ഇടുക്കി: വൈദ്യുതിവകുപ്പ് ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡ് വാഴത്തോപ്പ് യൂണിറ്റ് നടത്തിയ പരിശോധനകളില്‍ 3 മാസത്തിനിടെ കണ്ടെത്തിയത് 5 വൈദ്യുതി മോഷണം. കുടുങ്ങിയവരില്‍ റിട്ട. വൈദ്യുതി വകുപ്പ് ജീവനക്കാരനും. തൊടുപുഴ, കല്ലൂര്‍ക്കാട്, ഉപ്പുതറ തുടങ്ങിയ മേഖലകളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.
ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമ പ്രദേശങ്ങളിലും എസ്റ്റേറ്റ് മേഖലകളിലുമാണ് വൈദ്യുതി മോഷണം ഏറെയും നടക്കുന്നത്. അധികൃതരുടെ ശ്രദ്ധ പെട്ടെന്ന് എത്തിപ്പെടില്ല എന്നത് തന്നെ കാരണം. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ നടത്തിയ പരിശോധനകളിലാണ് 5 വൈദ്യുതി മോഷണവും, 2 വൈദ്യുതി ദുരുപയോഗവും കണ്ടെത്തി നടപടിയെടുത്തത്. വൈദ്യുതി മോഷണത്തിന് ആകെ 16,22,330 രൂപ പിഴയിനത്തില്‍ ലഭിച്ചതായി അധികൃതര്‍ പറഞ്ഞു. ആകെ 154 ഇടങ്ങളിലാണ് ഈ കാലയളവില്‍ മിന്നല്‍ പരിശോധന നടത്തിയത്.
വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് വൈദ്യുതി എടുക്കുന്നതാണ് പലരുടെയും രീതി. വലിയ തോട്ടങ്ങളിലൂടെയും മറ്റും കടന്നുപോകുന്ന വൈദ്യുതി ലൈനില്‍ നിന്നാണ് വൈദ്യുതി മോഷ്ടിക്കുന്നത്. പ്രധാനമായും പമ്പിങ് ആവശ്യത്തിന് വേണ്ടിയാണ് ഇത്തരത്തില്‍ വൈദ്യുതി മോഷ്ടിക്കുന്നതെന്നാണ് വിവരം. ഈ വര്‍ഷം പിടികൂടിയ വൈദ്യുതി മോഷണങ്ങളിലൊന്ന് ഇത്തരത്തില്‍ ഉള്ളതായിരുന്നു. മീറ്ററില്‍ റീഡിങ് വരാത്ത വിധം സര്‍വീസ് വയര്‍ ലൂപ്പ് ചെയ്ത് വൈദ്യുതി മോഷ്ടിച്ചതിനാണ് മറ്റ് 4 പേര് പിടിയിലായത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പരിശോധനകളെ ബാധിച്ചിരുന്നു.
വിവരം അറിയിക്കാം
വൈദ്യുതി മോഷണത്തെക്കുറിച്ചു വിവരം ലഭിക്കുന്നവര്‍ 04862235281, 9446008164 ഇവയില്‍ ഏതെങ്കിലും നമ്പറില്‍ അറിയിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: