തിരുവനന്തപുരം: അരുന്ധതി റോയ്യുടെ ‘കം സെപ്തംബര്‍’ എന്ന കൃതി കോഴിക്കോട് സര്‍വകലാശാലയില്‍ ബിരുദവിദ്യാര്‍ത്ഥികളുടെ പാഠ്യവിഷയമാക്കിയത് അപലപനീയമാണെന്ന് ഭാരതീയ വിചാരകേന്ദ്രം. ആഗോള ഇസ്ലാമിക ഭീകരവാദത്തെ വെള്ളപൂശുകയും ന്യായീകരിക്കുകയും ചെയ്യുന്ന ലേഖനമാണത്. അതിനുവേണ്ടി ചരിത്രവസ്തുതകളെ വികലമാക്കുകയും ദുര്‍വ്യാഖ്യാനം ചെയ്യുകയുമാണ്, വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന് പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം രചനകള്‍ ഒരിക്കലും പൊതുവിദ്യാഭ്യാസ സംവിധാനത്തില്‍ പാഠപുസ്കത്തിന്റെ ഭാഗമാകാന്‍ യോഗ്യമല്ല. അധികൃതര്‍ അടിയന്തരമായി ഇടപെട്ട് വിവാദത്തിന് ഇടവരുത്തിയ ഭാഗം പിന്‍വലിക്കണമെന്നും ഭാരതീയ വിചാരകേന്ദ്രം ആവശ്യപ്പെട്ടു.
കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ഇസ്ലാമിക സമൂഹത്തില്‍ മാത്രമല്ല മാനവരാശിക്കാകെ തന്നെ ഭീഷണിയുയര്‍ത്തുന്ന രാഷ്ട്രീയ പ്രവണതയാണ് ഇസ്ലാമിക ഭീകരവാദം. അതിനെ ന്യായീകരിക്കാനുള്ള ശ്രമം ആപല്‍ക്കരമാണ്. അരുന്ധതിറോയ് എഴുത്തുകാരി മാത്രമല്ല. ദേശവിരുദ്ധതയും അരാജകത്വവും പ്രോത്സാഹിപ്പിക്കുന്ന തീവ്രരാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കുന്ന വ്യക്തികൂടിയാണ്. ഇത്തരം വികലവും വിഭാഗീയവുമായ കാഴ്ചപ്പാടുകള്‍ പുസ്തകം എന്ന നിലയില്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് പഠിപ്പിക്കാനുള്ള ശ്രമം ഒട്ടും ന്യായീകരിക്കത്തക്കതല്ല.
ഭീകരവാദികളോട് അരുന്ധതിക്കുള്ള മമത സുവിദിതമാണ്. ഈവിധ പ്രവര്‍ത്തനങ്ങള്‍ അവര്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുകയുമാണ്. ഇക്കാര്യത്തില്‍ എന്തെങ്കിലും സംശയമുള്ളവര്ക്കുവേണ്ടി നിര്‍ദ്ദിഷ്ട പാഠപുസ്കത്തിന്റെ സമ്പാദകര്‍ തന്നെ അരുന്ധതിയുടെ അത്തരം പ്രവര്‍ത്തനങ്ങളുടെ ഉദാഹരണം ഒരു യോഗ്യതയായി ലേഖനത്തിന്റെ ആമുഖത്തില്‍ എടുത്തുപറയുന്നുമുണ്ട്. അതില്‍നിന്ന് സമ്പാദകരുടെ മനോഗതിയും വെളിപ്പെടുന്നുണ്ട്, സഞ്ജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: