കോഴിക്കോട്: സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ ബീച്ച് ഗവ. ജനറല്‍ ആശുപത്രി കേന്ദ്രഫണ്ട് കൈത്താങ്ങാകുന്നു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഒരു കോടി രൂപ വിനിയോഗിച്ച് അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടു കൂടിയ മെഡിക്കല്‍ ഐസിയു ആന്റ് സ്ട്രോക്ക് യൂണിറ്റ് സജ്ജമായി.
എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ ഐസിയു ഒന്നരമാസം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 22 ബെഡുകള്‍ ഉള്‍ക്കൊള്ളുന്ന മെഡിക്കല്‍ ഐസിയു ആന്റ് സ്ട്രോക്ക് യൂണിറ്റാണ് ഒരുക്കിയിട്ടുള്ളത്. പക്ഷാഘാതം വരുന്നവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ട്രോക്ക് യൂണിറ്റ് സജ്ജമാക്കിയിരിക്കുന്നത്. വിശാലമായ കാത്തിരിപ്പു കേന്ദ്രത്തോടൊപ്പം നഴ്സിംഗ് സ്റ്റേഷന്, വര്‍ക്ക് സ്റ്റേഷന്, നവീകരിച്ച ശുചിമുറി എന്നിവയും അനുബന്ധമായി ഉണ്ട്.
സിവില്‍ വര്‍ക്കിനായി 46 ലക്ഷം രൂപ വിനിയോഗിച്ചു. 13 ലക്ഷം രൂപയുടെ സെന്‍ട്രലൈസ്ഡ് മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സിസ്റ്റം, 36 ലക്ഷം രൂപയുടെ ഉപകരണങ്ങളായ ഐസിയു കോട്ട്, മള്‍ട്ടി പാര മോണിറ്റര്‍, മൊബൈല്‍ എക്സ്റെ, ഇന്‍ഫ്യൂഷന്‍ പമ്പ്, എബിജി മെഷീന്, നോണ്‍ ഇന്‍വേസീവ് വെന്റിലേറ്റര്‍, വെന്റിലേറ്റഴ്സ്, ഡിഫിബ്രിലേറ്റര്‍, ഇസിജി മെഷീന് തുടങ്ങി അത്യാധുനിക സംവിധാനങ്ങളോടു കൂടിയ എല്ലാ സൗകര്യങ്ങളും ഫര്‍ണിച്ചറുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: