ആലപ്പുഴ: വീടുകളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടും ആശുപത്രികളിലേക്ക് കൊണ്ടുപോകാന്‍ കാലതാമസം വരുന്നു. ആംബുസന്സുകളുടെ അപര്യാപ്തതയും, ആശുപത്രികളിലെ സൗകര്യക്കുറവുമാണ് കാരണം. പല സ്ഥലങ്ങളിലും ഒരു ദിവസം വരെ വൈകിയാണ് രോഗബാധിതരെ ആശുപത്രികളിലേക്ക് മാറ്റുന്നത്. ചങ്ങനാശേരി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് സമ്പര്‍ക്കം പുലര്‍ത്തിയ കാവാലം നാലാം വാര്‍ഡ് സ്വദേശിയേയും അമ്മയേയും ആശുപത്രിയിലേക്ക് മാറ്റാന്‍ ഏറെ വൈകിയത് ആരോഗ്യ സംവിധാനങ്ങളുടെ പോരായ്മ തുറന്നുകാട്ടി.
ക്വാറന്റൈനില്‍ കഴിഞ്ഞ 21 പേരുടെ ആന്റിജന്‍ ടെസ്റ്റ് വെള്ളിയാഴ്ച നടത്തിയപ്പോഴാണ് ഇരുവരും കോവിഡ് ബാധിതരാണെന്ന് കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് അധികൃതരേയും മറ്റും പലതവണ പ്രദേശവാസികളും, ജനപ്രതിനിധികളും ബന്ധപ്പെട്ടെങ്കിലും ശനിയാഴ്ച ഉച്ചയ്ക്കാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂരില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒരു വീട്ടിലെ നാല് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടും ആശുപത്രിയിലേക്കു മാറ്റാന്നതില് ആരോഗ്യ വകുപ്പ് വീഴ്ച കാട്ടി. മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം നടന്ന കൊറോണ റാപ്പിഡ് ടെസ്റ്റില്‍ 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഏറെ വിവാദമായതോടെയാണ് വൈകി ഇവരെയെല്ലാം ആശുപത്രികളിലേക്ക് മാറ്റിയത്.
കൊല്ലത്ത് 21 ആംബുലന്‍സ്
കൊല്ലം ജില്ലയില്‍ വിശ്രമമില്ലാതെ ആംബുലന്‍സുകള്‍ പരക്കം പായുകയാണ്. 21 ആംബുലന്‍സുകളാണ് ആരോഗ്യ വകുപ്പിനുള്ളത്. രണ്ട് ഷിഫ്റ്റുകളായി ഓരോ ഡ്രൈവര്‍മാരും ഓരോ നഴ്സുമാരും. ഇവര്‍ പത്തു ദിവസം വരെ തുടര്‍ച്ചയായി ജോലി ചെയ്ത് 14 ദിവസം ക്വാറന്റൈനും പൂര്‍ത്തിയാക്കിയാണ് വീടുകളിലേക്ക് പോകുന്നത്.
പാലക്കാട്ട് 28 ആംബുലന്‍സുകള്‍ മാത്രം
പാലക്കാട് ജില്ലയിലുള്ള 108 ആംബുലന്‍സുകള്‍, 28. ജീവനക്കാര്‍ 94. ദിവസം മുഴുവന്‍ ജോലി ചെയ്യേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍. പട്ടാമ്പി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിക്ക് കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലൂടെ വിവിധ ദിവസങ്ങളിലായി താലൂക്കിലെ ഇരുന്നൂറോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഒരു മിനിറ്റു പോലും നില്ക്കാന് സമയമില്ലാതെയാണ് ഒറ്റപ്പാലത്തു നിന്നും, മണ്ണാര്‍ക്കാടും നിന്നുള്ള 108 ആംബുലന്‍സുകള്‍ ഓടിയത്. നഴ്സുമാരുടെ എണ്ണം കുറവായതിനാല്‍ ഡ്രൈവര്‍മാര്‍ തനിച്ചാണ് രോഗികളെ കൊണ്ടുവരാന്‍ പോകുന്നത്.
പത്തനംതിട്ടയില്‍ ഓട്ടോകളും
പത്തനംതിട്ട ജില്ലയില്‍ 23 ആംബുലന്‍സുകളുണ്ട്. ഇതിനു പുറമേ സ്വകാര്യആശുപത്രികളുടേയും മറ്റുമായി പത്തോളം ആംബുലന്‍സുകള്‍ ഏറ്റെടുത്തിട്ടുമുണ്ട്. കണ്ടൈന്‍മെന്റ് സോണുകള്‍ വര്‍ദ്ധിക്കുകയും രോഗപരിശോധന വ്യാപിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇപ്പോഴുള്ള ആംബുലന്‍സുകള്‍ പോര. പന്ത്രണ്ടിലേറെ ഓട്ടോടാക്സികളും കണ്ടെത്തിയിട്ടുണ്ട്. പരിശോധനയ്ക്കായി ആളുകളുടെ സാമ്പിളുകള്‍ എടുക്കാന്‍ ഇവ ഉപയോഗിക്കുന്നു.
പത്തനംതിട്ട, തിരുവല്ല, അടൂര്‍ എന്നീ മുനിസിപ്പാലിറ്റികള്‍ മൊത്തം കണ്ടൈന്‍മെന്റ് സോണുകളാണ്. ഇതിനുപുറമേ പതിനെട്ടോളം പഞ്ചായത്തുകളിലായി 22 വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണുകളാണ്. ഇവിടെയെല്ലാം ഓടിയെത്താന്‍ നിലവിലെ സൗകര്യങ്ങള്‍ മതിയാകുന്നില്ല.
കോഴിക്കോട്ട് പോലീസിന് ഒരു ആംബുലന്‍സ്
കോഴിക്കോട് നഗരത്തില്‍ പോലീസിന് ആകെയുള്ളത് ഒരു ആംബുലന്‍സ് മാത്രം. ആവശ്യത്തിന് പിപിഇ കിറ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ നിലവിലുള്ള ഒരു ആംബുലന്‍സ് പോലും ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. 108 ആംബുലന്‍സുകള്‍ കൊറോണ രോഗികള്‍ക്ക് മാത്രമായി മാറ്റിവച്ചതിനാല്‍ അവയുടെ സേവനവും പോലീസിന് ലഭിക്കുന്നില്ല. അടിയന്തര സാഹചര്യങ്ങളില്‍ പോലും സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കരുതെന്നാണ് പോലീസിനുള്ള നിര്‍ദ്ദേശം. സന്നദ്ധസംഘടനകളുടെ ആംബുലന്‍സിനെ ആശ്രയിക്കുക മാത്രമാണ് ഏക പോംവഴി. കോഴിക്കോട് നഗരത്തില്‍ പാളയം ബസ് സ്റ്റാന്‍ഡിന് സമീപം ജൂലൈ അഞ്ചിന് കുഴഞ്ഞുവീണ യാത്രക്കാരനെ അരമണിക്കൂറോളം കഴിഞ്ഞാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആംബുലന്‍സ് എത്താന്‍ വൈകിയതാണ് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: