തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ഓഫീസ് നഗരത്തിലെ തിരക്കേറിയ മണക്കാട് തന്നെ നിലനിര്‍ത്താന്‍ ചിലര്‍ക്ക് താത്പര്യം. സര്‍ക്കാര്‍ വേറെ ഭൂമി കൊടുക്കാമെന്ന് പറഞ്ഞിട്ടും കോണ്‍സുലേറ്റ് ഓഫീസ് മണക്കാട്ടെ വാടക കെട്ടിടത്തില്‍ നിന്ന് മാറ്റാതിരിക്കുന്നത് കോണ്‍സുലേറ്റിലെ ചില താല്‍ക്കാലിക ഉദ്യോഗസ്ഥരുടെയും കോണ്‍സുലേറ്റില്‍ സര്‍വ്വ സ്വാതന്ത്ര്യത്തോടെ വിഹരിക്കുന്ന തീവ്രവാദ ബന്ധമുള്ള ചിലരുടെയും താത്പര്യപ്രകാരമെന്നാണ് ആരോപണമുയരുന്നത്. കോണ്‍സുലേറ്റ് മാറ്റിയാല്‍ ഇവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള സംഘടനകളുടെ സ്വാധീനം കുറയുമോയെന്ന ഭയമാണിവര്‍ക്ക്.
തിരുവനന്തപുരത്ത് കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ച ശേഷം 2017ല്‍ തന്നെ യുഎഇ അധികൃതര്‍ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. കവടിയാറില്‍ 70 സെന്റ് സ്ഥലം റവന്യു വകുപ്പ് അനുവദിച്ചു. 90 വര്‍ഷത്തേക്ക് പാട്ടത്തിനായിരുന്നു സ്ഥലം അനുവദിച്ചത്. കോണ്‍സുലേറ്റ് കെട്ടിടവും താമസിക്കാനുള്ള വീടുകള്‍ നിര്‍മ്മിക്കാനും അനുമതി നല്കി. എന്നാല്‍ ഏറ്റവും കണ്ണായ സ്ഥലത്ത് വിശാലമായ ഭൂമി അനുവദിച്ചിട്ടും അത് ഏറ്റെടുക്കാനോ അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ കോണ്‍സുലേറ്റ് അധികൃതര്‍ താത്പര്യമെടുത്തില്ല. വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും പതിനഞ്ച് കോടിയോളം രൂപ വിലയുള്ള ഭൂമി ഒന്നും ചെയ്യാതിട്ടിരിക്കുന്നു. കോണ്‍സുലേറ്റ് ഓഫീസ് മണക്കാട് നിന്നു മാറ്റാതിരിക്കാന്‍ കോണ്‍സുലേറ്റിലെ തന്നെ ജീവനക്കാരുടെ ഓത്താശയോടെ പുറത്തുള്ള ട്രാവല്‍ ഏജന്റുമാരും എസ്ഡിപിഐയും ചരടുവലിക്കുകയാണ്.
കോണ്‍സുലേറ്റിനു പുറത്ത് പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്റുമാര്‍ വിവിധ ആവശ്യങ്ങള്‍ക്കായി കോണ്സുലേറ്റിലെത്തുന്ന ആളുകളെ പിഴിയുന്നു. കേവലം 500 രൂപയ്ക്കു മാത്രം സര്‍ക്കാര്‍ സംവിധാനത്തില്‍ കോണ്‍സുലേറ്റില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റിന് 5000 രൂപ മുതല്‍ ഏജന്‍സികള്‍ വാങ്ങിയിരുന്നു. കോണ്‍സുലേറ്റിലെ ചില താല്‍ക്കാലിക ഉദ്യോഗസ്ഥര്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുവേണ്ടി ഉദ്യോഗാര്‍ഥികളെ സ്വകാര്യ ഏജന്‍സിയിലേക്കയച്ചിരുന്നു. സ്വര്ണക്കള്ളക്കടത്തുകേസില് എന്‍ഐഎ പിടിയിലായ സ്വപ്ന സുരേഷ് കോണ്‍സുലേറ്റില്‍ പ്രവര്‍ത്തിക്കുമ്പോഴായിരുന്നു ഇതെല്ലാം. ആ സമയത്താണ് എസ്ഡിപിഐ നേതാക്കള്‍ അവിടെ സ്വാതന്ത്ര്യത്തോടെ കയറിയിറങ്ങാന്‍ തുടങ്ങിയത്. കോണ്‍സുലേറ്റില്‍ എന്തു നടക്കണമെന്ന് തീരുമാനിച്ചിരുന്നത് ട്രാവല്‍ ഏജന്‍സികളായി മണക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന തീവ്രവാദ സംഘടനകളുടെ ആളുകളാണ്. ഈ ഏജന്‍സികള്‍ക്ക് പലതിനും അംഗീകാരം പോലുമുണ്ടായിരുന്നില്ല. കോണ്‍സുലേറ്റ് ജീവനക്കാര്‍ക്ക് തീവ്രവാദ സംഘടനകളുമായുള്ള ബന്ധം പുറത്തായതോടെ അതു സംബന്ധിച്ചും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.
കവടിയാറില്‍ റവന്യൂ വകുപ്പ് കോണ്‍സുലേറ്റിനായി അനുവദിച്ച സ്ഥലമേറ്റെടുത്ത് നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഭാഗത്തു നിന്നും മെല്ലെപ്പോക്കാണ്. ഇതു സംബന്ധിച്ച ഫയല്‍ പരമാവധി താമസിപ്പിക്കുകയെന്നതാണ് സര്‍ക്കാര്‍ വകുപ്പുകള്‍ സ്വീകരിക്കുന്ന നയം. കോണ്‍സുലേറ്റിലെ ചില ഉദ്യോഗസ്ഥരുടെ താത്പര്യപ്രകാരമാണിത്. നഗരത്തില്‍ കൂടുതല്‍ സൗകര്യമുള്ള കെട്ടിടങ്ങളുണ്ടായിട്ടും മണക്കാട്ടെ തിരക്കേറിയ സ്ഥലത്ത് പാര്‍ക്കിങ്ങിന് പോലും സൗകര്യമില്ലാതെ കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുന്നത് നാട്ടുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: