”നിങ്ങള്‍ക്ക് കഴിയുമെങ്കില്‍, നിങ്ങളുടെ നാളെക്കായി ഇന്ത്യന്‍ സൈന്യം എവിടെയാണ് പോരാടിയതെന്ന് ദയവായി കാണുക”, 2 രാജ്പുത്താന റൈഫിള്‍സിലെ ലെഫ്റ്റനന്റ് വിജയന്ത് ഥാപ്പര്‍, തന്റെ പിതാവിന് അവസാന കത്തില്‍ എഴുതിയതാണിത്. ഇത് ടോലോലിങ്ങ് മലമുകളിലെ ഉയരങ്ങളെ തിരിച്ചുപിടിക്കാന്‍ അന്തിമ ആക്രമണത്തിന് പോകുന്നതിനു തൊട്ടുമുമ്പായിരുന്നു. ഈ ഓപ്പറേഷനില്‍ മാത്രം ലെഫ്റ്റനന്റ് വിജയന്ത് ഥാപ്പര്‍ ഉള്‍പ്പെടെ മൂന്ന് ഓഫീസര്‍മാരും, രണ്ട് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരും 18 സൈനികരും വീരമൃത്യു വരിച്ചു.
ഇന്ന് മിക്കവര്‍ക്കും പേരുകള്‍ പോലും ഓര്‍മ്മയില്ലാത്ത ചില ഒറ്റപ്പെട്ട മലകള്‍ തിരിച്ചു പിടിക്കാന്‍, എങ്ങനെ ഭാരതസൈനികര്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചു? എവിടെയാണ് ഈ സ്ഥലം? 17,000 അടിക്ക് മുകളിലുള്ള ഉയരത്തില്‍, എല്ലാ രാത്രിയും മഞ്ഞുവീഴുകയും കൊടും തണുപ്പില്‍ ആയുധങ്ങള്‍ പോലും മരവിച്ച് പോകുന്ന സ്ഥലമാണിത്. ഇവിടെ നടന്ന പോരാട്ടത്തില്‍, കുറച്ച് നിമിഷങ്ങളോ മീറ്ററോ മാത്രമാണ് ജീവിതത്തെയും മരണത്തെയും വേര്‍തിരിക്കുന്നത്. അതിനാല്‍, ആത്യന്തിക ത്യാഗം നല്‍കേണ്ടിവരുമെന്ന് നന്നായി അറിഞ്ഞിരുന്നെങ്കിലും, നമ്മുടെ വീര സൈനികര്‍ മാതൃരാജ്യത്തിന്റെ ഓരോ ഇഞ്ചിനുംവേണ്ടി പോരാടിക്കൊണ്ടിരുന്നു. എത്രയെത്ര ഉദാഹരണങ്ങള്‍! 13 ജമ്മു കശ്മീര്‍ റൈഫിള്‍സിലെ യുവ റൈഫിള്‍മാന്‍ സഞ്ജയ് കുമാറിന്റെ ധൈര്യം അസാധാരണമായിരുന്നു. മഷ്‌കോ സെക്ടറിലെ ‘ഫ്‌ലാറ്റ് ടോപ്പ്’ പിടിച്ചെടുക്കുന്നതിനുള്ള തന്റെ പ്ലാറ്റൂണിലെ മുന്‍നിര അംഗമാകാന്‍ (സ്‌കൗട്ട്) അദ്ദേഹം സന്നദ്ധനായി. സഞ്ജയ്‌ക്കും സംഘത്തിനും ശത്രു ബങ്കറുകളും മെഷീന്‍ ഗണ്‍ പോസ്റ്റുകളും തിരിച്ചറിഞ്ഞ് അവയെ നിര്‍വീര്യമാക്കേണ്ടിയിരുന്നു. ഒരു ശത്രു മെഷീന്‍ ഗണ്‍ പോസ്റ്റ്, ബാക്കിയുള്ള ഇന്ത്യന്‍ സൈനികരെ മുന്നോട്ട് പോകാന്‍ അനുവദിക്കാത്തതിനാല്‍, അത് തകര്‍ക്കാന്‍ റൈഫിള്‍മാന്‍ സഞ്ജയ് മുന്നോട്ട് പോകാന്‍ സന്നദ്ധനായി. ഇരുവശത്തും കുത്തനെയുള്ള പാറക്കൂട്ടങ്ങളുള്ള ഇടുങ്ങിയ വഴിയിലൂടെ അദ്ദേഹം ഇഴഞ്ഞു മുന്നോട്ടു നീങ്ങി. മുന്നോട്ടുള്ള പ്രയാണത്തില്‍ രണ്ടു വെടിയുണ്ടകള്‍ ആണ് അദ്ദേഹത്തിനേറ്റത്. പക്ഷേ ധീരനായ ആ സൈനികന്‍ മെഷീന്‍ ഗണിന്റെ സ്ഥാനത്ത് എത്തി, രണ്ട് പാക് സൈനികരെ വധിച്ചു. എന്നിട്ട് അദ്ദേഹം ഇതേ മെഷീന്‍ ഗണ്‍ എടുത്തു, അടുത്ത ബങ്കറില്‍ പോയി, മൂന്ന് പാക് സൈനികരെക്കൂടെ വധിച്ചു. ധീരനായ ആ റൈഫിള്‍മാന് രാജ്യത്തെ പരമോന്നത ധീര പുരസ്‌കാരം, ‘പരം വീര്‍ ചക്ര’നേരിട്ട് സ്വീകരിക്കാന്‍ ഭാഗ്യമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സ്വന്തം ബറ്റാലിയനിലെ മറ്റൊരു ‘പരം വീര്‍ ചക്ര’ ജേതാവ്, ധീരനായ ക്യാപ്റ്റന്‍ വിക്രം ബാത്രയ്‌ക്ക് ആ സൗഭാഗ്യം കിട്ടിയില്ല.
ഈ മഞ്ഞുമലകളില്‍ പോരാടുമ്പോള്‍ സൈനികര്‍ അവരുടേതായ ഒരു അടിസ്ഥാന ആവശ്യങ്ങള്‍ പോലും ഉന്നയിക്കാറില്ല. ഒരു പരാതിയോ പരിഭവമോ ഇല്ലാതെ അവര്‍ യുദ്ധം ചെയ്തു. ബറ്റാലിക് സെക്ടറില്‍, പോയിന്റ് 5203 പിടിച്ചെടുക്കാന്‍ ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി, ലഡാക്ക് സ്‌കൗട്ട്‌സ് എന്നിവരെ ചുമതലപ്പെടുത്തി. പാകിസ്ഥാന്‍ സൈനികര്‍ക്ക് ചലനങ്ങള്‍ എളുപ്പത്തില്‍ നിരീക്ഷിക്കാനായതിനാല്‍ പതിനഞ്ച് ഇന്ത്യന്‍ സൈനികര്‍ മാത്രമുള്ള ചെറിയ ടീമുകളായി മുന്നേറുകയായിരുന്നു. അതിനാല്‍, ആക്രമണത്തിന്റെ തയ്യാറെടുപ്പിന് വേണ്ടി ഏകദേശം പത്ത് ദിവസമെടുത്തു. ആക്രമണത്തിന് മുന്നോടിയായി ഈ സൈനികര്‍ പകല്‍ പാറകള്‍ക്കടിയില്‍ ഉറങ്ങുകയും രാത്രിയില്‍ പതുക്കെ മലകയറുകയും ചെയ്തു. ഈ കാലയളവില്‍ അവര്‍ വെറും ശര്‍ക്കരയും കടലയും മാത്രമേ കഴിച്ചുള്ളൂ. മലമുകള്‍ പിടിച്ചെടുത്തതിനു ശേഷം മാത്രമാണ് അവര്‍ പൂരിയും ഉരുളക്കിഴങ്ങും കഴിച്ചത്, അതും നാലു ദിവസം പഴക്കമുള്ളതായിരുന്നു. താപനില മൈനസ് അഞ്ചിലും താഴെയായി കുറയുമ്പോള്‍ പൂരി പാറയേക്കാള്‍ കഠിനമാകും. പലതവണ അവര്‍ക്ക് മഞ്ഞ് ഉരുകിയ വെള്ളം കുടിക്കേണ്ടി വന്നു. ഇത് ശുദ്ധമായിരുന്നില്ല. മണ്ണെണ്ണയുടെയും, മരിച്ച സൈനികരുടെ രക്തത്തിന്റേയും ഗന്ധമുള്ള വെള്ളമായിരുന്നു. മാതൃരാജ്യത്തിനുവേണ്ടി പോരാടിയ സൈനികര്‍ കടന്നുപോന്ന അവസ്ഥകളായിരുന്നു ഇതെല്ലാം.
സൈനികരുടെ ഈ ധൈര്യവും ത്യാഗബോധവും എവിടെ നിന്ന് വരുന്നൂ? അത് അവരുടെ സ്വന്തം രാജ്യത്തോടുള്ള അഗാധമായ സ്‌നേഹത്തില്‍ നിന്നും, അവരുടെ ബറ്റാലിയനോടുള്ള കൂറില്‍ നിന്നുമാണ്. സൈനികരെ സംബന്ധിച്ചിടത്തോളം എന്തു വിലകൊടുത്തും മാതൃരാജ്യത്തെ സംരക്ഷിക്കുക എന്നത് അവരുടെ ധര്‍മ്മമാണ്, അവരുടെ മതമാണ്, അവരുടെ ജീവിതമാണ്. രാജ്യം ഇന്ന് മറ്റൊരു കാര്‍ഗില്‍ ദിനം ആഘോഷിക്കുന്നു. ധീരന്മാരായ 524 രക്തസാക്ഷികള്‍ക്ക് ഓരോ വര്‍ഷവും രാജ്യം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഇന്ന് ഭാരതത്തിലെ ഓരോ പൗരനും ധീരരായ സൈനികരെയും അവരുടെ ത്യാഗത്തെയും അനുസ്മരിക്കുമ്പോള്‍, സൈനികരുടെ ത്യാഗത്തിന് യോഗ്യനായ ഒരു പൗരനായിരിക്കുന്നതിലൂടെ തങ്ങളുടെ ഏറ്റവും വലിയ പ്രണാമം അര്‍പ്പിക്കാന്‍ കഴിയും. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ വില, രക്തസാക്ഷികള്‍ അവരുടെ സ്വന്തം ജീവിതത്തിലൂടെ നല്‍കി കഴിഞ്ഞിട്ടുണ്ട്.
ഇന്ന് തങ്ങളുടെ ”ഭരണഘടനാ അവകാശങ്ങളെക്കുറിച്ച്” സംസാരിക്കുന്നത് ഒരു ഹരമായി മാറുമ്പോള്‍, പൗരന്മാരായ നമുക്ക് ചില ”ഭരണഘടനാ കടമകള്‍” ഉണ്ടെന്ന കാര്യവും നാം ഓര്‍ക്കണം. നാം എല്ലായ്‌പ്പോഴും അത് ഓര്‍ക്കുന്നുവെങ്കില്‍, രക്തസാക്ഷികളുടെ ത്യാഗങ്ങള്‍ ഒരിക്കലും പാഴാകില്ല!
പ്രതികരിക്കാൻ ഇവിടെ എഴുതുക: