കാഞ്ഞങ്ങാട്: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട എക്സൈസ് ഓഫീസില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ജീവനക്കാര്‍ താമസിച്ചതായി ആരോപണം. എക്സൈസ് സര്‍ക്കിള്‍, റേഞ്ച്, ഇന്റലിജന്‍സ് എന്നീ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന നെല്ലിക്കാട്ടെ ഓഫീസാണ് അടച്ചിട്ടത്. ഈ ഓഫീസിലാണ് ജീവനക്കാര്‍ പ്രവേശിച്ചത്. സംഭവം വിവാദമായതോടെ തെറ്റ് മറികടക്കാന്‍ ജീവനക്കാര്‍ പാടുപെടുകയാണ്. ജീവനക്കാര്‍ ഓഫീസിനകത്ത് താമസിക്കുന്ന കാര്യം ഉറപ്പാക്കാന്‍ ഓഫീസിലെ ലാന്റ് ഫോണിലേക്ക് ചിലര്‍ വിളിച്ചപ്പോള്‍ ജീവനക്കാരന് ഫോണെടുത്തിരുന്നു. അണുവിമുക്തമാക്കുവാന്‍ ആളുകള്‍ വരുമെന്നറിയിച്ചതിനെത്തുടര്ന്നാണ് തുറന്നതെന്നാണ് പറഞ്ഞത്. അതേ സമയം ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ നിര്‍ദേശത്തുടര്‍ന്നാണ് താമസിച്ചതെന്നും വിവരമുണ്ട്.
അണുവിമുക്തമാക്കിയതിനു ശേഷമാണ് അകത്ത് കയറിയതെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ ഉച്ചവരെ ഓഫീസ് അണുവിമുക്തമാക്കിയിരുന്നില്ലെന്ന് അധികൃതര്‍ തന്നെ പറയുന്നുണ്ട്. അതേസമയം ഓഫീസ് അണുവിമുക്തമാക്കാന്‍ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥന് നഗരസഭയ്ക്കും ഫയര്‍ഫോഴ്സിനും കത്ത് നല്‍കിയിരുന്നു. ഫയര്‍ഫോഴ്സിസിന്റെ അണുവിമുക്തമാക്കുന്ന ഉപകരണം തകരാറിലാണ്. നഗരസഭയുടെ തീരുമാനം ഇന്നലെ ഉച്ചവരെയും ഉണ്ടായിട്ടില്ല. ഇതോടെ ഓഫീസ് അണുവിമുക്തമാക്കാതെയാണ് ജീവനക്കാര്‍ അകത്തു കടന്നതെന്ന് ഉറപ്പായി. കരിവേടകം സ്വദേശിയായ സിവില്‍ എക്സൈസ് ഓഫീസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഫീസ് അടച്ചിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: