തിരുവനന്തപുരം: കാലവര്‍ഷം കടുത്തതോടെ ജില്ലകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്കി. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും വെള്ളം ഉയര്‍ന്ന സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ആവശ്യമായ സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ തുറക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പത്തനംതിട്ടയില്‍ വെള്ളപ്പൊക്കം രൂക്ഷമായാല്‍ രക്ഷാദൗത്യം നടത്തുന്നതിനായി കൊല്ലത്തു നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ എത്തിയിട്ടുണ്ട്. കൊല്ലം വാടി, തങ്കശേരി കടപ്പുറങ്ങളിലെ 30 മത്സ്യത്തൊഴിലാളികളും 10 വള്ളങ്ങളുമാണ് എത്തിയത്. അഞ്ചു വള്ളം വീതം ജില്ലയിലെ തീവ്ര ബാധിത പ്രദേശങ്ങളായ റാന്നി ഇട്ടിയപ്പാറയിലേക്കും, ആറന്മുള സത്രക്കടവിലേക്കും അയച്ചു. വെള്ളപ്പൊക്ക ഭീഷണി ശാന്തമാകുന്നതുവരെ ഇവര്‍ ജില്ലയില്‍ തുടരും. ജില്ലയിലെ 73 ദുരിതാശ്വാസ ക്യാമ്പുകളിലായി 609 കുടുംബങ്ങളിലെ 2101 പേരാണ് കഴിയുന്നത്്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്ത മഴയില്‍ ജില്ലയിലെ 161 കര്‍ഷകര്‍ക്ക് 42.57 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചു. ജില്ലാ കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ സജ്ജമാണ്.
വയനാട് ജില്ലയില്‍ ഞായറാഴ്ച (ആഗസ്റ്റ് 9) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയരുകയാണെങ്കില്‍ കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്കി. തൊണ്ടര്‍നാട് ക്ലസ്റ്ററില്‍ കോവിഡ് നിയന്ത്രണ വിധേയമായി വരുന്ന പശ്ചാത്തലത്തിലും കാലവര്‍ഷം ശക്തമായ സാഹചര്യത്തിലും കുറ്റ്യാടി ചുരം ഗതാഗതത്തിനു തുറന്നു കൊടുക്കും. എന്നാല്‍ കുറ്റ്യാടി ഉള്‍പ്പെടെ ഒരു ചുരത്തിലൂടെയും രാത്രി യാത്ര അനുവദിക്കില്ല. അപകട സാധ്യത നിലനില്‍ക്കുന്നതിനാലാണ് വൈകിട്ട് ഏഴ് മുതല്‍ രാവിലെ ആറ് വരെ ഗതാഗത നിരോധനമുള്ളത്.
കാലവര്‍ഷക്കെടുതി രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലയില്‍ 1216 കുടുംബങ്ങളിലെ 4206 പേരെ 79 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഇടപെടലില്‍ മറ്റ് വീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചത് 3009 കുടുംബങ്ങളിലെ 10,555 പേരെ. ദുരന്ത സാധ്യതാ മേഖലകളില്‍ കഴിയുന്ന 2872 കുടുംബങ്ങളിലെ 9420 പേരെ ബന്ധുവീടുകളിലേക്കും 137 കുടുംബങ്ങളിലെ 548 പേരെ വാടക വീടുകളിലേക്കുമാണ് മാറ്റി താമസിപ്പിച്ചത്. 587 പേരെ വൃദ്ധ സദനത്തിലേക്ക് മാറ്റി.
കഴിഞ്ഞ മൂന്നു ദിവസങ്ങളായി തിരുവനന്തപുരം ജില്ലയിലുണ്ടായ കനത്ത മഴയില്‍ 182 വീടുകള്‍ ഭാഗികമായും 37 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വലിയതുറ യു.പി സ്കൂള്‍, ഫിഷറീസ് ടെക്്നിക്കല്‍ സ്കൂള്‍, പോര്‍ട്ട് ഗോഡൗണ്‍ 1, പോര്‍ട്ട് ഗോഡൗണ്‍ 2, എല്‍.എഫ്.എം.എസ്.സി എല്‍.പി സ്കൂള്‍, ബഡ്സ് സ്കൂള്‍, സെന്റ് ജോസഫ് ഹയര്‍സെക്കന്ററി സ്കൂള്‍ അഞ്ചുതെങ്ങ് എന്നിവിടങ്ങളിലായി ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. 154 കുടുംബങ്ങള്‍ ഉള്‍പ്പടെ 582 പേര് ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിട്ടുണ്ട്.
മഴ കനത്തതോടെ കോഴിക്കോട് ജില്ലയിലെ നാലു താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം തുടങ്ങി. 135 കുടുംബങ്ങളിലെ 450 പേരാണ് വിവിധ ക്യാമ്പുകളിലേക്ക് മാറിയത്. കൊവിഡ് ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്കും മാറിയിട്ടുണ്ട്. കോഴിക്കോട് താലൂക്കില്‍ 13 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 134 പേരാണ് ക്യാമ്പുകളിലുള്ളത്. വാണിമേല്‍ ഗ്രാമപഞ്ചായത്തില്‍ ശക്തമായ മഴ കാരണം വാണിമേല്‍ പുഴയുടെ സമീപത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു.
കോഴിക്കോട് ജില്ലയിലെ താലൂക്കുകളില്‍ ആരംഭിച്ച കണ്ട്രോള് റൂം നമ്പറുകള്‍- 1077(കലക്ടറേറ്റ്), 0496 2522361(വടകര), 0495-2372966 (കോഴിക്കോട്), 0496-2620235 (കൊയിലാണ്ടി), 0495 2220588,0495 2223088(താമരശേരി).
ഇടുക്കി ജില്ലയില്‍ നാല് താലൂക്കുകളിലായി ഇതുവരെ 21 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 183 കുടുംബങ്ങളില്‍ നിന്നായി 624 പേരെ ഇവിടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
കാലവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയിലെ ജനങ്ങള്‍ പരമാവധി വീടിനുളളില്‍ തന്നെ കഴിയാനും പ്രളയ മേഖലയിലും മണ്ണിടിച്ചില്‍ സാധ്യതാ മേഖലയിലുമുളളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും നിര്‍ദേശിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി സമയത്ത് (വൈകിട്ട് ഏഴു മുതല്‍ രാവിലെ ഏഴുവരെ) മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തണം. ജലാശയങ്ങളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശിച്ചു.
ആലപ്പുഴ ജില്ലയിലെ പമ്പാനദിയുടെ തീരപ്രദേശങ്ങളിലുള്ളവര്‍ നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശം നല്കി. മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ കുട്ടനാട് താലൂക്കിലെ പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള 25 രോഗികളെ ആലപ്പുഴ റെയ്ബാനിലേക്ക് മാറ്റി പാര്‍പ്പിച്ചു. മെഡിക്കല്‍ ടീം, സെക്യൂരിറ്റി അടക്കമുള്ള സൗകര്യങ്ങള്‍ റെയ്ബാനില്‍ ജില്ലാ ഭരണകൂടം സജ്ജമാക്കി. ജില്ലയില്‍ ആകെ 24 ക്യാമ്പുകളിലായി 222 കുടുംബങ്ങളിലെ 787 പേരാണുള്ളത്. ആലപ്പുുഴ-ചങ്ങനാശ്ശേരി റോഡിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ കെ.എസ്.ആര്.ടി.സി ആലപ്പുഴ ഡിപ്പോയില്‍ നിന്ന് എ സി റോഡ് വഴിയുള്ള സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തി. നിലവില്‍ മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷന് വരെ ബസ് സര്‍വീസ് നടത്തുന്നുണ്ട്.
തൃശൂര്‍ ജില്ലയില്‍ കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ കളക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തന സജ്ജമാക്കി. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിന്റെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന്റെയും പശ്ചാത്തലത്തില്‍ അടിയന്തിര സേവന സന്നദ്ധരായി അഞ്ചു പേരടങ്ങുന്ന എന്‍ ഡി ആര് എഫ് സംഘം ചാലക്കുടിയില്‍ എത്തിയിട്ടുണ്ട്.
കാസര്‍ഗോഡ് ജില്ലയില്‍ മഴക്കെടുതിയുടെ ഭാഗമായി ഇതുവരെ 514 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകിയ ഹൊസ്ദുര്‍ഗ് താലൂക്കില്‍ 381 കുടുംബങ്ങളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. കാര്യങ്കോട് പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാന്‍ റവന്യു അധികൃതരുടെ നിര്‍ദേശം അവഗണിച്ച് പ്രദേശങ്ങളില്‍ തുടരുന്നവര്‍ എത്രയും പെട്ടെന്ന് മാറിത്താമസിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. വെള്ളരിക്കുണ്ടില്‍ പതിനൊന്നോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇതുവരെ 82 കുടുംബങ്ങളെയാണ് വെള്ളരിക്കുണ്ടില്‍ മാറ്റിത്താമസിപ്പിച്ചിട്ടുള്ളത്. തളങ്കര വില്ലേജില്‍ ചന്ദ്രഗിരി പുഴ കരകവിഞ്ഞൊഴികയതിനെ തുടര്‍ന്ന് 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മഞ്ചേശ്വരം താലൂക്കിലെ പൈവളികെയില്‍ മണ്ണിടിച്ചലുണ്ടായതിനെ തുടര്‍ന്ന് ഒമ്പത് കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി.
കോട്ടയം ജില്ലയില്‍ 127 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 959 കുടുംബങ്ങളിലെ 3126 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ഇതില്‍ 1306പുരുഷന്മാരും 1318 സ്ത്രീകളും 502 കുട്ടികളും ഉള്‍പ്പെടുന്നു. പൊതു വിഭാഗത്തിനായി 85 ഉം അറുപതു വയസിനു മുകളിലുള്ളവര്‍ക്കായി 39ഉം ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കായി മൂന്നും ക്യാമ്പുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് 1700 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ജില്ലയിലെ പ്രധാന നദികളില്‍ എല്ലാം ജലനിരപ്പ് അപാകടകരമാംവിധം ഉയര്‍ന്നതിനാല്‍ വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ വേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. വളപട്ടണം, മയ്യില്‍, ശ്രീകണ്ഠപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: