നെയ്യാറ്റിന്‍കര: അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എന്നത് അരങ്ങില്‍ നിന്നും അടുക്കളയിലേക്കായി മാറിയിരിക്കുകയാണ് യമുനയുടെ ജീവിതത്തില്‍. നെയ്യാറ്റിന്‍കരയിലെ ആദ്യകാല കലാകാരിയായ മഞ്ചവിളാകം സ്വദേശിനി യമുന (65) ന്റെ അരനൂറ്റാണ്ട് കാലത്തെ കലാജീവിതം ആരെയും അമ്പരിപ്പിക്കും. നാട്യകലാരംഗത്ത് അമ്പത് വര്‍ഷക്കാലം അരങ്ങ് നിറഞ്ഞു നിന്ന ഈ നര്‍ത്തകിക്ക് ഓര്‍മകളായി ശേഷിക്കുന്നത് മുത്തുകള്‍ കൊഴിഞ്ഞുപോയ ഒരു ചിലങ്ക തുണ്ട് മാത്രമാണ്. അരങ്ങ് ഒഴിഞ്ഞ കലാകാരി ഉപജീവനത്തിനായി തൊഴിലുറപ്പില്‍ ഉള്‍പ്പെട്ടങ്കിലും പ്രായം 65 ആയതിനാല്‍ ആ വഴിയും അടഞ്ഞ് വീട്ടില്‍ ഒറ്റയ്ക്കിരിപ്പാണ്.
യമുന അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നെയ്യാറ്റിന്‍കര ജഗദീശന് എന്ന ഗുരുനാഥന്റെ കീഴില്‍ കുച്ചിപ്പുടി, ഭരതനാട്യം, നാടോടി നൃത്തം തുടങ്ങി നാട്യകലകല് അഭ്യസിച്ച് പലവകുളങ്ങര ശിവക്ഷേത്രത്തില്‍ വച്ച് ഗുരുവിന്റെ സാന്നിധ്യത്തില്‍ അരങ്ങേറ്റം നടന്നത്. തുടര്‍വര്‍ഷങ്ങളില്‍ യമുന നൃത്ത അധ്യാപികയും ജഗദീശന്റെ കിഴിലുള്ള കലാനിലയത്തിന്റെ പ്രോഗ്രാമുകളില്‍ മികച്ച നര്‍ത്തകിയായി അരങ്ങുകളിലുമെത്തി. കുമാരസംഭവം, ശ്രീവള്ളി, അല്ലി അര്‍ജുന വിജയം, നാഗപഞ്ചമി, ചെമ്പകപുരി തുടങ്ങിയ ബാലെകളിലെ കേന്ദ്രകഥാപാത്രമായും ‘ഹൃദയത്തിന്റെ നിറങ്ങള്‍’ എന്ന മലയാള സിനിമയില്‍ ചെറിയ വേഷവും യമുന ചെയ്തു. ഇതിനിടെ മാര്‍ത്താണ്ഡം സ്വദേശിയായ മഹേശ്വരനുമായി യമുനയുടെ വിവാഹം കഴിഞ്ഞു. തമിഴ്നാട്ടിലെ പള്ളിയാടി സ്കൂള്‍, മാര്‍ത്താണ്ഡം ക്രിസ്തുരാജ, കാപ്പിക്കാട് കിഡ്സ് ഇംഗ്ലിഷ് മീഡിയം സ്കൂള്‍ തുടങ്ങിയ ഇടങ്ങളില്‍ ഏറെക്കാലം നൃത്ത അധ്യാപികയായി സേവനം അനുഷ്ഠിച്ചു. യമുനയുടെ ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ മാര്‍ത്താണ്ഡത്ത് യമുനാ നൃത്ത കലാനിലയം തുടങ്ങി. നൂറുകണക്കിന് വിദ്യാര്‍ഥികളെ നാട്യകല അഭ്യസിപ്പിച്ചു. തുടര്‍ന്ന് യമുനാ നാടക വേദി തുടങ്ങി ഭര്‍ത്താവിനോടൊപ്പം നായികാ വേഷമണിഞ്ഞ് ഏറെക്കാലം നൃത്തകലാരംഗത്ത് സജീവമായിരുന്നു.
എം.എ. ബേബി സംസ്ക്കാരിക മന്ത്രിയായിരിക്കെ കേരള സര്‍ക്കാര്‍ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ യമുനയ്ക്ക് ആദരവ് ലഭിച്ചു. നാടകം, ബാലെ, നൃത്തകലാരംഗ വേദികള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കേരളത്തില്‍ വേദികള്‍ നഷ്ടപ്പെട്ട് തുടങ്ങിയതോടെ യമുന ഉള്‍പ്പെടെയുള്ള നിരവധി കലാകാരികള്‍ക്ക് ജീവിതമാര്‍ഗം വഴിമുട്ടി. ഇവര്‍ താമസിച്ച് വന്നിരുന്ന ഓലമേഞ്ഞ വീട്ടിലെ ശോചനീയാവസ്ഥ കാരണം കലാരംഗത്തു നിന്നും ലഭിച്ച നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. നാളിതുവരെ യാതൊരുവിധ ക്ഷേമ പെന്‍ഷനുകള്‍ക്കും ഇവര്‍ക്ക് അംഗീകാരം ലഭിച്ചിട്ടില്ല. കാലപ്പഴക്കം ചെന്ന വീട് പുതുക്കി പണിയാനായി കൊല്ലയില്‍ പഞ്ചായത്തിനെ സമീപിച്ചെങ്കിലും അവരും കണ്ട ഭാവം കാണിച്ചില്ല. എട്ട് വര്‍ഷത്തിനു മുമ്പ് ഭര്‍ത്താവായ മഹേശ്വരനും മരിച്ചതോടെ ഒറ്റയ്ക്ക് ഒരു വീട്ടില്‍ ഏകാന്തവാസമനുഭവിക്കുകയാണ് ഈ കലാകാരി. എത്തുന്ന വേദികളിലെല്ലാം കയ്യടിയും ആര്‍പ്പുവിളിയുമായി സ്വീകരിച്ചിരുന്ന ആ സന്തോഷകാലം ഇനി ഉണ്ടാകില്ലെന്ന് യമുനയ്ക്കറിയാം. എങ്കിലും ഒരു പ്രാര്‍ത്ഥന മാത്രമാണുള്ളത്. കുടുംബം പട്ടിണിയാകരുതേയെന്ന പ്രാര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: