തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റേയും യു എ ഇ കോണ്സിലേറ്റിന്റേയും മാത്രമല്ല ഉയര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടേയും സഹായമുണ്ടായിരുന്നു.കള്ളക്കടത്തിന് കൈക്കൂലിമേടിച്ച് കണ്ണടച്ച കസ്റ്റംസുകാര്‍ ആരൊക്കെ എന്നതിനെക്കുറിച്ച് എന്‍ഐഎ യ്ക്ക് വ്യക്തമായ വിവരം ലഭിച്ചു. അനധികൃത സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ കസ്റ്റംസിലെ ഉദ്യോഗസ്ഥരുടെ പങ്കും വെളിപ്പെട്ടു. ലഭിച്ച വിവരങ്ങള്‍ സിബിഐയ്ക്ക് കൈമാറി വിശദമായ അന്വേഷണം നടത്തണമെന്ന് പ്രാഥമിക നിഗമനത്തിലാണ് എന്‍ഐഎ.
തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴി നടക്കുന്ന സ്വര്‍ണ്ണക്കടത്തില്‍ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം നേരത്തെയും പുറത്തു വന്നിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം വഴി 705 കിലോ സ്വര്‍ണ്ണം കടത്താന്‍ പ്രതികള്‍ക്ക് കൂട്ടുനിന്നതിന് കസ്റ്റംസ് സുപ്രണ്ട് ബി രാധാകൃഷ്ണനെ കഴിഞ്ഞ ഡിസംബറില്‍ അറസ്റ്റു ചെയ്തിരുന്നു.
1500 കോടിയുടെ നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി മാധവന്, അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ കുമാര്‍,കസ്റ്റംസ് പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാര്‍ എന്നിവരെ സിബിഐ അറസ്റ്റു ചെയ്യുകയും പിന്നീട് ഇവരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ ജോയിന്റ് ഡയറക്ടര്‍ തസ്തികയിലുള്ള വനിത ഉള്‍പ്പെടെയുള്ളവര്‍ കള്ളക്കടത്തുകാര്‍ക്ക് സഹായം ചെയ്തതിന് നേരത്തെ നിരീക്ഷണത്തിലായിട്ടുണ്ട്.
ഉദ്യോഗസ്ഥ ഏജന്റുമാര്‍ വഴി കമ്മീഷന് സംസാരിച്ചുറപ്പിച്ചതിനു ശേഷമാണ് സ്വര്‍ണ്ണമുള്‍പ്പെടെയുള്ള കള്ളക്കടത്തിന് ഒത്താശ ചെയ്യുന്നത്. ഡ്യൂട്ടിയിലുള്ള ഡപ്യൂട്ടി കമ്മീഷണര്‍മാരെയും ഇന്‍സ്പെക്ടര്‍മാരെയും ചൊല്പ്പടിക്കുനിര്ത്തിയാണ് കാര്യങ്ങള്‍ നടത്തുന്നത്. ഏജന്റുമാരെ ബന്ധപ്പെട്ട് കമ്മീഷന് എത്തിച്ചാല്‍ വിമാനത്താവളം വഴി എന്തും കടത്താമെന്ന അവസ്ഥ.
കാരിയര്‍മാര്‍ എത്തുന്ന വിവരം മുന്‍കൂട്ടി കസ്റ്റംസിലെ വേണ്ടപ്പെട്ടവര്‍ അറിഞ്ഞിരിക്കും. പലപ്പോഴും കണ്‍വെയര്‍ ബല്‍റ്റിലെ സ്കാനിംഗ് സംവിധാനവും എക്സ്റേ മെഷീനും ഇവര്‍ക്കു വേണ്ടി ഓഫ് ചെയ്യുകയോ താത്കാലികമായി പണിമുടക്കുകയോ ചെയ്യുന്നത് പതിവാണ്. കാരിയര്‍മാരെ ഈ വിവരം മുന്‍കൂട്ടി അറിയിക്കുകയും ഏതു വരിയിലൂടെ പുറത്തുകടക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതും ഉദ്യോഗസ്ഥരാണ്. സ്വര്‍ണ്ണവുമായി കാരിയര്‍മാര്‍ എത്തുന്ന സമയം കണക്കാക്കി ഡ്യൂട്ടി സമയം അഡ്ജസ്റ്റ് ചെയ്യുന്നവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: