കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ അഞ്ചാം തവണയും കോവിഡ് ബാധിതരുടെ എണ്ണം 100 കടന്നു. രോഗബാധിതരില്‍ കൂടുതല്‍ പോര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് പോസ്റ്റീവായതെന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സ്ഥിതി അതിരൂക്ഷമാണെന്ന സൂചനയാണ് ഇന്നലത്തെ കണക്കുകള്‍ നല്‍കുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ച 153 പേരില്‍ 151 പേരും സമ്പര്‍ക്കരോഗികളാണ്. അതായത് 98.69 ശതമാനമാണ് സമ്പര്‍ക്ക രോഗികളുടെ നിരക്ക്. ഇത് ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്.
ജൂലൈ 22ന് 101 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതില്‍ 90 സമ്പര്‍ക്ക രോഗികളായിരുന്നു. ജൂലൈ 24ന് 106 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചപ്പോള്‍ 76 പേര് സമ്പര്‍ക്കത്തിലൂടെയാണ് രോഗികളായതില്‍ 21 പേരുടെ ഉറവിടം ലഭ്യമല്ല. ജൂലൈ 25ന് 105 പേര്‍ക്ക് പോസ്റ്റീവായതില് ഉറവിടമറിയാത്ത 14 പേര് ഉള്‍പ്പെടെ 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂലൈ 26ന് 107 പേര്‍ക്ക് പോസ്റ്റീവായതില് 104 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്.
സംസ്ഥാനത്ത് ശനിയാഴ്ച ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ ജില്ലയാണ് കാസര്‍കോട്. സംസ്ഥാനത്ത് പുതിയ 17 ഹോട്ട്സ്പോട്ടുകളുള്ളതില് ഏറ്റവും കൂടുതല്‍ കാസര്‍കോട് ജില്ലയിലാണ്. പുല്ലൂര്‍ പെരിയ (കണ്ടൈന്‍മെന്റ് സോണ്‍: 1, 7, 8, 9, 11, 13, 14, 17), പുത്തിഗെ (6, 10), തൃക്കരിപ്പൂര്‍ (1, 3, 4, 5, 7, 11, 13, 14, 15, 16), ഉദുമ (2, 6, 11, 16, 18), വലിയ പറമ്പ (6, 7, 10), വോര്‍ക്കാടി (1, 2, 3, 5, 7, 8, 9, 10), വെസ്റ്റ് എളേരി (14) എന്നിവയാണ് ജില്ലയില്‍ പുതുതായി രൂപം കൊണ്ട ഹോട്ട്സ്പോട്ടുകള്‍. ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 28 പേരാണ് ശനിയാഴ്ച രോഗമുക്തി നേടിയത്. തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുല്‍ റഹ്മാന്റെ ( 72) മരണം കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു.
നിലവില്‍ 3613 പേര് ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ 2662 പേരും സ്ഥാപനങ്ങളില്‍ 951 പേരുമുള്‍പ്പെടെയാണിത്. പുതിയതായി 261 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഇതുവരെ 29,655 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. സെന്റിനല്‍ സര്‍വ്വെ അടക്കം 1374 പേരുടെ സാമ്പിളുകള്‍ പുതിയതായി പരിശോധനയ്ക്ക് അയച്ചു.
877 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 169 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 79 പേരെ നിരീക്ഷണത്തിലാക്കി. 153 പേരെ ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. കാസര്‍കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് ആരോഗ്യപ്രവര്‍ത്തകരെയും ജനങ്ങളെയും ഒരു പോലെ ആശങ്കയുടെ മുള്മുനയിലാഴ്ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: