തിരുവനന്തപുരം കേരള പബ്ലിക് സര്‍വീസ് കമ്മീഷന് പിരിച്ചുവിടണമെന്ന് യുവമോര്‍ച്ച. റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കിക്കൊണ്ട് സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും യഥേഷ്ടം പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ സിപിഎമ്മിന്റെ സൈബര്‍ പോരാളികള്‍ക്ക് സ്ഥിര നിയമനത്തിന് സര്‍ക്കാര്‍ ഉന്നതങ്ങള്‍ ശുപാര്‍ശ ചെയ്തെന്നും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന് ചൂണ്ടിക്കാട്ടി.
കേരളത്തിലെ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി നിയമനങ്ങള്‍ നടത്താന്‍ പിഎസ് സി ക്ക് സാധിക്കാതെ വന്നിരിക്കുകയാണെന്നും പരീക്ഷകള്‍ നടത്തി റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുക എന്നത് മാത്രമാണ് ഇപ്പോള്‍ പിഎസ്സി ചെയ്തു കൊണ്ടിരിക്കുന്നത്. സ്വജനപക്ഷപാതിത്തവും, കെടുകാര്യസ്ഥതയും, അഴിമതിയും മാത്രം മുഖമുദ്രയാക്കിയാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും അദേഹം പറഞ്ഞു.
പത്താം ക്ലാസു പോലും പാസാകാത്ത സ്വപ്ന സുരേഷിനെപ്പോലുള്ളവര്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുമ്പോള്‍ കഷ്ടപ്പെട്ട് പഠിച്ച് പി എസ്സി റാങ്ക് ലിസ്റ്റുകളില്‍ ഇടം പിടിച്ചവര്‍ നിയമനം ലഭിക്കാതെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റും, എക്സൈസ് റാങ്ക് ലിസ്റ്റും ഉള്‍പ്പെടെ നിരവധി ലിസ്റ്റുകള്‍ നാമമാത്ര നിയമനങ്ങള്‍ മാത്രം നടത്തി കാലാവധി അവസാനിച്ചിരിക്കുന്നു. ലഭ്യമായ ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതെ അക്ഷരാര്‍ത്ഥത്തില്‍ നിയമന നിരോധനം കേരളത്തില്‍ നടപ്പിലാക്കുകയാണെന്നും പ്രഫുല്‍ പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: