തൃശൂര്‍: സുപ്രീം കോടതിയുടേയും ഹൈക്കോടതിയുടേയും ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും വിധികള്‍ കാറ്റില്‍ പറത്തി ഭാരതപുഴയുടെ ദേശമംഗലം, ചങ്ങണാംകുന്ന് കടവില്‍ നിന്നു മണല്‍ ഖനനം തുടങ്ങി. നദികളില്‍ നിന്നു മണല്‍ വാരുന്നതിന് വനം പരിസ്ഥിതി മന്ത്രാലത്തിന്റെയും അനുമതിയും സാന്റ് ഓഡിറ്റും നടത്തണമെന്ന 2012ലെ സുപ്രീം കോടതി ഉത്തരവു നിലനില്‍ക്കെയാണ് അതെല്ലാം മറികടന്ന് പാലക്കാട് മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്റെയും തൃശൂര്‍ ജില്ലാ ഭരണകൂടത്തിന്റേയും പിന്‍ബലത്തില്‍ ഭാരതപ്പുഴയില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ മണല്‍ ഖനനം ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ തൃത്താല പഞ്ചായത്തില്‍പ്പെട്ട വെള്ളിയാംകല്ല്, റെഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപത്തുനിന്ന് ഇതേ രീതിയില്‍ മണല്‍ എടുക്കാനുള്ള നീക്കം എംഎല്‍എയുടെ നേതൃത്വത്തില്‍ നാട്ടുകാരും തൊഴിലാളികളും ചേര്‍ന്ന് തടഞ്ഞിരുന്നു.
പുഴയിലേക്ക് വാഹനങ്ങള്‍ ഇറക്കി മണല്‍ ഖനനം നടത്താന്‍ പാടില്ലെന്നും പുഴയിലേയ്ക്കുള്ള കടവുകള്‍ ലോക്ക് ചെയ്ത് സംരക്ഷിക്കണമെന്നും നദീ സംരക്ഷണവുമായി ബന്ധപ്പെട്ട് കോടതിയുടേയും സര്‍ക്കാരിന്റെയും ഗ്രീന്‍ ട്രിബ്യൂണലിന്റെയും നിരവധി ഉത്തരവുകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അതൊന്നും പാലിക്കാതെ മണലെടുപ്പിന് അനുമതി നല്കാന് കളക്ടര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്ന് വ്യക്തമാക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകയും നാഷണല്‍ അലൈന്‍ പീപ്പിള്‍സ് മൂവ്മെന്റ് കേരള കോര്‍ഡിനേറ്ററുമായ പ്രൊഫ.കുസുമം ജോസഫ് ആവശ്യപ്പെട്ടു.
ദുരന്തനിവാരണ നിയമത്തിന്റെ മറവില്‍ പുഴയില്‍ അടിഞ്ഞുകൂടിയിട്ടുള്ള ചെളി നീക്കം ചെയ്യുവാന്‍ എന്ന വ്യാജേന പദ്ധതിയുടെ ബോര്‍ഡ് പോലും സ്ഥാപിക്കാതെ മണല്‍ കടത്താനുള്ള നീക്കം ദുരൂഹമാണെന്ന് പരിസ്ഥിതി-നദീസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. പുഴയുടെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന പുല്‍ക്കാടുകള്‍ നീക്കംചെയ്യാന്‍ ശ്രമിക്കാതെ ചെളിയുടെ പേരും പറഞ്ഞ് മണല്‍ കടത്താനുള്ള നീക്കം അനുവദിക്കാനാവില്ല. സംഭവവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഓഫീസുകളെ സമീപിച്ചാല്‍ കൊറോണയുടെ പേരും പറഞ്ഞ് വിവരങ്ങള്‍ നല്‍കാതെ ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞു മാറുകയാണെന്നും പരിസ്ഥിതി-നദീസംരക്ഷണ സമിതി പ്രവര്ത്തകന് കെ.കെ.ദേവദാസ് ചൂണ്ടിക്കാട്ടി. ഭാരതപുഴയില്‍ നിന്ന് അനധികൃതമായി മണലെടുക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് പരിസ്ഥിതി-നദീസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: