മൊഗ്രാല്‍: കോവിഡ്19 നിയന്ത്രണം, ട്രോളിംഗ് നിരോധനം, ശക്തമായ കാലവര്‍ഷവും കടല്‍ക്ഷോഭവും, കഴിഞ്ഞ ആറു മാസത്തോളമായി കടലില്‍ പോകാനാകാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതക്കടലില്‍. കോവിഡ്19 നിയന്ത്രണത്തിലും, ട്രോളിംഗ് നിരോധനത്തിലും നേരിയ ഇളവ് കിട്ടിയപ്പോള്‍ ശക്തമായ കാലവര്‍ഷവും കടല്‍ക്ഷോഭവും മത്സ്യബന്ധനത്തിന് തടസ്സമായി. 2020 മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം പറയാന്‍ വറുതിയുടെ കഥകള്‍ മാത്രം.
കലിതുള്ളുന്ന കടല്‍ മത്സ്യത്തൊഴിലാളികളെ ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട്. കടലാക്രമണം മൂലം തോണികളിലും കരയിലുമായി(ചവിട്ടുവല) മത്സ്യബന്ധനം നടത്താന്‍ കഴിയാത്തത് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കിയിട്ടുണ്ട്. തീരദേശമേഖല ഭീതിയുടെയും സാമ്പത്തിക ദുരിതത്തിന്റെയും ആഴങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യമാണുള്ളത്.
കടലില്‍ മത്സ്യത്തിന്റെ ലഭ്യതക്കുറവും, കാലാവസ്ഥാ വ്യതിയാനവും നേരത്തെതന്നെ മത്സ്യത്തൊഴിലാളികളെ വറുതിയിലാക്കിയിരുന്നു. കുമ്പള, മൊഗ്രാല്‍, കാസര്‍കോട് പ്രദേശങ്ങളിലെ നൂറോളം വരുന്ന മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാനാകാതെ തോണികള്‍ തീരത്ത് കെട്ടിയിട്ടിരിക്കുകയാണ്. ഇതുമൂലം അനുബന്ധ തൊഴിലാളികളും തൊഴിലില്ലാതെ വലയുന്നു. വറുതിയുടെ നാളുകള്‍ എന്ന് അവസാനിക്കുമെന്നറിയാതെ കടലമ്മയുടെ കനിവ് കാത്ത് നാളുകള്‍ തള്ളിനീക്കുകയാണ് മത്സ്യതൊഴിലാളികള്‍.
ജോലിയില്ലാതെ ദുരിതത്തിലായ മത്സ്യത്തൊഴിലാളികളില്‍ ചെറിയൊരു വിഭാഗത്തിന് മാത്രമാണ് സര്‍ക്കാറിന്റെ സമ്പാദ്യ ആശ്വാസ പദ്ധതി, തണല്‍ തുടങ്ങിയവയിലൂടെ സഹായം ലഭിക്കുന്നത്. ഇത് മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും ലഭ്യമാക്കാനുള്ള നടപടിയും, കൂടാതെ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞു കൂടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അടിയന്തിര സാമ്പത്തികസഹായവും, സൗജന്യ റേഷനും കൂടി അനുവദിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: