തൃശൂര്‍: ഗുരുവായൂര്‍ നഗരസഭയുടെ മൗനാനുവാദത്തോടെ ഗുരുവായൂരില്‍ അനധികൃത കൊറോണ നിരീക്ഷണകേന്ദ്രങ്ങള്‍ സജീവമാകുന്നു. കൊറോണ പ്രോട്ടോക്കോള്‍ ലംഘിച്ച് ചില ലോഡ്ജുകള്‍ പണം വാങ്ങി നിരീക്ഷണത്തില്‍ താമസിക്കാന്‍ അനുവദിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തോട് ചേര്‍ന്നുനില്‍ക്കുന്ന തെക്കുകിഴക്കേ ഭാഗത്തെ ഒരു സ്വകാര്യ ലോഡ്ജ് അനുമതിയില്ലാതെ വ്യക്തികള്‍ക്ക് ക്വാറന്റീന് അവസരമൊരുക്കുന്നതായി പരാതി ഉയര്‍ന്നു.
ചുറ്റുമതില്‍ പോലുമില്ലാത്ത ഈ ലോഡ്ജിന് സമീപം ആളുകള്‍ താമസിക്കുന്ന വീടുകളും, ഫ്ളാറ്റുകളുമാണുള്ളത്. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ബി.ജെ.പി അംഗം ശോഭാ ഹരിനാരായണന് ഈ വിഷയം ഗൗരവതരമായി ഉന്നയിച്ചിരുന്നു. എന്നാല്‍ അത് നഗരസഭയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്സണ്‍ കൗണ്‍സില്‍ യോഗത്തെ അറിയിച്ചത് പാഴ്വാക്കായി.
ജനവാസ മേഖലയില്‍ അല്ലാത്തെ നിരവധി ലോഡ്ജുകള്‍ ഗുരുവായൂരില്‍ ഉള്ളപ്പോഴാണ് ഇത്തരം സംഭവം അരങ്ങേറുന്നത്. സമൂഹവ്യാപനം രൂക്ഷമാകുന്നുവെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പിനെ കാറ്റില്‍പ്പറത്തി, അന്യ സംസ്ഥാനത്തു നിന്നും എത്തിയവര്‍ക്കാണ് ക്വാറന്റീനില്‍ കഴിയാന്‍ സൗകര്യമൊരുക്കികൊടുത്ത് ഗുരുവായൂര്‍ നഗരസഭ സ്വകാര്യ ലോഡ്ജുടമകളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയവരാണ് ഇപ്പോള്‍ ഈ സ്വകാര്യ ലോഡ്ജില്‍ താമസക്കാരെന്നറിയുന്നു. സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ക്വാറന്റീന് സെന്ററുകളായ കെടിഡിസി നന്ദനം പോലുള്ള ലോഡ്ജുകള്‍ ഗുരുവായൂരിന്റെ ഉള്‍ഭാഗത്ത് സ്ഥിതിചെയ്യുമ്പോള്‍, അത്തരം ലോഡ്ജുകളില്‍ താമസസൗകര്യമൊരുക്കാതെ ജനസാന്ദ്രത കൂടുതലുള്ള ക്ഷേത്രപരിസരത്ത് താമസിക്കാന്‍ മൗനാനുവാദം നല്കിയ ഗുരുവായൂര്‍ നഗരസഭയ്ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
നിരീക്ഷണത്തില്‍ കഴിയാനായി ഈ സ്വകാര്യ ലോഡ്ജില്‍ എത്തിയ വടക്കേ ഇന്ത്യക്കാരായ അഞ്ചുപേര്‍, നിരീക്ഷണത്തില്‍ കഴിയുമ്പോഴും സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നതായും പരിസരവാസികള്‍ ആരോപിക്കുന്നു. ഇതിനിടെ ഈ ലോഡ്ജില്‍ നിരീക്ഷണത്തില്‍ കഴിയാനായി വീണ്ടും എത്തിയ മറ്റൊരുകൂട്ടര്‍ക്ക് പരിസരവാസികളുടെ എതിര്‍പ്പുമൂലം കഴിഞ്ഞദിവസം മടങ്ങിപ്പോകേണ്ടിവന്നു. ഇത്രയൊക്കെ കാര്യങ്ങള്‍ പകല്‍പോലെ തെളിഞ്ഞുനില്ക്കുമ്പോഴും, നഗരസഭ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.
കഴിഞ്ഞ ഒരാഴ്ച്ചയായിട്ടും ഈ അനധികൃത താമസത്തിനെതിരെ നഗരസഭ ചെറുവിരലനക്കാന്‍പോലും തയ്യാറാകാത്തതില്‍ ഗുരുവായൂര്‍ നിവാസികളും, ഭക്തജനങ്ങളും തികഞ്ഞ ആശങ്കയിലാണ്. ക്ഷേത്രനഗരിയില്‍ ദേവസ്വം ഗസ്റ്റ്ഹൗസ് നിരീക്ഷണകേന്ദ്രമാക്കിയ നടപടിക്കെതിരെ തുടക്കത്തില്‍ രൂക്ഷമായ വിമര്‍ശനവും, പ്രതിഷേധവും ഉയര്‍ന്നുവന്നിട്ടും അത് ചെവിക്കൊള്ളാതെ ക്ഷേത്രാങ്കണം തന്നെ ക്വാറന്റീന് കേന്ദ്രമാക്കിയതിലും വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ആധ്യാത്മികനഗരിയെ മഹാമാരിയില്‍ മുക്കിക്കൊല്ലാനാണ് ഇടതുപക്ഷം ഭരിയ്ക്കുന്ന ഗുരുവായൂര്‍ ദേവസ്വവും നഗരസഭയും ഇപ്പോള്‍ അരയും, തലയും മുറുക്കി രംഗത്തുള്ളത്. കൊറോണ മഹാമാരിയുടെ സമൂഹവ്യാപനം കൊടുമ്പിരികൊണ്ട തുടക്കത്തില്‍, യാതൊരുവിധ മുന്നൊരുക്കങ്ങളുമില്ലാതെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ നടത്താന്‍ ദേവസ്വം ഭരണസമിതിയും തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: