കൊട്ടിയം: ബ്യൂട്ടീഷ്യന് ട്രെയിനറായ യുവതിയെ കാറില്‍ കയറ്റി പാലക്കാട് മണലിയിലെ വാടകവീട്ടില്‍ കൊണ്ടുപോയി ക്രൂരമായി കൊന്ന കേസില്‍ പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കരുനാഗപ്പള്ളി എസിപി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രതിയായ കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് തൊടുവയില്‍ വീട്ടില്‍ പ്രശാന്ത് (33) ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.
മുഖത്തല നടുവിലക്കര ശ്രീവിഹാറില്‍ റിട്ട. ബിഎസ്എന്‍എല്‍ എഞ്ചിനീയര്‍ ശിവദാസന്‍പിള്ളയുടെയും റിട്ട. ഹെഡ്മിസ്ട്രസ് വിജയലക്ഷമിയുടെയും ഏകമകളായ സുചിത്രപിള്ള(42)യെ കൊന്ന കേസിലാണ് പ്രത്യേക അന്വേഷണസംഘം കൊല്ലം മജിസ്ട്രേട്ട് അരുണ്‍കുമാര്‍ മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. ഏപ്രില്‍ 29നാണ് പ്രതിയെ പ്രത്യേക അന്വേഷണസംഘം പിടികൂടുന്നത്. കൊല്ലപ്പെട്ട സുചിത്രയുടെ കുടുംബസുഹൃത്തായ പ്രതി മാര്‍ച്ച് പതിനേഴിന് ബൈപ്പാസ് റോഡില്‍ കല്ലുംതാഴത്തുനിന്നുമാണ് സുചിത്രയെ കാറില്‍ കയറ്റി പാലക്കാട് മണലിയിലെ വാടകവീട്ടിലേക്ക് കൊണ്ടുപോയത്. ഇരുപതിന് രാത്രിയില്‍ കേബിള്‍ വയര്‍ കഴുത്തില്‍ ചുറ്റി സുചിത്രയെ കൊന്ന ശേഷം അടുത്ത ദിവസം പെട്രോള്‍ ഉപയോഗിച്ച് മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ കാല്‍മുട്ടുവരെയും പാദങ്ങളും മുറിച്ചു വേര്‍പെടുത്തിയ ശേഷം വീടിന് പുറകിലെ ചതുപ്പില്‍ കുഴിച്ചുമൂടുകയായിരുന്നു.
പിന്നീട് നടന്ന അന്വേഷണത്തില്‍ മൃതദേഹം പുറത്തെടുത്തു. സുചിത്രയുമായുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ് കൊലയ്ക്ക് കാരണമായത്. ബ്യൂട്ടീഷ്യന് ട്രെയിനിംഗിനായി എറണാകുളത്തേക്ക് പോയ മകളെ കാണാനില്ലെന്നു കാട്ടി പിതാവ് മാര്‍ച്ച് പതിനേഴിന് കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കാര്യമായ അന്വേഷണം നടക്കാതിരുന്നതിനെ തുടര്‍ന്ന് പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്കി. തുടര്‍ന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ ഇടപെട്ട് ഏപ്രില്‍ 27ന് കേസ് അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പ്പിച്ചത്. രണ്ടു ദിവസത്തിനകം പ്രതി പിടിയിലാകുകയും ചെയ്തു.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ഇതിനോടകം രണ്ടുതവണ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. കൊല്ലപ്പെട്ട സുചിത്രയുടെ കുടുംബത്തിന്റെ അഭ്യര്‍ഥന പ്രകാരം കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ. മോഹന്‍രാജിനെ നിയമിക്കാനാണ് സാധ്യത. അഡീഷണല്‍ എസ്പി ജോസി ചെറിയാന്, കരുനാഗപ്പള്ളി എസിപി ഗോപകുമാര്‍, എസ്ഐമാരായ അനില്‍കുമാര്‍, നിസാം, താഹാ, അമല്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: