിറ്റേഷന്‍, പ്രാണായാമം, പ്രാര്‍ത്ഥന തുടങ്ങിയവ ജീവിതത്തിന്റെ ഭാഗമാക്കുക, സമയ നിഷ്ഠ ശീലിക്കുക, മാനസിക അച്ചടക്കവും, ആത്മനിയന്ത്രണവും കൈവരിക്കുക.
രമ രഘുനന്ദന്
യൂണിവേഴ്സല്‍ സൈക്കോതെറാപ്പി ആന്‍ഡ് കൗണ്‍സലിങ് സെന്റര്‍ ഡയറക്ടറാണ് ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: