കൊറോണയും ആത്യന്തികമായി ഒരു പരിസ്ഥിതി പ്രശ്നമാണെന്നാണ് ഭൂമുഖത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത്. പരിസ്ഥിതി കൈകാര്യം ചെയ്യുന്നതില്‍ മനുഷ്യന് പറ്റിയ വീഴ്ചയുടെ ഫലമാണ് വൈറസ് വ്യാപനത്തിന്റെ പ്രധാന കാരണമെന്ന നിഗമനത്തിലാണ് ശാസ്ത്രലോകവും.
മനുഷ്യന്റെ പരിധിയില്ലാത്ത ഇടപെടലിലൂടെ ഭൂമിയിലെ വനങ്ങള്‍ അപകടകരമാംവിധം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. വനങ്ങള്‍ മരിക്കാന്‍ തുടങ്ങിയതോടെ വന്യജീവികളും മനുഷ്യനുമായുള്ള അകലം കുറയാന്‍ തുടങ്ങി. പലജാതി വൈറസുകളെ ശരീരത്തിനുള്ളില്‍ വഹിക്കുന്ന വന്യജീവികള്‍ അവരുടെ ആവാസ വ്യവസ്ഥയില്‍ കടന്നേറ്റമുണ്ടായതോടെ നാട്ടിലേക്കിറങ്ങാന്‍ തുടങ്ങി. വന്യജീവികളുടെ ശരീരത്തില്‍ അടങ്ങിക്കഴിഞ്ഞിരുന്ന വൈറസുകള്‍ പലതും മനുഷ്യരിലേക്കും പ്രവേശിക്കാന്‍ തുടങ്ങി. വന നശീകരണത്തിലൂടെ വാസസ്ഥലം നഷ്ടപ്പെട്ട് മനുഷ്യവാസ മേഖലകളിലേക്കിറങ്ങിയ വന്യജീവികളില്‍ നിന്നാണ് എബോള, സിക്ക, വെസ്റ്റ്നൈല്‍, എച്ച്.ഐ.വി., നിപ തുടങ്ങി പല പേരുകളിലുള്ള മരണകാരികളായ വൈറസുകള്‍ മനുഷ്യശരീരത്തില്‍ കടന്നുകയറിയത്. കാലാവസ്ഥാ വ്യതിയാനവും പുതിയജാതി വൈറസുകളുടെ ആവിര്‍ഭാവത്തിന് വഴിവച്ചിട്ടുണ്ടെന്ന് ശാസ്ത്രം പറയുന്നു. കാലാവസ്ഥ വ്യതിയാനത്തിന് ഇടയാക്കുന്ന ആഗോള താപനത്തിന് കാരണമന്വേഷിക്കുമ്പോഴും അത് ചെന്ന് നില്‍ക്കുന്നത് മനുഷ്യന്റെ അമിതമായ ദുരാഗ്രഹങ്ങളില്‍ തന്നെയാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശയില്‍ തന്നെ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് പ്രതിഭകള്‍ ശബ്ദമുയര്‍ത്തി തുടങ്ങിയിരുന്നു. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വ്യക്തിത്വമായ ഗാന്ധി അഹിംസാത്മകമായ പോരാട്ടങ്ങള്‍ക്കിടയിലും പ്രകൃതിയുമായി സമരസപ്പെട്ടുപോകേണ്ടതിന്റെ പ്രാധാന്യം എപ്പോഴും ബോധ്യപ്പെടുത്തിയിരുന്നതായി കാണാം.
എല്ലാ മനുഷ്യരുടെയും അത്യാവശ്യത്തിനുള്ളത് പ്രകൃതിയിലുണ്ടെന്നും ഒരാളുടെ പോലും അത്യാഗ്രഹത്തിനുള്ളതില്ലെന്നുമാണ് മനുഷ്യന്റെ ഉപഭോഗതൃഷ്ണയെ സൂചിപ്പിച്ച് ഗാന്ധിജി പറഞ്ഞിരുന്നത്.
കൊറോണ വൈറസ് മനുഷ്യകുലത്തിന് ദുരന്തം വിതച്ചുകൊണ്ട് വ്യാപനം തുടരുമ്പോള്‍ തന്നെ മനുഷ്യര്‍ക്ക് പ്രകൃതി സംരക്ഷണത്തില്‍ വന്ന പിഴവുകളെയും ബോധ്യപ്പെടുത്തുന്നുണ്ട്. ആരോഗ്യസംരക്ഷണത്തിന് വേണ്ട മുന്‍കരുതല്‍ പ്രകൃതി സംരക്ഷണത്തില്‍ അധിഷ്ഠിതമായിരിക്കണമെന്നാണ് കൊറോണ ബോധ്യപ്പെടുത്തുന്നതെന്ന് തോന്നുന്നു. ഒപ്പം കൊറോണ എന്ന മരണദൂതനിലൂടെ പ്രകൃതി തന്റെ കടമയും ഭംഗിയാക്കുകയാണെന്ന് ചിന്തിച്ചുപോകും ഇപ്പോള്‍ പരിസ്ഥിതിക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍. പൊടിപടലങ്ങളും പുകമഞ്ഞും നിറഞ്ഞ് അദൃശ്യമായിരുന്ന നഗരങ്ങളുടെ ആകാശം ലോക്ഡൗണ്‍ വന്നതോടെ തെളിവാര്ന്നിരിക്കുന്നു. തെളിഞ്ഞ നീലാകാശം പുതുതലമുറയിലെ ബാല്യം ആദ്യമായിട്ടായിരിക്കും കാണുന്നത്. ഇന്ത്യയില്‍ ഗംഗ, ബ്രഹ്മപുത്ര തുടങ്ങിയ നദികളിലെ മാലിന്യം വന്‍തോതില്‍ കുറഞ്ഞതായും ഈ നദികള്‍ സ്വച്ഛമായി ഒഴുകുന്നതായും പരിസ്ഥിതി സമിതികള്‍ പറയുന്നു. വെനീസിലെ കനാലുകളില്‍ ഇപ്പോള്‍ തെളിനീരാണ് ഒഴുകുന്നത്. റോമിലെ ജലധാരകളില്‍ താറാക്കൂട്ടങ്ങള്‍ വെയില് കായാനെത്തുന്നു. ചൈനയുടെ ആകാശത്തെ വിഷലിപ്തമായ വായുവിന് കനംകുറഞ്ഞു. ഡല്‍ഹിയില്‍ വായു ശ്വസിക്കാന്‍ കൊള്ളാവുന്നതായി. യൂറോപ്പിലും അമേരിക്കയിലും വായു മലിനീകരണം മൂന്നില്‍ ഒന്നായി കുറഞ്ഞെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചുരുക്കത്തില്‍ കൊറോണ കാലത്തിന്റെ മറുവശം ഭൂമി കൂടുതല്‍ വാസയോഗ്യമായി എന്നതാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം പ്രത്യക്ഷമല്ലെങ്കിലും അത് എപ്പോഴും കെട്ടുപിണഞ്ഞു കിടക്കുന്ന വസ്തുതയാണ്. അതുകൊണ്ടു തന്നെ പരിസ്ഥിതി പഠനം വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാന വിഷയങ്ങളില്‍ ഒന്നാക്കാന്‍ നമ്മള് വൈകിപ്പോയെന്നാണ് ഈ ദുരന്തകാലം ഓര്‍മ്മിപ്പിക്കുന്നത്. മനുഷ്യജീവിതത്തിന്റെ എന്ത് ആവശ്യവും പ്രകൃതിയുമായി ബന്ധപ്പെട്ടതാണ്. ഭക്ഷണം, മരുന്ന്, വിനോദം തുടങ്ങി നിലനില്‍പ്പിന്റെ അടിസ്ഥാനം തന്നെ പ്രകൃതിയാണ്.
‘പ്രകൃതി ഒരു കാര്യത്തിലും ധൃതി കൂട്ടുന്നില്ല. എങ്കിലും എല്ലാം ഭംഗിയായി നിറവേറ്റും..’ എന്ന ചൈനീസ് തത്വചിന്തകനും താവേയിസത്തിന്റെ വക്താവുമായ ലാവോസിന്റെ വാക്കുകള്‍ പ്രകൃതി ജീവനത്തെ പിന്‍പറ്റാനാണ് ഉദ്ഘോഷിക്കുന്നത്. കൊറോണ വൈറസിന് കാരണക്കാരായ ചൈന തന്നെയാണ് അവിടെ പിറന്ന ഈ ദാര്‍ശനികന്റ വാക്കുകള്‍ ആവര്‍ത്തിച്ച് ഉരുവിടേണ്ടതും.
മാധവന് ബി. നായര്‍
(പ്രസിഡന്റ് ,ഫൊക്കാന)
പ്രതികരിക്കാൻ ഇവിടെ എഴുതുക: