തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാനാകാതെ സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ കേരള മോഡല്‍ പൊളിഞ്ഞു. വൈറസിനെ പ്രതിരോധിക്കാന്‍ ദല്‍ഹി മോഡല്‍ വേണമെന്ന ആവശ്യം ശക്തമാവുന്നു.
തിരുവനന്തപുരമടക്കം പല നഗരങ്ങളിലും വൈറസ് വ്യാപനം നിയന്ത്രിക്കാനാകുന്നില്ല. രോഗം പിടിപെടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം അനുദിനം വര്‍ധിക്കന്നു. പോലീസുകാര്‍ മരിക്കുന്നു. കൈക്കുഞ്ഞുങ്ങള്‍ക്കും രോഗബാധ. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മുന്നേറുകയാണ് വൈറസ്.
മറ്റ് സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് അതിവേഗം പടര്‍ന്നു പിടിച്ച ആദ്യഘട്ടത്തില്‍, കേരളത്തില്‍ വ്യാപനത്തിന്റെ തോത് വളരെ കുറവായിരുന്നു. വൈറസിനെ കേരളം പിടിച്ചുകെട്ടിയെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള മോഡല്‍ എങ്ങും വാഴ്ത്തി പാടി. അധികം താമസിക്കാതെ എല്ലാം താളം തെറ്റിയെന്ന് പാടിയവര്‍ക്കു തന്നെ പറയേണ്ടി വന്നു. നൂറും അഞ്ഞൂറും ആയിരവും കടന്നാണ് സംസ്ഥാനത്ത് ദിനംപ്രതി രോഗബാധിതരുടെ എണ്ണം.
ദല്‍ഹിയിലെ ബ്ലൂ പ്രിന്റ് തകര്‍ന്നപ്പോള്‍
ഇതേ അവസ്ഥയിലായിരുന്നു ദല്‍ഹിയിലും. വൈറസിനെ തളയ്ക്കുമെന്ന പ്രഖ്യാപനത്തോടെ രോഗബാധിത മേഖലകളെ തരം തിരിച്ച് ബ്ലൂ പ്രിന്റ് തയാറാക്കിയായിരുന്നു അരവിന്ദ് കേജ്രിവാള് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. അധിക നാള് പിന്നിട്ടില്ല. വൈറസ് വ്യാപനം രാജ്യ തലസ്ഥാനത്തെ പിടിച്ചുലച്ചു. ബ്ലൂ പ്രിന്റാകെ തകര്‍ന്നടിഞ്ഞു. ഈ ഘട്ടത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇടപെട്ട്, ദല്‍ഹി സര്‍ക്കാരിനെ ചേര്‍ത്ത് പിടിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത്. വളരെ പെട്ടെന്ന് രോഗമുക്തി നേടിയരുടെ എണ്ണം 83ശതമാനമാക്കിയും മരണ നിരക്ക് 2.95 ശതമാനത്തിലേക്ക് കുറയ്ക്കാനും സാധിച്ചു.
കേജ്രിവാളിന്റെ ബ്ലൂപ്രിന്റ് മോഡലിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ക്ലസ്റ്റര്‍ സംവിധാനം. കൊറോണ ബാധിത പ്രദേശങ്ങളെ ക്ലസ്റ്റര്‍ മേഖലകളാക്കി ഈ പ്രദേശങ്ങളെ കണ്ടൈന്‍മെന്റ് സോണുകളാക്കിയും ട്രിപ്പിള്‍ ലോക്ഡൗണാക്കിയുമായിരുന്നു പ്രവര്‍ത്തനം. ഇതെല്ലാമുണ്ടായിട്ടും സ്ഥിതി നിയന്ത്രിക്കാനായില്ല.
ധാരാവിയില്‍ സംഭവിച്ചതുപോലെ
മുംബൈയിലെ ധാരാവിയില്‍ രോഗം പടര്‍ന്നുപിടിച്ചതു പോലെയാണ് തിരുവനന്തപുരത്ത് തീരപ്രദേശത്ത് വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത്. ഈ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം വേണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഭക്ഷണത്തിനുള്ള സാധനങ്ങള്‍ തരണമെന്ന് ആവശ്യപ്പെട്ട് ലോക്ഡൗണ്‍ ലംഘിച്ച് പൂന്തുറ നിവാസികള്‍ തെരുവില്‍ ഇറങ്ങി. കൈമലര്‍ത്തിയ സര്‍ക്കാര്‍ പലചരക്ക് കടകള്‍ തുറന്ന് കൊടുത്തു. ഇതോടെ നിയന്ത്രണങ്ങള്‍ തകിടം മറിഞ്ഞു. ഇതിലൂടെ ഉണ്ടായ വൈറസ് വ്യാപനം തെക്കന്‍ കേരളത്തെയാകെ ബാധിച്ചു.
രോഗം ഭയന്ന് തീരത്തുനിന്ന് നഗരത്തിലെ ബന്ധു ഭവനങ്ങളിലേക്ക് താമസം മാറിയതോടെ നഗരത്തിലെ സ്ഥിതിയും രൂക്ഷമായി.സംസ്ഥാന അതിര്‍ത്തികളിലൂടെ നിരവധി പേര് സംസ്ഥാനത്തേക്ക് വരുന്നു. ഇതില്‍ വൈറസ് ബാധിതരേറെ. വൈറസ് പരിശോധന പേരിനു മാത്രം. ഇത്തരത്തില്‍ മലയോര മേഖലയില്‍ നിന്നും തീരദേശത്തു നിന്നും വ്യാപിക്കുന്ന വൈറസ് വ്യാപനം കേരളത്തെയാകെ പിടിമുറുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: