തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വര്‍ണക്കടത്ത് കേസില്‍ സംശയനിഴലിലുള്ള മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ മറ്റൊരു കുരുക്ക്. സി ഡിറ്റിലെ അനധികൃത ഇടപെടലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. സി ഡിറ്റ് പദ്ധതികള്‍ പുറംകരാര്‍ നല്‍കിയതില്‍ ശിവശങ്കറിന്റെ ഇടപെടല്‍ കൂടുതല്‍ വ്യക്തമാകുന്നു.
ടെന്‍ഡര്‍ വിളിക്കാതെയാണ് പല കരാറുകളും കമ്പനികള്‍ക്ക് നല്‍കിയതെന്നാണ് ആരോപണം. മാനദണ്ഡം വിഷയമാകുമെന്നായപ്പോള്‍ എം പാനല്‍ ഏജന്‍സികളെ നിയോഗിച്ച് കുറുക്കുവഴി തേടി. സി ഡിറ്റ് സ്വന്തമായി ചെയ്ത പ്രവര്‍ത്തനങ്ങള്‍ പോലും ശിവശങ്കര്‍ സ്വകാര്യകമ്പനികള്‍ക്ക് മറിച്ച് നല്കിയതില്പ്പെടുന്നു. ഇതു വഴി സി ഡിറ്റിനുണ്ടായത് കോടികളുടെ നഷ്ടം.
സ്വന്തക്കാരെ സ്ഥിരപ്പെടുത്താന്‍ ശിവശങ്കര്‍ നടത്തിയ ഇടപ്പെടല്‍ മുമ്പ് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കരാറുകളും ഇഷ്ടക്കാര്‍ക്കും അടുപ്പക്കാര്‍ക്കും നല്‍കിയെന്ന രേഖകള്‍ പുറത്തുവരുന്നത്. സര്‍ക്കാരുമായി ബന്ധപ്പെട്ട മിക്ക പദ്ധതികളും സി ഡിറ്റ് നേരിട്ടാണ് നടപ്പാക്കിയിരുന്നത്. മുഖ്യമന്ത്രിയുടെ പോര്‍ട്ടല്‍ സംവിധാനമായ പരാതി പരിഹാരസെല്‍, കെഎസ്എഫ്ഇ പ്രവാസി ചിട്ടി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സ്വകാര്യ കമ്പനികള്‍ക്ക് മറിച്ചു നല്കി. ഇവയുടെ നടത്തിപ്പില്‍ ഒരു പരാതിയുമില്ലെന്നിരിക്കെയാണിത്. ശിവശങ്കര്‍ ഐടി സെക്രട്ടറിയും സി ഡിറ്റിന്റെ ഡയറക്ടറുമായിരുന്ന സമയത്താണ് ഇതെല്ലാം. ചുമതല ദുരുപയോഗം ചെയ്താണ് പദ്ധതികള്‍ സ്വകാര്യകമ്പനികള്‍ക്ക് നല്‍കിയെന്നത് വ്യക്തം.
അഞ്ചു ലക്ഷത്തിന് മുകളിലുള്ള കരാറുകള്‍ ഇ-ടെന്‍ഡര്‍ മുഖേന മാത്രമെ നല്കാവുയെന്നാണ് സര്‍ക്കാര്‍ ചട്ടം. ഇത് അട്ടിമറിക്കാനാണ് എം പാനല്‍ ഏജന്‍സികളുടെ പട്ടിക തയാറാക്കിയത്. ഇതു പ്രകാരം അഞ്ചു ലക്ഷത്തിനു മുകളിലുള്ള കരാറുകളും നേരിട്ട് നല്‍കാനാകും. തയാറാക്കിയ പട്ടികയില്‍ എല്ലാം സ്വകാര്യ കമ്പനികളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: