മൂന്നാര്‍ : രാജമല പെട്ടിമുടിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനാലായി. രക്ഷാപ്രവര്‍ത്തകര്‍ 12 പേരെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തി. ആറ് പേര് പുരുഷന്മാരും, നാല് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചിട്ടുള്ളത്. മരിച്ച ഒമ്പത് പേരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
78 പേരാണ് അപകടത്തില്‍ പെട്ടത്. ഇതില്‍ 12 പേരെ രക്ഷപ്പെടുത്തി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്. 20 കുടുംബങ്ങളാണ് നിലവില്‍ അപകടത്തില്‍ പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മൂന്നര കിലോമീറ്റര്‍ മുകളില്‍ നിന്ന് കുന്നിടിഞ്ഞാണ് പുഴ പോലെയായി ഉരുള്‍പൊട്ടി വന്നതാണന്ന് ദേവികുളം തഹസില്‍ദാറും അറിയിച്ചു. കാണാതായവര്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. അപകടത്തില്‍ രണ്ട് ലയം പൂര്‍ണമായും ഒലിച്ച് പോയതായാണ് സൂചന. തമിഴ് തോട്ടം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്.
പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടോടിയ ആദ്യ സംഘമാണ് മണ്ണിടിച്ചിലിനെ കുറിച്ച് പുറം ലേകത്തെ അറിയിച്ചത്. ഉള്‍പ്രദേശമായതിനാല്‍ രാവിലെ ആറ് മണിയോടെയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇവിടെ തുടങ്ങാനായത്.
രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണസേനയും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വ്യോമസേനയുടെ സംഘവും മെഡിക്കല്‍ ടീമും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മൂന്നാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ദുരന്തം നടന്ന സ്ഥലം. ഇവിടെ എത്തിച്ചേരാനുള്ള പെരിയവര പാലം കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നിരുന്നു. പുതിയ പാലം ഇതുവരെ പണിതിട്ടില്ല. അതുകൊണ്ടുതന്നെ ഇങ്ങോട്ടേയ്ക്ക് ആളുകള്‍ ചെന്നെത്തുന്നതും ഏറെ ദുര്‍ഘടമാണ്.
നിലവില്‍ പെരിയവര പാലത്തിന് നടുവില്‍ ജെസിബി ഉപയോഗിച്ച് മണ്ണിട്ട് താത്കാലത്തേക്ക് അപ്രോച്ച് റോഡ് നിര്‍മിച്ചാണ് നിലവില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതും ഇതുവഴിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: