കോഴിക്കോട്: ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് പ്രതിരോധ ത്തിനായി തയ്യാറാക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിനും സഹായവുമായി ടിബിഎസ് ചാരിറ്റബിള്‍ ട്രസ്റ്റ്. ജില്ലയിലെ തന്നെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായ ചാലപ്പുറം ഗവ. ഗണപത് ഗേള്‍സില്‍ ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസമനുഭവിക്കുന്ന ആറ് കുട്ടികള്‍ക്ക് ടിബിഎസ് ചാരിറ്റബിള്‍ ട്രസ്റ്റ് മൊബൈല്‍ ഫോണ്‍ നല്കി.
ഗണപത് ഗേള്‍സിലെ അധ്യാപകര്‍ ടിബിഎസ് ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസില്‍ എത്തി മൊബൈല്‍ ഏറ്റുവാങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുകയായിരുന്നു. കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് നടത്തിയ ചടങ്ങില്‍ ടൂറിംഗ് ബുക്ക് സ്റ്റാള്‍ ഡയറക്ടര്‍ എന്‍.ഇ. മനോഹര്‍, ഹെഡ്മിസ്ട്രസ് ടി.എന്‍. സുജയക്ക് ഫോണുകള്‍ കൈമാറി. എസ്എംസി ചെയര്മാന് സിറാജുദ്ദീന്, സ്റ്റാഫ് സെക്രട്ടറി വിനോദ്കുമാര്‍, സീനിയര്‍ അധ്യാപകന് എന്‍. ബഷീര്‍, വി.പി. ശിഹാബുദ്ദീന്, ഷീന എന്നിവര്‍ പങ്കെടുത്തു.
കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ സജ്ജമാക്കുന്നതിനായി ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവുവിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഒരു ലക്ഷത്തി അയ്യായിരത്തി എണ്ണൂറ്റിപതിനാല് രൂപയുടെ സാധനസാമഗ്രികള്‍ ടിബിഎസ് ചാരിറ്റബിള്‍ ട്രസ്റ്റ് സംഭാവന നല്കി. നൂറു കിടക്ക, നൂറു തലയിണ, നൂറു കിടക്കവിരി, നൂറു തലയിണ ഉറ, നൂറു ടവ്വല്‍, നൂറു ഡസ്റ്റ്ബിന്‍ എന്നിവയാണ് നല്‍കിയത്. കോഴിക്കോട് കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ടൂറിംഗ് ബുക്ക് സ്റ്റാള്‍ ഡയറക്ടര്‍, എ. പ്രദീപ്കുമാര്‍ എംഎല്‍എക്ക് സാധനങ്ങള്‍ കൈമാറി. ജില്ലാ കലക്ടര്‍ എസ്. സാംബശിവറാവു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബുപറശ്ശേരി, എഡിഎം രോഷ്നി നാരായണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: