ന്യൂദല്‍ഹി: ലോകമെങ്ങുമുള്ള രാമഭക്തര്‍ കാത്തിരിക്കുന്ന അയോധ്യയിലെ ഭൂമിപൂജാ ചടങ്ങുകള്ക്കിനി മണിക്കൂറുകള്‍ മാത്രം ബാക്കി. അയോധ്യയില്‍ രാമമന്ത്ര ധ്വനികള്‍ മാത്രം. കഴിഞ്ഞ ദിവസം ആരംഭിച്ച പൂജകള്‍ തുടരുകയാണ്.
അഞ്ച് പ്രധാന വ്യക്തികളാണ് ഭൂമിപൂജയ്ക്ക് ശേഷം നടക്കുന്ന പരിപാടിയില്‍ വേദിയിലുണ്ടാവുക -പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹന്ത് നൃത്യ ഗോപാല്‍ദാസ് എന്നിവര്‍. ലോകത്തെ 36 പ്രമുഖ പരമ്പരകളിലെ 135 സംന്യാസി ശ്രേഷ്ഠരുടെ സാന്നിധ്യത്തിലാണ് പവിത്രമായ ചടങ്ങുകള്‍. രാജ്യത്തെ നൂറുകണക്കിന് പുണ്യസ്ഥലങ്ങളിലെ മണ്ണും പുണ്യനദികളിലെ ജലവും രാമജന്മഭൂമിയെ കൂടുതല്‍ പവിത്രമാക്കും.
ഭൂമിപൂജ പരിപാടിയുടെ ക്ഷണക്കത്ത് ഇന്നലെ വിതരണം ചെയ്തു തുടങ്ങിയതോടെയാണ് ആരൊക്കെ പങ്കെടുക്കുമെന്ന വ്യക്തത ലഭിച്ചത്. 175 പേര്‍ക്കാണ് ക്ഷണക്കത്ത് നല്‍കിയിരിക്കുന്നതെന്ന് തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി പറഞ്ഞു. പ്രത്യേക സുരക്ഷാ കോഡ് അടക്കമുള്ള സംവിധാനങ്ങള്‍ ക്ഷണക്കത്തിലുണ്ട്. ആദ്യ ക്ഷണക്കത്ത് അയോധ്യാ കേസിലെ പരാതിക്കാരനായ ഇക്ബാല്‍ അന്‍സാരിക്കാണ്. പതിനായിരത്തോളം അജ്ഞാത ശവശരീരങ്ങള്‍ മറവു ചെയ്തതിലൂടെ പ്രശസ്തനായ പദ്മശ്രീ മുഹമ്മദ് ഷെരീഫ് അടക്കമുള്ളവര്‍ക്കും ക്ഷണക്കത്ത് ലഭിച്ചിട്ടുണ്ട്.
രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ചുകൊണ്ട് 40 കിലോ വെള്ളിയില്‍ തീര്‍ത്ത ഇഷ്ടിക ഭൂമിപൂജാവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാമജന്മഭൂമിയില്‍ സ്ഥാപിക്കും. രാമക്ഷേത്ര പ്രക്ഷോഭത്തിന് നേതൃത്വം വഹിച്ച എല്‍.കെ അദ്വാനി, മുരളീമനോഹര്‍ ജോഷി എന്നിവര്‍ ഓണ്‍ലൈനിലൂടെ പരിപാടിയില്‍ പങ്കെടുക്കും. പ്രായാധിക്യം മൂലം കൊവിഡ് നിബന്ധനകള്‍ കൂടി പാലിച്ചാണ് നടപടി. പ്രത്യേക ക്ഷണം ലഭിച്ച ഉമാഭാരതി അയോധ്യയിലെത്തുന്നുണ്ടെങ്കിലും കൊവിഡ് പ്രതിസന്ധിയുള്ളതിനാല്‍ ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്നും പിന്നീട് രാമജന്മഭൂമിയില്‍ ദര്‍ശനം നടത്തുമെന്നും അറിയിച്ചു. വിമാന യാത്രകള്‍ ചെയ്യാത്ത ഉമാഭാരതി, ട്രെയിന്‍ യാത്രയില്‍ കൊവിഡ് വ്യാപന സാധ്യതകള്‍ കൂടുതലാണെന്നും പ്രധാനമന്ത്രി അടക്കമുള്ളവരുടെ ആരോഗ്യം തന്റെ ഉത്തരവാദിത്വമാണെന്നും ചൂണ്ടിക്കാട്ടിയാണ് ചടങ്ങ് കഴിഞ്ഞ ശേഷം ദര്‍ശനം നടത്തുമെന്ന് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: