കീടശല്യം അകറ്റാന്‍ കീടനാശിനി വേണ്ട. വിളകളുടെ വിളര്‍ച്ച മാറ്റാന്‍ രാസവളം വേണ്ട. കതിരുകള്‍ പതിരായി വീഴുന്നതൊഴിവാക്കാന്‍ കൃഷി വിദഗ്ദ്ധനെ വരുത്തുകയും വേണ്ട. എല്ലാറ്റിനും ഒരൊറ്റ വഴിയുണ്ട്. മണ്ണ് കലക്കിയടിച്ച തെളിവെള്ളം തളിക്കുക. കാരണം മണ്ണാണ് മരുന്ന്. മണ്ണാണ് വെള്ളം. മണ്ണാണ് പൊന്ന്. ചിന്താല വെങ്കിട്ട റെഡ്ഡി എന്ന കര്ഷകന് ഇത് പറയാന്‍ തുടങ്ങിയിട്ട് വര്‍ഷം 20 കഴിഞ്ഞു. തന്റെ 50 ഏക്കര്‍ കൃഷിയിടത്തിലും പിന്നെ, തന്നെ വിശ്വസിക്കുന്ന ആയിരക്കണക്കിനു കര്‍ഷകരുടെ പറമ്പുകളിലും റെഡ്ഡി ഇപ്രകാരം പൊന്നു വിളയിച്ച് തുടങ്ങിയിട്ടും രണ്ട് പതിറ്റാണ്ടായി.
ചിന്താല വെങ്കിട്ട റെഡ്ഡിയുടെ ഈ മണ്ണ് വിദ്യയ്ക്ക് ഇന്ന് അന്തര്‍ദ്ദേശീയ പേറ്റന്റുണ്ട്. ഒരു കര്ഷകന് സ്വന്തം പ്രയത്നംകൊണ്ട് നേടിയെടുക്കുന്ന ആദ്യത്തെ അന്തര്‍ദേശീയ പേറ്റന്റ്. ദേശീയ തലത്തിലുമുണ്ട് വെങ്കിട്ട റെഡ്ഡിക്ക് ഒരുപിടി പേറ്റന്റുകള്‍. പക്ഷേ തന്റെ പേറ്റന്റുകളൊന്നും ലാഭം കറന്നെടുക്കാനുള്ള എളുപ്പവഴികളല്ല, ഈ കര്ഷകന്. അവയുടെ പ്രയോജനം കര്‍ഷകര്‍ക്കു മുന്നില്‍ തുറന്നുവച്ചിരിക്കുകയാണദ്ദേഹം. രാജ്യത്തെ കാര്‍ഷിക സര്‍വകലാശാലകളില്‍ നിന്ന് മണ്ണിന്റെ ഈ മന്ത്രവിദ്യ അറിയാനായി എത്തുന്ന വിദഗ്ദ്ധര്‍ക്കു മുന്നിലും അദ്ദേഹത്തിന് രഹസ്യങ്ങളില്ല.
തെലങ്കാനയിലെ സെക്കന്തരാബാദില്‍ ആള്വാലി ഗ്രാമത്തിലാണ് വെങ്കിട്ട റെഡ്ഡിയുടെ കൃഷി പരീക്ഷണങ്ങള്‍ നടക്കുന്നത്. പക്ഷേ കണ്ടനപ്പള്ളിയിലെ മുന്തിരിത്തോട്ടത്തില്‍ വച്ചാണ് അദ്ദേഹത്തിന് ജ്ഞാനോദയം സംഭവിച്ചത്. അന്നൊരിക്കല്‍ വരള്‍ച്ചയകറ്റാന്‍ കുത്തിയ കിണറില്‍നിന്ന് കുതിച്ചൊഴുകിയ ജലം മുന്തിരിത്തോട്ടമാകെ നിറഞ്ഞ് കവിഞ്ഞു. പറമ്പ് നിറഞ്ഞ് വെള്ളമൊഴുകിയപ്പോള്‍ ആ കര്‍ഷകന്റെ മനസ്സു കുതിര്‍ന്നു. അടുത്ത വര്‍ഷം ഇരട്ടി വിളവ് ഉറപ്പ്. പക്ഷേ സംഭവിച്ചതോ. വിളവ് കുത്തനെ ഇടിഞ്ഞു. ചിന്തിച്ചപ്പോള്‍ അദ്ദേഹത്തിന് ഒരു കാര്യം മനസ്സിലായി. മേല്‍മണ്ണിലെ പോഷകങ്ങളെ മുഴുവന്‍ ഒഴുക്കുവെള്ളം കൊണ്ടുപോയിരിക്കുന്നു. മേല്‍മണ്ണ് സമ്പുഷ്ടമായാല്‍ മാത്രമേ വിളവ് വര്‍ധിക്കൂ. അതിന് കീടനാശിനികളും രാസവളങ്ങളും ഒരിക്കലും പരിഹാരമാകുന്നില്ല. അവ കൃഷിയിടത്തെ മാത്രമല്ല വിളകളെയും അവ ഭക്ഷിക്കുന്നവരെയും, ഒടുവില്‍ അന്തരീക്ഷത്തെത്തന്നെയും വിഷലിപ്തമാക്കുന്നു.
ഈ ചിന്തയാണ് കൃഷിയിടത്തിലെ മേല്മണ്ണിനു പകരം പോഷണം നിറഞ്ഞ മണ്ണ് ചേര്‍ക്കുന്ന ‘സോയില്‍ മാനേജ്മെന്റ്’ വിദ്യയ്ക്ക് രൂപം നല്കാന് അദ്ദേഹത്തെ സഹായിച്ചത്. കൃഷിയിടത്തില്‍ ആഴത്തിലെടുക്കുന്ന കുഴിയിലെ മണ്ണ് വേപ്പിന് പിണ്ണാക്കുമായി ചേര്‍ത്ത് മാസങ്ങളോളം ഇളക്കി വെയില് കൊള്ളിച്ചാണ് റെഡ്ഡി തന്റെ കൃഷിയിടത്തിനുള്ള മേല്‍മണ്ണ് തയ്യാറാക്കുന്നത്. അതിന് റെഡ്ഡി നല്കിയ പേര് ‘ഭൂമി സുപോഷണ്‍.’ വിള കുറയുന്ന സ്ഥലത്ത് മേല്‍മണ്ണ് നീക്കി സുപോഷണം നിറയ്ക്കുന്നതോടെ വിളകളുടെ വളര്‍ച്ച അദ്ഭുതാവഹമായിരുന്നു.
ഇതേ മണ്ണ് മിശ്രിതം കൃത്യമായ ഇടവേളകളില്‍ കലക്കിത്തളിക്കുകയെന്നതാണ് വെങ്കിട്ട റെഡ്ഡിയുടെ കൃഷി രീതി. ട്രാക്ടറില്‍ ഘടിപ്പിച്ച കൂറ്റന്‍ ടാങ്കറുകളില്‍ നിന്നാണ് ചെടികളിലേക്ക് വെള്ളം ചിതറിത്തെറിക്കുക. മിലിമുട്ട, ഏഫിഡുകള്‍, തണ്ടുതുരപ്പന്‍, ശല്ക്ക കീടങ്ങള്‍, വിട്ടിലുകള്‍ തുടങ്ങിയവയൊക്കെ മണ്ണ് വെള്ളം തളിച്ചാല്‍ ചത്തുമലയ്ക്കുതമത്രേ. കീടങ്ങള്‍ ചാവുക മാത്രമല്ല, വിളകളുടെ വലിപ്പവും തെളിച്ചവും കൂട്ടും. തൂക്കം വര്‍ധിക്കും. അതിന് തെളിവ് റെഡ്ഡിയുടെ തോട്ടത്തിലെ മുന്തിരിക്കുലകള്‍. ഹെക്ടറൊന്നിന് ആറ് ടണ്‍ വരെ നെല്ല് വിളയുന്ന നാട്ടില്‍ റെഡ്ഡിയുടെ വയലില്‍ വിളയുന്നത് പത്ത് ടണ്‍. ഹെക്ടറൊന്നിന് ശരാശരി മൂന്നു ടണ്‍ ഗോതമ്പ് വിളയുമ്പോള്‍ റെഡ്ഡിക്ക് ലഭിക്കുന്നത് ആറര ടണ്‍. ഏക്കറില്‍ 20-25 ടണ്‍ മുന്തിരി വിളയുന്ന നാട്ടില്‍ 30 ടണ്ണിനു മേലെയാണ് റെഡ്ഡിയുടെ തോട്ടത്തില്‍ ലഭിക്കുന്നത്.
കീടങ്ങളുടെ ആക്രമണത്തെക്കുറിച്ച് റെഡ്ഡിയുടെ നിരീക്ഷണം ഇങ്ങനെ: അവ സസ്യങ്ങളുടെ പൂവുംകായും ഇലയും തണ്ടുമൊക്കെ നശിപ്പിക്കും. പക്ഷേ വേരിനെ ആക്രമിക്കുക. അപൂര്‍വം കുട്ടികള്‍ മണ്ണ് വാരിത്തിന്നാറുണ്ട്. അവര്‍ക്ക് ഒന്നും സംഭവിക്കുന്നില്ല. മൃഗങ്ങള്‍ മണ്ണ് തിന്നുന്നു. ഒന്നും സംഭവിക്കില്ല. അതൊക്കെ വിസര്‍ജന വ്യവസ്ഥയിലൂടെ പുറത്തുപോവും. പുറത്തുനിന്ന് വരുന്ന പൊടിപടലങ്ങളെ തടയുന്നത് നമ്മുടെ ശ്വാസകോശങ്ങളല്ല. അവയെ സംസ്കരിച്ച് പുറത്താക്കുന്നത് ‘കരള്‍’ എന്ന മഹത്തായ അവയവമല്ലേ? പക്ഷേ കീടങ്ങള്‍ക്ക് കരള്‍ ഇല്ല. അതിനാല്‍ അവയുടെ ശരീരത്തിലേക്ക് ചാമ്പുന്ന മണ്ണ് അവയുടെ ദഹന വ്യവസ്ഥയെ തകര്‍ക്കും. അങ്ങനെ ശ്വാസംമുട്ടിച്ച് കൊല്ലും. ചെടികള്‍ മണ്ണിലെ പോഷണത്തെ ആഗിരണം ചെയ്യുന്നുമുണ്ട്.
വെങ്കിട്ട് റെഡ്ഡിക്ക് രണ്ടു ഡസന്‍ പശുക്കളുണ്ട്. അവയുടെ ശരീരത്തില്‍ പറ്റിപ്പിടിച്ച് ചോരയൂറ്റുന്ന കീടങ്ങളെ കൊല്ലാനും അദ്ദേഹം ഉപയോഗിക്കുന്നത് ‘സുപോഷണം’ തന്നെ. സുപോഷണ ചികിത്സയ്ക്കുശേഷം കുളിച്ചൊരുങ്ങുന്ന പശുക്കള്‍ വെയിലില്‍ തിളങ്ങുമത്രെ. നിലവില്‍ 35 കര്‍ഷക ഗ്രൂപ്പുകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്കുന്ന റെഡ്ഡി ‘സത്യം മുത്യം’ എന്ന പേരില്‍ ഒരു ജൈവ ഉല്‍പ്പന്നം പുറത്തിറക്കാനും ലക്ഷ്യമിടന്നു. തന്റെ പുതുമയേറിയ കൃഷിരീതികള്‍ക്ക് പല രാജ്യങ്ങളില്‍ നിന്നും റെഡ്ഡി പേറ്റന്റ് സമ്പാദിച്ചിട്ടുണ്ട്. നെല്ലിലും ഗോതമ്പിലും വിറ്റമിന്‍-ഡിയുടെ അംശം സന്നിവേശിപ്പിക്കുന്ന സാങ്കേതിക വിദ്യയ്ക്ക് പേറ്റന്റ് ലഭിക്കുന്നതിനായി ഇപ്പോള്‍ അപേക്ഷ നല്കിയിരിക്കുന്നു.
കാര്യവും കാല്പനികതയും നിറഞ്ഞതാണ് ചിന്താല വെങ്കിട്ട് റെഡ്ഡിയുടെ നിരീക്ഷണങ്ങള്‍. പുതുമഴ പെയ്യുമ്പോള്‍ മൂക്കിലേക്ക് ഇരച്ചുകയറുന്ന ഹൃദ്യമായ ഗന്ധത്തെക്കുറിച്ച് അദ്ദേഹം പറയുന്നു. മേല്‍ മണ്ണ് സൂര്യനില്‍നിന്നും അന്തരീക്ഷത്തില്‍നിന്നും സ്വീകരിച്ച ജീവകങ്ങള്‍ക്കും പോഷണങ്ങള്‍ക്കും പൂര്‍ണത കിട്ടുന്നത് ഈ പുതുമഴയിലാണ്. മണ്ണിലെ പോഷണ മിശ്രിതത്തിന്റെ അവസാനത്തെ ചേരുവയാണ് പുതുമഴയിലെത്തുന്ന വെള്ളത്തുള്ളികള്‍. ഈ മിശ്രണത്തിന്റെ ചാരുതയാണ് പുതുമഴയിലുയരുന്ന മണ്ണിന്റെ ആ ഗന്ധം; അഥവാ സുഗന്ധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: