മൂന്നാര്‍: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി മൂന്നാറില്‍ ജാഗ്രത ശക്തമാക്കി. രോഗ വ്യാപനം കുറക്കുന്നതിനായി മൂന്നാറില്‍ ആന്റിജന്‍ പരിശോധനയും ആരംഭിച്ചു. ആന്റിജന്‍ പരിശോധനയുടെ ഉദ്ഘാടനം എസ് രാജേന്ദ്രന് എംഎല്‍എ നിര്‍വ്വഹിച്ചു.
മൂന്നാറില്‍ കൂടുതല്‍ ജനങ്ങള്‍ വന്നുപോകുന്നതിനാലാണ് അടിയന്തരമായി ആന്റിജന്‍ പരിശോധന ആരംഭിച്ചത്. എംഎല്‍എയും ആന്റിജന്‍ പരിശോധനക്ക് വിധേയനായി. മൂന്നാറില്‍ രോഗികളുടെ എണ്ണമേറി വരുന്ന സ്ഥിതി കണക്കിലെടുത്ത് ഏതെങ്കിലും സാഹചര്യത്തില്‍ സാമൂഹ്യവ്യാപനം സംഭവിച്ചിട്ടുണ്ടോയെന്നറിയാനും ആന്റിജന്‍ പരിശോധനയിലൂടെ സാധിക്കും. മൂന്നാര്‍ ടൗണിലേക്ക് അലക്ഷ്യമായി എത്തുന്നവരേയും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരേയും ആദ്യഘട്ടത്തില്‍ ആന്റിജന്‍ പരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം.
ആന്റിജന്‍ പരിശോധന ആരംഭിച്ചതിനൊപ്പം മൂന്നാറിലെ വ്യാപാരികള്‍ക്ക് ഉദ്യോഗസ്ഥര്‍ ബോധവത്ക്കരണവും നല്കി. കൊറോണ മാനദണ്ഡങ്ങളും മുന്ക്കരുതലുകളുമില്ലാതെ പ്രവര്‍ത്തിക്കരുതെന്നും സാനിറ്റൈസര്‍ നിര്‍ബന്ധമായും കടകളില്‍ സജ്ജമാക്കണമെന്നും ഉദ്യോഗസ്ഥര്‍ വ്യാപാരികളോട് ആവശ്യപ്പെട്ടു. ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്, മുന്‍ എംഎല്‍എ എ.കെ. മണി, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. കറുപ്പ് സ്വാമി, പഞ്ചായത്ത് സെക്രട്ടറി എം. അജിത്ത് കുമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: