തിരുവനന്തപുരം: കൊറോണ നിയന്ത്രണങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ വ്യാപാര സ്ഥാപനങ്ങളായ രാമചന്ദ്രന് ഹൈപ്പര്‍ മാര്‍ക്കറ്റും പോത്തീസും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അണിയറയില്‍ നീക്കം ആരംഭിച്ചു. നഗരത്തിലെ പ്രധാന വ്യാപാരസ്ഥാപനങ്ങളായ രാമചന്ദ്രന്, പോത്തീസ് എന്നീ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനാണ് അണിയറയില്‍ നീക്കങ്ങള്‍ നടക്കുന്നത്. ലോക്ഡൗണ്‍ കഴിയുന്നതോടെ ഈ രണ്ടു സ്ഥാപനങ്ങളും തുറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കേണ്ടത് നഗരസഭാസെക്രട്ടറിയാണ്. എന്നാല്‍ ഹെല്‍ത്ത് സൂപ്പര്‍വൈസറെ കൊണ്ട് നോട്ടീസ് നല്‍കുക മാത്രമാണ് ചെയ്തത്.
തലസ്ഥാന നഗരത്തിലെ കൊറോണ വ്യാപനം സങ്കീര്‍ണമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഈ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ നഗരസഭ തയാറായിട്ടില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്. നഗരസഭാ സെക്രട്ടറി നേരിട്ട് നടപടികള്‍ സ്വീകരിക്കുന്നതിന് പകരം ഹെല്‍ത്ത് സൂപ്പര്‍വൈസറെ കൊണ്ട് നോട്ടീസ് നല്‍കുക മാത്രം ചെയ്തത് സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. രോഗവ്യാപനമുണ്ടായ സാഹചര്യത്തില്‍ എപ്പിഡെമിക് ഡിസീസ് പ്രിവന്റീവ് ആക്ട് 2020 പ്രകാരം പുതിയ കേസെടുക്കാനും തയാറാകാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് നടത്തിയിരിക്കുന്നത്.
കൊറോണ പ്രോട്ടോക്കോളും നിയന്ത്രണങ്ങളും ലംഘിച്ചതിനെ തുടര്‍ന്നാണ് ഈ രണ്ട് വ്യാപാരസ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ നഗരസഭ നോട്ടീസ് നല്‍കിയത്. നഗരസഭയും ആരോഗ്യവകുപ്പും നല്കിയ മുന്നറിയിപ്പുകള്‍ പാലിക്കാതെ തുറന്ന് പ്രവര്‍ത്തിപ്പിച്ചത് നഗരത്തില്‍ കൊറോണ വ്യാപനത്തിന് കാരണമായി. രാമചന്ദ്രനിലെ 78 ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതിനെത്തുടര്‍ന്ന് സ്ഥാപനത്തില്‍ വന്ന ആയിരങ്ങള്‍ക്ക് രോഗഭീതിയുണ്ടായി. ഇതിനെ തുടര്‍ന്നാണ് നഗരസഭ ഈ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചതും ഇവയുടെ ലൈസന്‍സ് റദ്ദാക്കുന്നതായി പ്രഖ്യാപിച്ചതും. നഗരത്തിലെ രോഗവ്യാപനം ഇത്രയും രൂക്ഷമാക്കിയത് ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
നഗരത്തിലെ ലോക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ സ്ഥാപനങ്ങള്‍ കൊറോണ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിനെക്കുറിച്ച് മാധ്യമങ്ങള്‍ പല തവണ ചൂണ്ടിക്കാണിച്ചിരുന്നു. രാമചന്ദ്രനില്‍ ഒരുമാസം മുമ്പ് ലോക്ഡൗണ്‍ കാലത്ത് അനധികൃതമായി തൊഴിലാളികളെ കടത്തിക്കൊണ്ടുവന്നത് വിവാദമായിരുന്നു. ഇവരെ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ പാര്‍പ്പിക്കുന്നതിനെതിരെ നാട്ടുകാരടക്കം രംഗത്തുവന്നിട്ടും നഗരസഭയും പോലീസും കണ്ടഭാവം നടിച്ചിരുന്നില്ല.
തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും ആരോഗ്യസുരക്ഷയ്ക്ക് ഒരു വിലയും നല്കാതെയുള്ള ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനെതിരെ ബിഎംഎസ് പോലുള്ള തൊഴിലാളി സംഘടനകള്‍ സമരപരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇത്രയും പ്രതിഷേധമുയര്‍ന്നിട്ടും ഈ സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചതിന് അധികാരികളുടെ മൗനാനുവാദമുണ്ടായിരുന്നു. ഒടുവില്‍ ഇവിടങ്ങളിലെ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ രോഗം പകര്‍ന്നപ്പോള്‍ മുഖം രക്ഷിക്കാനാണ് ലൈസന്‍സ് റദ്ദാക്കല്‍ പ്രഖ്യാപനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: